Skip to main content
വാർത്തകൾ

അധ്യാപക നിയമന പ്രതിസന്ധി: കണക്കുകൾ പരസ്യപ്പെടുത്തണമെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ്

valarmati

അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ്. അനുപാതം കുറയ്ക്കുന്നത് എങ്ങനെയാണ് സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് സമരസമിതി നേതാവ് വളർമതി ആവശ്യപ്പെട്ടു. ഒരേ മറുപടി ആവർത്തിക്കുന്നതിന് പകരം വിഷയത്തിൽ വ്യക്തത വരുത്തണമെന്നും അവർ പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഉദ്യോഗാർഥികൾ 122 ദിവസമായി സമരം തുടരുകയാണ്. സമരത്തിന്റെ ഭാഗമായി തല മുണ്ഡനം ചെയ്യേണ്ട സാഹചര്യം പോലും ഉണ്ടായെന്ന് വളർമതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയുടെ നിസ്സഹായാവസ്ഥ സർക്കാർ മനസിലാക്കണം. കുട്ടികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് എണ്ണൂറോളം അധ്യാപകർ പുറത്തുപോയെന്നാണ് നിയമസഭയിൽ നൽകിയ കണക്കുകളിലുള്ളതെന്നും അവർ പറഞ്ഞു.

വിഷയം പഠിക്കാൻ സർക്കാർ 45 ദിവസം സമയം ആവശ്യപ്പെട്ടിരുന്നെങ്കിലും പഠനം നടത്തിയത് ആരാണെന്നോ ഏത് കമ്മീഷനാണ് പരിശോധിച്ചതെന്നോ വ്യക്തമല്ലെന്ന് വളർമതി ആരോപിച്ചു. പഠനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ രേഖകൾ പുറത്തുവിടണം. അധ്യാപക വിദ്യാർഥി അനുപാതം കുറയ്ക്കുന്നതിലൂടെ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയുടെ കണക്കുകളും പരസ്യപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ഒരു പെൺകുട്ടി തല മുണ്ഡനം ചെയ്തപ്പോൾ കണ്ണുനിറഞ്ഞുവെന്ന് പറഞ്ഞ സർക്കാരാണ് തനിക്കെതിരെ മൂന്ന് കേസുകൾ എടുത്തതെന്നും വളർമതി വിമർശിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. സമരക്കാർ മരിച്ചാലും സാമ്പത്തിക ബാധ്യതയെന്ന മറുപടിയായിരിക്കും മുഖ്യമന്ത്രി നൽകുകയെന്ന് പരിഹസിച്ച വളർമതി, ഉത്തരവാദിത്തമില്ലാത്ത മറുപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.