യമുനയിലെ വിഷപ്പതയും ഛഠ് പൂജയും; എ.എ.പിയും ബി.ജെ.പിയും തമ്മിൽ വാക്പോര്
ഛഠ് പൂജ ആഘോഷങ്ങൾക്കിടെ യമുനാ നദിയിലെ മലിനീകരണത്തെച്ചൊല്ലി ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിൽ രൂക്ഷമായ രാഷ്ട്രീയ പോര്. യമുന ശുചീകരിക്കുമെന്ന ഡൽഹിയിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സർക്കാരുകളുടെ വാഗ്ദാനങ്ങൾ നടപ്പായില്ലെന്നും മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സർക്കാർ ജനങ്ങളോട് കള്ളം പറയുകയാണെന്നും എ.എ.പി ആരോപിച്ചു. നദിയിൽ പൊങ്ങിക്കിടക്കുന്ന വിഷപ്പതയ്ക്കിടയിൽ ഭക്തർ ഛഠ് പൂജ നടത്തുന്ന ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചായിരുന്നു വിമർശനം.
‘ഇത് എ.ഐ നിർമിത ദൃശ്യമല്ല, ബി.ജെ.പി ഭരണത്തിന് കീഴിൽ ഛഠ് പൂജ നടക്കുന്ന യമുനയാണിത്’ എന്ന കുറിപ്പോടെയാണ് എ.എ.പി വീഡിയോ പുറത്തുവിട്ടത്. യമുനയുടെ ശുചീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പാർട്ടിയുടെ ആരോപണം.
എന്നാൽ എ.എ.പിയുടെ വിമർശനങ്ങൾ ബി.ജെ.പി തള്ളി. തങ്ങളുടെ ഭരണകാലത്ത് യമുന കൂടുതൽ ശുദ്ധമായെന്നാണ് പാർട്ടിയുടെ അവകാശവാദം. മുൻ എ.എ.പി ഭരണകാലത്ത് യമുനയിൽ ഛഠ് പൂജയ്ക്ക് വിലക്കുകളുണ്ടായിരുന്നുവെന്നും എന്നാൽ രണ്ട് വർഷത്തിനുള്ളിൽ നദി പകുതിയിലധികം ശുദ്ധമായെന്നും ബി.ജെ.പി തിരിച്ചടിച്ചു. ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി തന്നെ യമുനയിൽ ഛഠ് പൂജ ആഘോഷിക്കുന്നുണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, പതിറ്റാണ്ടുകൾക്ക് ശേഷമാണ് തലസ്ഥാനത്ത് ഇത്രയും വിപുലമായി ഛഠ് പൂജ ആഘോഷിക്കുന്നതെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത എക്സിൽ കുറിച്ചു. യമുനാ തീരങ്ങൾ മുതൽ 1,400ഓളം ഛഠ് ഘാട്ടുകൾ വരെ ലക്ഷക്കണക്കിന് ഭക്തരുടെ സാന്നിധ്യത്താൽ വിശ്വാസത്തിന്റെ നിറവിലാണെന്നും അവർ പറഞ്ഞു.
ആഘോഷങ്ങൾക്കിടയിലും യമുനയിലെ മലിനീകരണവും ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും ഡൽഹിയിൽ രാഷ്ട്രീയ ചർച്ചയായി തുടരുകയാണ്.