Skip to main content
വാർത്തകൾ

കിഫ്ബിക്ക് പിന്നാലെ കേരള ബാങ്കിനെയും തകർക്കാൻ നീക്കം; യു.ഡി.എഫ് സർക്കാരിനെതിരെ തോമസ് ഐസക്

thomas isac

കിഫ്ബിക്ക് പിന്നാലെ കേരള ബാങ്കിനെയും തകർക്കാനാണ് യു.ഡി.എഫ് സർക്കാരും മുഖ്യമന്ത്രി വി.ഡി. സതീശനും ശ്രമിക്കുന്നതെന്ന് മുൻ ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കേരളത്തെ ‘റമിറ്റൻസ് ഇക്കോണമി’യിൽനിന്ന് ‘ഇൻവെസ്റ്റ്‌മെന്റ് ഇക്കോണമി’യിലേക്ക് മാറ്റുമെന്ന് അവകാശപ്പെടുന്ന യു.ഡി.എഫ്, അതിന് ഏറ്റവും അനുയോജ്യമായ രണ്ട് സ്ഥാപനങ്ങളെയും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

കേരളത്തിലേക്ക് പ്രതിവർഷം എത്തുന്ന ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ വിദേശ പണമയക്കൽ നിലവിൽ വാണിജ്യ ബാങ്കുകളിലേക്കാണ് എത്തുന്നതെന്നും ഇതിന്റെ വലിയൊരു ഭാഗം കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകുകയാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

ഈ പണം സംസ്ഥാനത്തിന്റെ വികസനത്തിനായി നിക്ഷേപിക്കാൻ ശേഷിയുള്ള ബാങ്ക് എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ബാങ്കായ കേരള ബാങ്കിന് നിലവിൽ 70,000 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രവാസി നിക്ഷേപം സ്വീകരിക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിന് തൊട്ടടുത്താണ് കേരള ബാങ്ക്. നെല്ല് സംഭരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി സർക്കാർ നൽകാനുള്ള കുടിശ്ശിക തീർത്താൽ എൻആർഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് തോമസ് ഐസക്കിന്റെ വാദം. ഇതോടെ ബാങ്കിന്റെ വായ്പാശേഷി ഒന്നര മുതൽ രണ്ട് ലക്ഷം കോടി രൂപ വരെ ഉയർത്താൻ കഴിയുമെന്നും അദ്ദേഹം കുറിച്ചു.

പശ്ചാത്തല സൗകര്യ വികസനത്തിനായി കിഫ്ബി വഴി വിഭവസമാഹരണം നടത്തുകയും അതിലൂടെ ആകർഷിക്കപ്പെടുന്ന സംരംഭങ്ങളിൽ നിക്ഷേപിക്കാൻ കേരള ബാങ്കിനെ പ്രയോജനപ്പെടുത്തുകയുമാണ് ഇടതുപക്ഷത്തിന്റെ വികസന നയമെന്നും തോമസ് ഐസക് വിശദീകരിച്ചു.