വൈദ്യുതി കരാറിൽ 763 കോടിയുടെ അധിക ബാധ്യതയുണ്ടാകും; രാജമാണിക്യത്തെ മാറ്റിയത് സമ്മർദത്തിന് വഴങ്ങാത്തതിനാലെന്ന് എളമരം കരീം
വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട ജിഎൻഎ കരാർ സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിഐടിയു അഖിലേന്ത്യ ജനറൽ സെക്രട്ടറിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എളമരം കരീം. കരാർ മൂലം 1,500 കോടിയിലധികം രൂപയുടെ അധിക ചെലവുണ്ടാകുമെന്നും 763 കോടി രൂപയുടെ അധിക ബാധ്യത നേരിടേണ്ടിവരുമെന്നും അദ്ദേഹം ആരോപിച്ചു.
കരാർ നഷ്ടമുണ്ടാക്കുമെന്ന് വ്യക്തമാക്കിയിട്ടും വൈദ്യുതി മന്ത്രി അതിൽ ഏർപ്പെടാൻ സമ്മർദം ചെലുത്തിയെന്നാണ് എളമരം കരീമിന്റെ ആരോപണം. കെഎസ്ഇബി ചെയർമാനായിരുന്ന രാജമാണിക്യം ഇതിന് വഴങ്ങാത്തതിനെ തുടർന്നാണ് അദ്ദേഹത്തെ സ്ഥാനത്തുനിന്ന് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര അഴിച്ചുപണിയെന്ന വിശദീകരണം കണ്ണിൽ പൊടിയിടാനാണെന്നും കരീം വിമർശിച്ചു.
ജിഎൻഎ കമ്പനിയിൽനിന്ന് യൂണിറ്റിന് 8.63 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനത്തിലൂടെ 285 മുതൽ 461 കോടി രൂപ വരെ അധിക ചെലവുണ്ടാകുമെന്ന് കെഎസ്ഇബി കണ്ടെത്തിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയത് ചട്ടങ്ങൾ മറികടന്നാണെന്നും ടെൻഡർ നടപടികളിലൂടെയോ റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തോടെയോ മാത്രമേ വൈദ്യുതി വാങ്ങാവൂ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി മനഃപൂർവം സൃഷ്ടിക്കുന്നതാണോയെന്നും അതിനു പിന്നിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള നീക്കമുണ്ടോയെന്നും സംശയിക്കുന്നതായും എളമരം കരീം കൂട്ടിച്ചേർത്തു.