കാലടിയിലെ വിദ്യാർഥി സമരത്തിന് പിന്തുണയുമായി പിണറായി വിജയൻ ; വി.സിക്കെതിരെ വിമർശനം
കാലടിയിൽ സമരം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമരപ്പന്തലിലെത്തി. പി. രാജീവ്, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി.എസ് എന്നിവരും അദ്ദേഹത്തോടൊപ്പം സമരപ്പന്തലിലെത്തി. നാടാകെ സമരം ചെയ്യുന്ന വിദ്യാർഥികൾക്കൊപ്പമാണ് തങ്ങളെന്നും കാലടിയിൽ നടന്നത് മനുഷ്യത്വവിരുദ്ധമായ നടപടികളാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തെറ്റുകൾക്കെതിരെ വിദ്യാർഥികൾ രംഗത്തുവരുമ്പോൾ അവരെ അടിച്ചമർത്താനുള്ള സംവിധാനങ്ങളാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അതിന്റെ സംരക്ഷണത്തിനായാണ് വിദ്യാർഥികൾ പോരാട്ടത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഹുങ്കോടെ പ്രവർത്തിച്ചിരുന്ന കേന്ദ്ര സർക്കാരിന് വിദ്യാർഥി പ്രക്ഷോഭത്തിന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നുവെന്നും കൂട്ടിച്ചേർത്തു.
കാലടിയിൽ ദുരുദ്ദേശ്യപരമായ നടപടികളാണ് നടക്കുന്നതെന്നും എസ്.എഫ്.ഐക്കെതിരെ പ്രതികാര മനോഭാവത്തോടെയാണ് അധികൃതർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വൈസ് ചാൻസലർ ആർ.എസ്.എസിന്റെ ഇഷ്ടതോഴനെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.