ഹൈദരാബാദ് സർവകലാശാല അധ്യാപകനെതിരെ ജാതി, വംശീയ അധിക്ഷേപ ആരോപണം; നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ
ഹൈദരാബാദ് സർവകലാശാലയിലെ അധ്യാപകൻ മുൻ വിദ്യാർത്ഥിക്കെതിരെ ജാതീയവും വംശീയവുമായ അധിക്ഷേപം നടത്തിയെന്ന ആരോപണവുമായി സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ). സർവകലാശാലയിലെ ചരിത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വിജയ രാമദാസ് മണ്ഡലയ്ക്കെതിരെയാണ് ആരോപണം. സംഭവത്തിൽ എസ്.എഫ്.ഐയുടെ യു.കെ, ഹൈദരാബാദ് യൂണിറ്റുകൾ പ്രതിഷേധം രേഖപ്പെടുത്തി.
മുൻ വിദ്യാർത്ഥിക്ക് അധ്യാപകൻ അയച്ചതായി പറയപ്പെടുന്ന ഇമെയിലിലെ പരാമർശങ്ങളാണ് വിവാദത്തിന് കാരണം. ഉന്നതപഠനത്തിനായി യു.കെയിലെത്തുന്ന പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്കാരവും അന്തസ്സുമില്ലെന്ന് അധ്യാപകൻ അധിക്ഷേപിച്ചതായി എസ്.എഫ്.ഐ യു.കെ ആരോപിച്ചു. ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി അക്കാദമിക് സഹായം നൽകില്ലെന്നും അധ്യാപകൻ പറഞ്ഞതായി സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
സർവകലാശാല അധികൃതർ വിശദീകരണം തേടിയപ്പോൾ വൈകാരികമായി നടത്തിയ പ്രതികരണമെന്നു പറഞ്ഞ് അധ്യാപകൻ ആരോപണങ്ങളെ നിസ്സാരവൽക്കരിച്ചെന്നും എസ്.എഫ്.ഐ ആരോപിച്ചു. നേരത്തെ ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്ന അധ്യാപകനുമായി നിലപാടുകളിൽ വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ് അധിക്ഷേപം തുടങ്ങിയതെന്നും സംഘടന വ്യക്തമാക്കി.
ഗവേഷണം, പ്രസിദ്ധീകരണം, ശുപാർശക്കത്തുകൾ എന്നിവയ്ക്കായി വിദ്യാർത്ഥികൾ മുതിർന്ന അധ്യാപകരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ചിലർ സമ്മർദത്തിനും നിയന്ത്രണത്തിനും ഉപയോഗിക്കുന്നുണ്ടെന്നും എസ്.എഫ്.ഐ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും യു.കെയിലെയും സർവകലാശാലകളിൽ ദലിത്, ആദിവാസി, ബഹുജൻ വിദ്യാർത്ഥികൾ ജാതിവിവേചനവും അവഗണനയും നേരിടുന്നുണ്ടെന്നും സംഘടന ആരോപിച്ചു.
സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തി കണ്ടെത്തലുകൾ പുറത്തുവിടണമെന്നും ഡോ. മണ്ഡലയെ സർവകലാശാലയിലെ എല്ലാ പദവികളിൽനിന്നും നീക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അധ്യാപകനുമായുള്ള സഹകരണം അവസാനിപ്പിക്കാൻ യു.കെയിലെ അക്കാദമിക് സമൂഹത്തോടും അദ്ദേഹവുമായുള്ള കരാറുകൾ പുനഃപരിശോധിക്കാൻ പ്രസാധകരോടും സംഘടന അഭ്യർഥിച്ചു.