Skip to main content
വാർത്തകൾ

ബോർഡ്-കോർപ്പറേഷൻ നിയമന ചർച്ചയിൽ എ ഗ്രൂപ്പിന് അതൃപ്തി; മുതിർന്ന നേതാക്കളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം

congress

ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ മൂന്ന് നേതാക്കളിൽ മാത്രമായി ഒതുക്കുന്നതിനെതിരെ കോൺഗ്രസിലെ എ ഗ്രൂപ്പ്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി അധ്യക്ഷൻ എന്നിവർ മാത്രം ചർച്ച നടത്തുന്നതിലാണ് ഗ്രൂപ്പിന്റെ പ്രതിഷേധം. വിഷയം കെപിസിസി അധ്യക്ഷനെ നേരിട്ട് കണ്ട് നേതാക്കൾ അറിയിച്ചതായാണ് വിവരം.

ബുധനാഴ്ച ചേർന്ന എ ഗ്രൂപ്പ് നേതാക്കളുടെ അനൗപചാരിക യോഗത്തിന് ശേഷമാണ് പ്രതിഷേധം അറിയിച്ചത്. മുതിർന്ന നേതാക്കളുമായി കൂടി ചർച്ച നടത്തിയ ശേഷമേ നിയമനങ്ങളിൽ തീരുമാനമെടുക്കാവൂ എന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ എന്നിവരെ ചർച്ചകളിൽ ഉൾപ്പെടുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.

ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ചുള്ള വീതംവയ്പ്പിൽ യുഡിഎഫിനുള്ളിലും ഇതുവരെ ധാരണയായിട്ടില്ല. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും അർഹമായ രീതിയിൽ പരിഗണിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം. മന്ത്രിമാരും എംഎൽഎമാരുമായി പ്രവർത്തിച്ചവർക്ക് സ്ഥാനങ്ങൾ ലഭിച്ചപ്പോൾ മറ്റുള്ളവരെ അവഗണിച്ചെന്ന വിമർശനവും പാർട്ടിക്കുള്ളിലുണ്ട്.

ഭരണത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ തീരുമാനമാകാത്തതിൽ നേരത്തെയും കോൺഗ്രസിനുള്ളിൽ അതൃപ്തി ഉയർന്നിരുന്നു. നിയമന ചർച്ചകളിൽ കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തണമെന്ന എ ഗ്രൂപ്പിന്റെ പുതിയ ആവശ്യം പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.