Skip to main content
വാർത്തകൾ

കാലടി സർവകലാശാല വി.സിക്കെതിരെ പി. ജയരാജൻ; ഡിവിഷൻ ബെഞ്ചിനെ സമീപിച്ച നടപടി കേട്ടുകേൾവിയില്ലാത്തതെന്ന് വിമർശനം

p jayarajan

വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വൈസ് ചാൻസലർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരപ്പന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലയിൽ അസാധാരണ സാഹചര്യമാണുള്ളതെന്നും അപ്പീലിൽ വ്യാജമായ കാരണങ്ങളാണ് ഉന്നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാർഥികൾക്ക് 85 ശതമാനത്തിലധികം ഹാജരുണ്ടായിരുന്നിട്ടും ഈ വിവരം മറച്ചുവെച്ചാണ് വൈസ് ചാൻസലർ കോടതിയെ സമീപിച്ചതെന്ന് പി. ജയരാജൻ പറഞ്ഞു. ഹൈക്കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച വി.സി അങ്ങേയറ്റം മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. ഈ നടപടികൾക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് കൂട്ടുനിൽക്കുകയാണെന്നും സർവകലാശാലകളെ കാവിവത്കരിക്കാൻ സംഘപരിവാർ നീക്കം നടത്തുകയാണെന്നും ആരോപിച്ചു.

ആർഎസ്എസിന്റെ നിർദേശപ്രകാരമാണ് വൈസ് ചാൻസലർ പ്രവർത്തിക്കുന്നതെന്നും ജനങ്ങളുടെ നികുതിപ്പണമാണ് സർവകലാശാലയിലെ ജീവനക്കാർക്ക് ശമ്പളമായി നൽകുന്നതെന്ന് അദ്ദേഹം ഓർക്കണമെന്നും പി. ജയരാജൻ പറഞ്ഞു. ആർഎസ്എസ് അല്ല ശമ്പളം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് ചാൻസലറുടെ പെരുമാറ്റത്തെ വിമർശിച്ച അദ്ദേഹം, പദവിയോട് നീതി പുലർത്താത്ത വ്യക്തിയാണ് വി.സിയെന്നും ആരോപിച്ചു.