ക്ഷേമപദ്ധതികൾക്ക് വോട്ടർ ഐഡി നിർബന്ധമാക്കാനുള്ള നീക്കത്തിനെതിരെ സിപിഐഎം
ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ആധാർക്ക് പകരം വോട്ടർ ഐഡി (ഇപിഐസി) നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോ. തീരുമാനം ഗ്രാമീണ ദരിദ്രരെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളിൽനിന്ന് കൂടുതൽ അകറ്റുമെന്ന് ചൂണ്ടിക്കാട്ടിയ പാർട്ടി, നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ബയോമെട്രിക് പരിശോധനയിലെ പിഴവുകൾ കാരണം കർഷകത്തൊഴിലാളികൾക്കും വയോധികർക്കും നേരത്തെ തന്നെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് സിപിഐഎം പ്രസ്താവനയിൽ പറഞ്ഞു. വിരലടയാളവും ഐറിസ് പരിശോധനയും പരാജയപ്പെടുന്നതും ഇ-കെവൈസിക്ക് സ്മാർട്ട്ഫോൺ ആവശ്യമായതും ഗ്രാമീണരെ പ്രതിസന്ധിയിലാക്കുന്നു. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലൂടെ (എസ്ഐആർ) 13.4 കോടി വോട്ടർമാരെ പുറത്താക്കിയെന്ന ആരോപണവും പാർട്ടി ഉന്നയിച്ചു.
എസ്ഐആർ വഴി പേരുകൾ നീക്കം ചെയ്തതിന്റെ പേരിൽ റേഷൻ ഉൾപ്പെടെയുള്ള ക്ഷേമാനുകൂല്യങ്ങൾ നിഷേധിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും സിപിഐഎം ആരോപിച്ചു. സാങ്കേതിക സംവിധാനങ്ങളെയോ ലഭ്യമല്ലാത്ത രേഖകളെയോ ആനുകൂല്യങ്ങളുടെ മാനദണ്ഡമാക്കാതെ എല്ലാവർക്കും ക്ഷേമപദ്ധതികൾ ഉറപ്പാക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.