Skip to main content
വാർത്തകൾ

‘ഞാൻ താമസം മാറിയ ശേഷമായിരുന്നു തീപിടിത്തമെങ്കിൽ പല കഥകളും ഉണ്ടാകുമായിരുന്നു’; മാധ്യമങ്ങളെ വിമർശിച്ച് പിണറായി

pinarayi vijayan

കന്റോൺമെന്റ് ഹൗസിലേക്ക് താമസം മാറിയ ശേഷമായിരുന്നു തീപിടിത്തമുണ്ടായതെങ്കിൽ മാധ്യമങ്ങൾ തന്റെ പേരിൽ പല കഥകളും മെനയുമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ താമസം തുടങ്ങുന്നതിന് മുമ്പാണ് സംഭവം ഉണ്ടായതെന്നതിനാൽ മാധ്യമങ്ങൾക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹം പരിഹസിച്ചു. ക്ലിഫ് ഹൗസ് ഉൾപ്പെടെയുള്ള മന്ത്രിമന്ദിരങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിനെ മോടിപിടിപ്പിക്കലായി ചിത്രീകരിക്കുന്ന മാധ്യമ സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും പിണറായി ആവശ്യപ്പെട്ടു.

ക്ലിഫ് ഹൗസിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തുതന്നെ നിർദേശം വന്നിരുന്നുവെന്ന് പിണറായി പറഞ്ഞു. എന്നാൽ സർക്കാരിന്റെ അവസാനഘട്ടമായതിനാൽ നടപടികളിലേക്ക് കടന്നില്ല. മന്ത്രിമന്ദിരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അറ്റകുറ്റപ്പണികൾ ആവശ്യമാണ്. ഇത്തരം ജോലികളെല്ലാം മോടിപിടിപ്പിക്കലായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കന്റോൺമെന്റ് ഹൗസിൽ താമസിക്കാനായി എത്തിയപ്പോഴാണ് അവിടത്തെ അവസ്ഥ മനസ്സിലായതെന്നും പിണറായി പറഞ്ഞു. പഴയ പ്രതിപക്ഷ നേതാവ് എങ്ങനെയാണ് അവിടെ താമസിച്ചതെന്ന് അറിയില്ലെന്നും നിലവിലെ അവസ്ഥയിൽ കെട്ടിടത്തിൽ താമസിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാഴ്ചയ്ക്കുള്ളിൽ താമസം മാറാമെന്ന് കരുതിയാണ് വാടകവീട്ടിലേക്ക് പോയത്. എന്നാൽ കന്റോൺമെന്റ് ഹൗസ് അറ്റകുറ്റപ്പണികൾ നടത്താൻ സ്വാഭാവികമായും സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 200 വർഷം പഴക്കമുള്ളതാണ് കെട്ടിടമെന്നും പിണറായി ചൂണ്ടിക്കാട്ടി.

പല മന്ത്രിമന്ദിരങ്ങളിലും ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കാറില്ലെന്നും അവിടെ താമസിക്കുന്നവരുടെ പേരിൽ വിവാദമുണ്ടാകുമെന്ന ആശങ്കയാണ് ഇതിന് കാരണമെന്നും പിണറായി ആരോപിച്ചു. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ താമസക്കാരുടെ അനുമതി കാത്തുനിൽക്കേണ്ടതില്ലെന്നും എന്നാൽ അവർക്ക് അനാവശ്യ അസൗകര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വകുപ്പുകൾക്ക് വ്യക്തമായ നിലപാടുണ്ടാകണമെന്നും മാധ്യമങ്ങളും സമീപനത്തിൽ മാറ്റം വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.