ത്രിപുരയിൽ തൊഴിലാളികളുടെ വൻ റാലി; ബിജെപി സർക്കാരിനെതിരെ പോരാട്ടം ശക്തമാക്കുമെന്ന് എളമരം കരീം
ഭീഷണികളും സമ്മർദങ്ങളും അവഗണിച്ച് ത്രിപുരയിൽ ബിജെപി സർക്കാരിനെതിരെ ശക്തിപ്രകടനവുമായി തൊഴിലാളികൾ. സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (സിഐടിയു) അഗർത്തലയിൽ സംഘടിപ്പിച്ച വൻ റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. ജനാധിപത്യ അവകാശങ്ങൾക്കും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കും തൊഴിലാളികളുടെ ഉപജീവനത്തിനുമെതിരായ കടന്നാക്രമണങ്ങൾക്കെതിരെ പോരാട്ടം തുടരുമെന്ന സന്ദേശമാണ് റാലി ഉയർത്തിയത്.
ത്രിപുരയിലെ തൊഴിലാളികൾ ആർഎസ്എസ്-ബിജെപിയുടെ നിരന്തര ആക്രമണങ്ങൾക്ക് മുന്നിൽ കീഴടങ്ങിയിട്ടില്ലെന്നും സിഐടിയു ഒരിക്കലും തലകുനിക്കില്ലെന്നും റാലിയെ അഭിസംബോധന ചെയ്ത സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം പറഞ്ഞു. കൂട്ടായ പോരാട്ടത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും കരുത്തിൽ ജനങ്ങൾ ഈ ആക്രമണങ്ങളെ അതിജീവിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
റാലിക്കായി അസ്തബൽ മൈതാനം അനുവദിക്കണമെന്ന സിഐടിയുവിന്റെ ആവശ്യം ബിജെപി സർക്കാർ നിരസിച്ചിരുന്നു. മുഖ്യമന്ത്രി നേരത്തെ ഉറപ്പുനൽകിയിട്ടും മുൻകൂട്ടി അനുമതി തേടിയപ്പോൾ സർക്കാർ പരിപാടിയുടെ പേരിൽ മൈതാനം അനുവദിച്ചില്ലെന്നാണ് സിഐടിയു ആരോപണം. ഭീഷണികളും ഗതാഗത തടസ്സങ്ങളും ഉൾപ്പെടെയുള്ള നീക്കങ്ങൾക്കിടയിലും തൊഴിലാളികൾ പിൻമാറിയില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പ്രകടനമായെത്തിയ തൊഴിലാളികളിൽ റിയാങ് ഉൾപ്പെടെയുള്ള ഗോത്രവിഭാഗങ്ങളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. യുവാക്കളുടെ വലിയ സാന്നിധ്യവും റാലിയിൽ പ്രകടമായിരുന്നു.
സിഐടിയു ത്രിപുര സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മണിക് ഡേ അധ്യക്ഷത വഹിച്ചു. മുൻ മുഖ്യമന്ത്രി മണിക് സർക്കാർ, സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി കൂടിയായ പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി, എളമരം കരീം, സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് സുധീപ് ദത്ത, സംസ്ഥാന ജനറൽ സെക്രട്ടറി ശങ്കർ പ്രസാദ് ദത്ത, ഓൾ ഇന്ത്യ കോർഡിനേഷൻ കമ്മിറ്റി ഓഫ് വർക്കിങ് വിമൻ സംസ്ഥാന കൺവീനർ പാഞ്ചാലി ഭട്ടാചാര്യ തുടങ്ങിയവർ സംസാരിച്ചു.
ത്രിപുരയിലെ സാഹചര്യം അതീവ ദുഃഖകരമാണെന്നും ജനാധിപത്യ അവകാശങ്ങൾ ഏറെക്കുറെ നിശ്ശബ്ദമാക്കപ്പെട്ടിരിക്കുകയാണെന്നും എളമരം കരീം പറഞ്ഞു. എന്നാൽ, എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ആയിരക്കണക്കിന് തൊഴിലാളികൾ ചെങ്കൊടിയുമായി അണിനിരന്നത് ആത്മവിശ്വാസം വർധിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിപിഐഎം സ്ഥാനാർഥികൾക്കും നിർദേശകർക്കും പ്രവർത്തകർക്കും അനുയായികൾക്കും ഭരണകക്ഷിയുടെ പിന്തുണയുള്ള അക്രമിസംഘങ്ങളിൽനിന്ന് ഭീഷണിയും ആക്രമണവും നേരിടേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ സ്ഥാനാർഥികൾക്കും പ്രവർത്തകർക്കും നേരെ അക്രമം നടക്കുമ്പോൾ പൊലീസ് കാഴ്ചക്കാരായി നിൽക്കുന്നത് ജനാധിപത്യത്തെ അർഥശൂന്യമാക്കുകയാണെന്നും കരീം പറഞ്ഞു.
ഭയം സൃഷ്ടിക്കുകയാണ് ചൂഷകരുടെയും അടിച്ചമർത്തുന്നവരുടെയും പ്രധാന ആയുധമെന്ന് ചൂണ്ടിക്കാട്ടിയ കരീം, ഭയത്തെ അതിജീവിക്കുന്ന തൊഴിലാളികൾക്ക് മുന്നിൽ ഇത്തരം ശക്തികൾക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് പറഞ്ഞു. ത്രിപുരയ്ക്ക് സമരങ്ങളുടെ അഭിമാനകരമായ ചരിത്രമുണ്ടെന്നും രാജ്യത്തും അന്താരാഷ്ട്ര തലത്തിലുമുള്ള തൊഴിലാളികളുടെ ഐക്യദാർഢ്യം സമരങ്ങൾക്ക് കരുത്താകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഐടിയുവിന്റെ കൊടിക്കീഴിൽ അണിനിരന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ ത്രിപുരയിലെ തൊഴിലാളികൾക്കൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് തൊഴിൽ കോഡുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ 1 മുതൽ 3 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരു ലക്ഷത്തിലധികം തൊഴിലാളികൾ പാർലമെന്റിലേക്ക് മാർച്ച് നടത്തുമെന്നും എളമരം കരീം പ്രഖ്യാപിച്ചു. തൊഴിലാളികളുടെ പ്രതിഷേധങ്ങളും എതിർപ്പുകളും അവഗണിച്ചാണ് കേന്ദ്രത്തിലെ മോദി സർക്കാർ തൊഴിൽ കോഡുകൾ നടപ്പാക്കിയതെന്ന് അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ വർഷം നവംബർ 21നാണ് കോഡുകൾ പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചത്. ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നത് കൂടുതൽ പ്രയാസകരമാക്കുകയും തൊഴിലാളികളുടെ കൂട്ടായ വിലപേശൽ അവകാശങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ നിയമങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ തൊഴിലാളികളിൽ ഏകദേശം 90 ശതമാനം പേർക്കും തൊഴിൽ നിയമങ്ങളുടെ ഫലപ്രദമായ സംരക്ഷണം ലഭിക്കുന്നില്ലെന്ന് കരീം പറഞ്ഞു. അസംഘടിത മേഖലകളിലും പരമ്പരാഗത തൊഴിൽ മേഖലകളിലും വിവിധ സർക്കാർ പദ്ധതികളിലും ജോലി ചെയ്യുന്ന വലിയൊരു വിഭാഗത്തിന് അടിസ്ഥാന ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ല. അങ്കണവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, ഉച്ചഭക്ഷണ പദ്ധതിയിലെ തൊഴിലാളികൾ എന്നിവരെ തൊഴിലാളികളായി അംഗീകരിക്കാതെ സന്നദ്ധപ്രവർത്തകരായാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവർക്ക് മിനിമം വേതനം, ഇപിഎഫ്, ഇഎസ്ഐ തുടങ്ങിയ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുകയാണെന്നും നിർമാണം, ഗതാഗതം, തോട്ടം മേഖലകളിലെ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് മിനിമം വേതനം പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ ദുരിതവും കരീം ചൂണ്ടിക്കാട്ടി. 2011ലെ സെൻസസ് പ്രകാരം രാജ്യത്ത് ഏകദേശം 14 കോടി കുടിയേറ്റ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഉത്തരേന്ത്യയിൽനിന്നുള്ള 35 ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികൾ കേരളത്തിൽ ജോലി ചെയ്യുന്നുണ്ട്. നിർമാണം ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിർണായക പങ്കുവഹിക്കുന്ന ഇവർക്ക് 11 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്തിട്ടും പ്രതിമാസം 12,000 മുതൽ 13,000 രൂപ വരെ മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോയിഡയിലും ഡൽഹിക്ക് സമീപമുള്ള വ്യവസായ മേഖലകളിലും അടുത്തിടെ നടന്ന തൊഴിലാളി സമരങ്ങൾ അവരുടെ ദുരിതപൂർണമായ തൊഴിൽ സാഹചര്യങ്ങൾ തുറന്നുകാട്ടിയെന്നും കരീം അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർഷങ്ങളായി മിനിമം വേതനം വർധിപ്പിച്ചിരുന്നില്ലെന്നും തൊഴിലാളി പ്രക്ഷോഭങ്ങളെ തുടർന്നാണ് സർക്കാരുകൾ വേതനവർധന പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളിലെയും തൊഴിലാളികൾക്ക് പ്രതിമാസം കുറഞ്ഞത് 42,000 രൂപ വേതനവും വിരമിച്ചശേഷം 21,000 രൂപ പെൻഷനും ഉറപ്പാക്കണമെന്നാണ് പാർലമെന്റ് മാർച്ചിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. കർഷകരുടെയും തൊഴിലാളികളുടെയും താൽപ്പര്യങ്ങൾക്ക് ഭീഷണിയാകുന്ന ഇന്ത്യ-അമേരിക്ക, ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറുകൾ പിൻവലിക്കണമെന്നും മാർച്ച് ആവശ്യപ്പെടും. ആവശ്യങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര തൊഴിൽ മന്ത്രിക്കും കത്തയച്ചിട്ടുണ്ട്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഡിസംബർ ഒന്നുമുതൽ ലക്ഷക്കണക്കിന് തൊഴിലാളികൾ ഡൽഹിയിലെത്തുമെന്നും കരീം മുന്നറിയിപ്പ് നൽകി.
ജാതി, മതം, ഭാഷ തുടങ്ങിയ വേർതിരിവുകൾക്കതീതമായി തൊഴിലാളികൾ ഐക്യപ്പെടണമെന്നും അവകാശങ്ങൾക്കായുള്ള പോരാട്ടം ശക്തമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ത്രിപുരയിലെ മുൻ ഇടതുമുന്നണി സർക്കാരിന്റെയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെയും തൊഴിലാളി അനുകൂല നടപടികൾ ചൂണ്ടിക്കാട്ടിയ കരീം, ബിജെപി ഭരണത്തിനെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കാൻ ത്രിപുരയിലെ ജനങ്ങൾക്ക് കഴിയുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
തൊഴിലാളികളുടെ ഐക്യവും പരസ്പര ഐക്യദാർഢ്യത്തിന്റെ രാഷ്ട്രീയവും സാമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ കൂടുതൽ പ്രാധാന്യം നേടിവരികയാണെന്ന് സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് സുധീപ് ദത്ത പറഞ്ഞു. ചൂഷകരുടെയും അടിച്ചമർത്തുന്നവരുടെയും പ്രധാന ആയുധം ഭയം സൃഷ്ടിക്കലാണ്. തൊഴിലാളികൾ ഭയത്തെ മറികടക്കുമ്പോൾ ചൂഷണശക്തികൾക്ക് പിന്നോട്ടുപോകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗണമുക്തി പരിഷത്തിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളും ഗോത്രവർഗ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളും ബംഗാളി, കൊക്ബൊറോക് ഭാഷാ സമൂഹങ്ങൾക്കിടയിലെ ഐക്യത്തിനായുള്ള മുന്നേറ്റങ്ങളും അനുസ്മരിച്ച അദ്ദേഹം, ത്രിപുരയിലെ ജനങ്ങളെ ദീർഘകാലം അടിച്ചമർത്താനാവില്ലെന്നും പറഞ്ഞു.