Skip to main content
വാർത്തകൾ

മാരിടൈം ബിൽ കോർപറേറ്റുകൾക്ക് കടലും തീരവും കൈമാറാൻ; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ

pinarayi vijayan

യുഡിഎഫ് സർക്കാർ പാസാക്കിയ മാരിടൈം ബില്ലിനെതിരെ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയുവിന്റെ നേതൃത്വത്തിൽ രാപ്പകൽ സമരം. സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മാരിടൈം ബിൽ കോർപറേറ്റുകൾക്ക് അനുകൂലമായാണ് തയ്യാറാക്കിയതെന്നും കടലും കടൽത്തീരവും അവരുടെ കൈകളിലെത്തിക്കാൻ വഴിയൊരുക്കുന്നതാണെന്നും ആരോപിച്ചു.

യുഡിഎഫ് അധികാരത്തിലെത്തിയതോടെ വിവിധ മേഖലകളിലെ സർക്കാർ നയങ്ങളിൽ മാറ്റം വന്നതായും സ്വകാര്യവത്കരണത്തിനാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്നും പിണറായി പറഞ്ഞു. ഗവർണറുടെ നയപ്രസംഗത്തിലും ബജറ്റിലും ഇതേ സമീപനമാണ് പ്രകടമായത്. ദുരന്തസമയങ്ങളിൽ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്നവരാണ് മത്സ്യത്തൊഴിലാളികൾ. എന്നാൽ അവരുടെ ജീവിതം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഈ ജനവിഭാഗത്തെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽഡിഎഫ് സർക്കാർ മത്സ്യത്തൊഴിലാളികൾക്കായി വിവിധ സമാശ്വാസ പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിലും യുഡിഎഫ് അധികാരത്തിലെത്തിയതോടെ അവയിൽ പലതും വെട്ടിക്കുറച്ചെന്നും അർഹമായ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നും പിണറായി ആരോപിച്ചു. മത്സ്യത്തൊഴിലാളികളോട് സർക്കാർ കാണിക്കുന്ന സമീപനം ക്രൂരവും അവഗണനാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.

മാരിടൈം ബിൽ പെട്ടെന്ന് രൂപപ്പെട്ടതല്ലെന്നും കോർപറേറ്റുകളുടെ താൽപര്യം മുൻനിർത്തിയാണ് തയ്യാറാക്കിയതെന്നുമാണ് പിണറായിയുടെ ആരോപണം. കടലും കടൽത്തീരവും മത്സ്യത്തൊഴിലാളികളുടെ അവകാശമാണെന്നും ബിൽ നടപ്പായാൽ അവ നഷ്ടപ്പെടുമെന്ന ആശങ്ക ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബിൽ പാസാക്കിയതെന്നും ടൗൺഷിപ്പ്, ടൂറിസം പദ്ധതികളുടെ പേരിൽ തീരദേശമേഖല കോർപറേറ്റുകളുടെ നിയന്ത്രണത്തിലാകുമെന്നും അദ്ദേഹം ആരോപിച്ചു.

ഇതോടെ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾക്കും വലകൾക്കും ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്നും അവരുടെ പരമ്പരാഗത ആവാസവ്യവസ്ഥയ്ക്ക് വലിയ ഭീഷണി നേരിടേണ്ടിവരുമെന്നും പിണറായി മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്താൻ യുഡിഎഫ് സർക്കാർ തയ്യാറായില്ലെന്നും അവരുടെ ആശങ്കകൾ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.