Skip to main content
വാർത്തകൾ

ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം അഴിമതിക്കെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ ; യുഡിഎഫ് സർക്കാരിനെതിരെ വിമർശനം

mvg

സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ . വകുപ്പുകളിൽ അഴിമതി നടത്താൻ സൗകര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനാണ് കൂട്ടസ്ഥലംമാറ്റമെന്ന് അദ്ദേഹം ആരോപിച്ചു. വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ബാർ ലൈസൻസ് അനുവദിച്ചെന്നത് വിചിത്രമായ സംഭവമാണെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സിവിൽ സർവീസ് ബോർഡ് യോഗം ചേരാതെയുള്ള സ്ഥലംമാറ്റത്തിനെതിരെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നുവെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ  ചൂണ്ടിക്കാട്ടി. ബാർ ലൈസൻസ് അനുവദിച്ചപ്പോൾ നടപടിയെ അംഗീകരിച്ച ഉദ്യോഗസ്ഥർ വിവാദമായതോടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമർശിച്ചു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കാൻ മാപ്പെഴുതി നൽകണമെന്ന വൈസ് ചാൻസലറുടെ നിലപാടിനെയും എം.വി. ഗോവിന്ദൻ മാസ്റ്റർ  വിമർശിച്ചു. മാപ്പ് പറയുന്ന രീതി ആർ.എസ്.എസിന്റേതാണെന്നും അത് കേരളത്തിലെ വിദ്യാർഥി സമൂഹത്തോട് നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കോടതിയിൽനിന്ന് പ്രതികൂല നടപടിയുണ്ടായാൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും വ്യക്തമാക്കി.