ബോർഡ് കോർപറേഷൻ പദവികൾക്കായി കോൺഗ്രസിലും ലീഗിലും തർക്കം രൂക്ഷം; കൂടുതൽ സ്ഥാനങ്ങൾ ആവശ്യപ്പെട്ട് മുസ്ലിം ലീഗ്
ബോർഡ്, കോർപറേഷൻ പദവികൾ വീതംവയ്ക്കുന്നതിനെച്ചൊല്ലി കോൺഗ്രസിലും മുസ്ലിം ലീഗിലും തർക്കം രൂക്ഷമാകുന്നു. കൂടുതൽ പദവികൾ വേണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് രംഗത്തെത്തിയതോടെ കോൺഗ്രസിനുള്ളിൽ അതൃപ്തി ശക്തമായതായാണ് റിപ്പോർട്ടുകൾ. ലീഗിന്റെ ആവശ്യങ്ങൾക്ക് വഴങ്ങുന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വിയോജിപ്പുണ്ടെന്നും സൂചനയുണ്ട്.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ, ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ, ടൈറ്റാനിയം ചെയർമാൻ തുടങ്ങിയ പദവികളാണ് ലീഗ് ആവശ്യപ്പെട്ടിട്ടുള്ളതെന്നാണ് വിവരം. ഇതിന് പുറമെ പിഎസ്സി അംഗത്വം, വനിതാ കമ്മീഷൻ അംഗത്വം, വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ സ്ഥാനം എന്നിവയും ലീഗ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മുസ്ലിം ലീഗ് മുതലെടുക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, ലീഗിനോട് മുഖ്യമന്ത്രി അമിത താൽപ്പര്യം കാണിക്കുന്നുവെന്ന ആരോപണവും കോൺഗ്രസിനുള്ളിൽ ശക്തമാണ്.
സർക്കാർ അധികാരത്തിലെത്തി അഞ്ച് മാസം പിന്നിട്ടിട്ടും ബോർഡ്, കോർപറേഷൻ പദവികളിൽ തീരുമാനമെടുക്കാൻ കോൺഗ്രസിന് കഴിയാത്തത് ആഭ്യന്തര തർക്കം രൂക്ഷമായതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പദവികൾ സംബന്ധിച്ച് നേതാക്കൾക്കിടയിൽ വിവിധ തട്ടുകളിലായി അഭിപ്രായവ്യത്യാസങ്ങളുണ്ട്. മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. വിവിധ ഗ്രൂപ്പുകളിലെ പ്രമുഖ നേതാക്കളെ ഒഴിവാക്കാനുള്ള നീക്കത്തിലും പാർട്ടിക്കുള്ളിൽ നീരസം ശക്തമാണ്.
പരസ്പരമുള്ള തർക്കങ്ങൾ കാരണം വിഷയത്തിൽ ഫലപ്രദമായ കൂടിയാലോചനകൾ പോലും നടക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പദവികൾ സംബന്ധിച്ച കാര്യങ്ങളിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് മുൻ കെപിസിസി അധ്യക്ഷൻ കൂടിയായ മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചത്.