ഒഡീഷയിൽ ചുഴലിക്കാറ്റ്-പ്രളയ ദുരിതാശ്വാസം അപര്യാപ്തമെന്ന് സിപിഎം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യം
ചുഴലിക്കാറ്റ് അർണബും പ്രളയവും മൂലം ദുരിതത്തിലായ ഒഡീഷയിലെ ജനങ്ങൾക്ക് ബിജെപി സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസം അപര്യാപ്തമാണെന്ന് സിപിഎം. കൃഷിക്കും ഉപജീവനമാർഗങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം വളരെ കുറവാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. സഹായ പാക്കേജ് കാലോചിതമായി പരിഷ്കരിച്ച് നഷ്ടപരിഹാരത്തുക ഗണ്യമായി വർധിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
നിലവിലെ സർക്കാർ പ്രഖ്യാപനമനുസരിച്ച് ജലസേചന സൗകര്യമില്ലാത്ത കൃഷിഭൂമിക്ക് ഹെക്ടറിന് 8,400 രൂപയും ജലസേചനമുള്ള ഭൂമിക്ക് 17,000 രൂപയും ഒന്നിലധികം വിളകൾ കൃഷി ചെയ്യുന്ന ജലസേചന ഭൂമിക്ക് 22,500 രൂപയുമാണ് നഷ്ടപരിഹാരം. ദുരിതബാധിത കുടുംബങ്ങൾക്ക് 50 കിലോ അരിയും പരമാവധി 2,500 രൂപയുടെ ധനസഹായവും നൽകാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ നിധികളുടെ കാലഹരണപ്പെട്ട മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ പാക്കേജ് കാർഷിക മേഖലയിലെ വിവിധ നഷ്ടങ്ങൾ പരിഗണിക്കുന്നില്ലെന്നാണ് സിപിഎമ്മിന്റെ വിമർശനം.
വിളവെടുപ്പ് പൂർത്തിയാക്കിയ കർഷകർ, പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർ, യഥാർഥ കർഷകർ തുടങ്ങിയവർ നഷ്ടപരിഹാരത്തിൽനിന്ന് ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ടെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ജലസേചനമില്ലാത്ത ഭൂമിക്ക് ഏക്കറിന് 10,000 രൂപയും ജലസേചനമുള്ള ഭൂമിക്ക് 5,000 രൂപയും ഒന്നിലധികം വിളകൾ കൃഷി ചെയ്യുന്ന ജലസേചന ഭൂമിക്കും വർഷം മുഴുവൻ കൃഷി ചെയ്യുന്ന വിളകൾക്കും 25,000 രൂപയും കാർഷിക ഇൻപുട്ട് സബ്സിഡിയായി നൽകണമെന്നാണ് ആവശ്യം. കർഷകർക്കും പാട്ടക്കർഷകർക്കും നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കന്നുകാലികൾക്കുണ്ടായ നഷ്ടത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കുക, 50 കിലോ അരിക്ക് പകരം മൂന്ന് മാസത്തെ അവശ്യസാധനങ്ങൾ വാങ്ങാൻ ഓരോ ദുരിതബാധിത കുടുംബത്തിനും 10,000 രൂപ നൽകുക, കുടിശ്ശികയായ കാർഷിക വായ്പകൾ എഴുതിത്തള്ളുക, കൃഷി പുനരാരംഭിക്കാൻ പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സിപിഎം മുന്നോട്ടുവച്ചു. തകർന്ന ഓരോ വീടിനും അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി സംസ്ഥാന സർക്കാരിനെതിരെ വിപുലമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി.