Skip to main content
വാർത്തകൾ

സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധിച്ച എസിപി മനസ്വി വസിഷ്ഠയ്ക്ക് സസ്പെൻഷൻ

acp

അപ്രതീക്ഷിത സ്ഥലംമാറ്റത്തിനെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്ത് പരസ്യമായി പ്രതിഷേധിച്ച എസിപി മനസ്വി വസിഷ്ഠയെ സസ്പെൻഡ് ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഷഹ്ദാര പൊലീസ് സ്റ്റേഷനിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മനസ്വി വസിഷ്ഠയെയും എസ്.എച്ച്.ഒ അരുണ്‍കുമാറിനെയും സ്ഥലംമാറ്റിയത്.

പരാതിയുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകൻ ലളിത് ബൻസാലിനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു അഭിഭാഷകരുടെ പ്രതിഷേധം. ഇതിനു പിന്നാലെ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിനെതിരെ പൊലീസുകാരും രംഗത്തെത്തി. അഭിഭാഷകരുടെ സമ്മർദത്തിന് വഴങ്ങിയാണ് നടപടിയെന്നും തങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി സ്ഥലംമാറ്റം നടപ്പാക്കിയെന്നുമാണ് പൊലീസുകാരുടെ ആരോപണം.

സ്ഥലംമാറ്റം അന്യായമാണെന്നും മുതിർന്ന ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടായിരുന്നു മനസ്വി വസിഷ്ഠയുടെ നേതൃത്വത്തിൽ പ്രതിഷേധം. ഗുണ്ടായിസം കാണിക്കുന്ന അഭിഭാഷകർക്കെതിരെ നടപടി വേണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് എസിപിക്കെതിരെ സസ്പെൻഷൻ നടപടി ഉണ്ടായത്.