ആർഎസ്എസിന് മതനിരപേക്ഷതയോട് പുച്ഛം; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി പിണറായി വിജയൻ
ആർഎസ്എസിന് മതനിരപേക്ഷതയോട് പുച്ഛമാണെന്നും ഭരണഘടനയെ ബഹുമാനിക്കാത്തവരാണ് രാജ്യം ഭരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റാനാണ് ആർഎസ്എസ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. കോഴിക്കോട് ചാലിയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ സാഹചര്യത്തിൽ സിപിഐഎം കൂടുതൽ ശക്തി പ്രാപിക്കേണ്ടത് അനിവാര്യമാണെന്ന് പിണറായി പറഞ്ഞു. കേന്ദ്രസർക്കാർ നടത്തുന്ന ജനദ്രോഹ നടപടികളെ ചോദ്യം ചെയ്യാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്നും സമീപകാല സംഭവവികാസങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ പ്രത്യേക ദിശയിലേക്ക് നയിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവകാശമാണുള്ളതെന്നും സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും പിണറായി ചൂണ്ടിക്കാട്ടി. എന്നാൽ ഭരണഘടനയെ ബഹുമാനിക്കാത്തവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്നും മതനിരപേക്ഷതയോട് അവർക്ക് താൽപര്യമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മതാധിഷ്ഠിത രാഷ്ട്രം ആഗ്രഹിക്കുന്നവരാണ് ആർഎസ്എസെന്നും 12 വർഷമായി ബിജെപി തുടർച്ചയായി അധികാരത്തിലിരിക്കുന്നുവെന്നും പിണറായി പറഞ്ഞു. മതനിരപേക്ഷതയെ കപട മതനിരപേക്ഷതയെന്ന് വിശേഷിപ്പിക്കുന്ന ബിജെപി നിലപാട് ഈ വിഷയത്തോടുള്ള അവരുടെ പുച്ഛമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വം ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ലെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള നീക്കത്തെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ശക്തമായി എതിർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.