‘മോദിയെയും മന്നിനെയും പുറത്താക്കുക’; പഞ്ചാബിൽ തൊഴിലാളികളുടെ ശക്തിപ്രകടനം
തൊഴിൽ, വേതനം, ക്ഷേമം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിൽ ആയിരക്കണക്കിന് തൊഴിലാളികൾ പ്രതിഷേധിച്ചു. സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി നവംബർ മൂന്നിന് ധുരിയിലെ ധാന്യച്ചന്തയിൽ നടന്ന സംഗമത്തിൽ ‘മോദിയെയും മന്നിനെയും പുറത്താക്കുക’ എന്ന മുദ്രാവാക്യമുയർന്നു. തുടർന്ന് പ്രകടനമായി നീങ്ങിയ തൊഴിലാളികൾ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ ഓഫീസ് ഉപരോധിച്ചു.
എംജിഎൻആർഇജിഎ തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, നിർമാണത്തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്ത സമരത്തിൽ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, പ്രതിമാസ മിനിമം വേതനം 42,000 രൂപയാക്കുക, പദ്ധതി തൊഴിലാളികളെ മിനിമം വേതനത്തിന്റെ പരിധിയിൽ കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. നാല് തൊഴിൽ കോഡുകൾ പിൻവലിക്കുക, കരാർ തൊഴിൽ സമ്പ്രദായം അവസാനിപ്പിക്കുക, നിർമാണത്തൊഴിലാളികളുടെ ക്ഷേമാനുകൂല്യങ്ങൾ വിതരണം ചെയ്യുക, വാർധക്യകാല പെൻഷൻ 21,000 രൂപയായി ഉയർത്തുക എന്നിവയും ആവശ്യപ്പെട്ടു.
എഎപി സർക്കാർ അധികാരത്തിലെത്തുമ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് സിഐടിയു നേതാക്കൾ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ 2027ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും എഎപി സ്ഥാനാർഥികൾക്കെതിരെ പ്രചാരണം നടത്തുമെന്നും മുന്നറിയിപ്പ് നൽകി. മയക്കുമരുന്നിനെതിരായ മാൻസ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയും പ്രതിഷേധം സമാപിച്ചു.
സമരത്തിനുശേഷം ധുരി തഹസിൽദാറും ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസും (ഡിഎസ്പി) സിഐടിയു നേതാക്കളുമായി ചർച്ച നടത്തി. നവംബർ 19ന് സർക്കാർ സമിതിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി.