മോദിയോട് ചോദ്യങ്ങൾ ചോദിച്ചു; നോർവീജിയൻ മാധ്യമപ്രവർത്തകയ്ക്ക് ഇന്ത്യയിൽ പ്രവേശനവിലക്ക്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ നേരിട്ട് ചോദ്യങ്ങൾ ഉന്നയിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ്ങിന് ഇന്ത്യ പ്രവേശനാനുമതി നിഷേധിച്ചതായി ആരോപണം. സാധുവായ വിസ ഉണ്ടായിരുന്നിട്ടും ഹൈദരാബാദിൽ നടക്കുന്ന ഭാരത് സമ്മിറ്റിൽ പങ്കെടുക്കാനായി യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് വിസ റദ്ദാക്കിയ വിവരം ഇന്ത്യൻ എംബസി അറിയിച്ചെന്നാണ് ലിങ്ങിന്റെ വെളിപ്പെടുത്തൽ.
ഓസ്ലോ ആസ്ഥാനമായുള്ള 'ഡാഗ്സാവിസെൻ' ദിനപത്രത്തിലെ മാധ്യമപ്രവർത്തകയാണ് ഹെല്ലെ ലിംഗ്. വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പാണ് എംബസിയിൽനിന്ന് ഫോൺ ലഭിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉന്നതതല ഉത്തരവിനെ തുടർന്നാണ് നടപടിയെന്നും അവർ ആരോപിച്ചു. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞ ലിംഗ്, ഭാരത് സമ്മിറ്റിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് അഭ്യർഥിച്ചു.
നവംബർ 14ന് മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യവും ചർച്ച ചെയ്യുന്ന സെഷനിലാണ് അവർ പങ്കെടുക്കേണ്ടിയിരുന്നത്. കഴിഞ്ഞ മെയ് മാസത്തിൽ നോർവേ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയോട് മാധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് ലിംഗ് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഇതാണ് പ്രവേശനവിലക്കിന് പിന്നിലെന്നാണ് അവരുടെ ആരോപണം. സംഭവത്തിൽ ഇന്ത്യൻ എംബസിയോ വിദേശകാര്യ മന്ത്രാലയമോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.