കണ്ണീരുണങ്ങും മുൻപേ വീണ്ടും അടുപ്പെരിഞ്ഞു; ജയബാലകൃഷ്ണന്റെ തട്ടുകട തുറന്ന് ഭാര്യയും മകളും
കണ്ടെയ്‌നർ റോഡിൽ 17കാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ തട്ടുകട വീണ്ടും തുറന്നു. ജീവിതമാർഗം നഷ്ടപ്പെട്ട കുടുംബത്തിന് മുന്നോട്ടുപോകാൻ മറ്റുവഴിയില്ലാതായതോടെ ഭാര്യ ബിന്ദുവും മകൾ ഭദ്രകീർത്തിയും ചേർന്നാണ് ഇന്നലെ മുതൽ കടയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
ജയബാലകൃഷ്ണന്റെ ചിത്രത്തിന് താഴെ തിരിതെളിച്ച ശേഷമാണ് കുടുംബം തട്ടുകട വീണ്ടും തുറന്നത്. അദ്ദേഹം പതിവായി നൽകിയിരുന്ന ദോശ, ചമ്മന്തി, ഓംലെറ്റ്, ചായ എന്നിവ തന്നെയാണ് ആദ്യദിവസം ഉപഭോക്താക്കൾക്കായി ഒരുക്കിയത്. ഹൈദരാബാദിലെ ജോലി താൽക്കാലികമായി ഉപേക്ഷിച്ചാണ് ഭദ്രകീർത്തി കടയുടെ ചുമതലയേറ്റെടുത്തത്.
കേസിന്റെ നടപടികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും നിയമപരമായ കാര്യങ്ങളിൽ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നതെന്നും ഭദ്രകീർത്തി പറഞ്ഞു. മറുഭാഗത്ത് ജഡ്ജിയായതിനാൽ കൃത്യമായ ആസൂത്രണത്തോടെയാണ് കേസ് നടത്തുന്നതെന്നും അവർ വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ തുടക്കത്തിൽ ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തി 17കാരന് സ്റ്റേഷൻ ജാമ്യം അനുവദിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്ജിയുടെ പെരുമാറ്റവും വിവാദമായി. പ്രതിഷേധം ശക്തമായതോടെയാണ് പിന്നീട് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്.
കാറോടിക്കാനുള്ള ആഗ്രഹം കാരണം വീട്ടുകാരുടെ അറിവില്ലാതെയാണ് വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് 17കാരൻ പൊലീസിന് നൽകിയ മൊഴി. ഇരുട്ടും മഴയും കാരണം റോഡിലെ വാഹനങ്ങൾ ശ്രദ്ധയിൽപ്പെട്ടില്ലെന്നും സ്കൂട്ടർ കണ്ടില്ലെന്നും മൊഴിയിൽ പറഞ്ഞിരുന്നു. കേസിൽ പ്രതിയുടെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജിയെയും പൊലീസ് പ്രതി ചേർത്തിരുന്നു. എന്നാൽ ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർ ജാമ്യം അനുവദിച്ചു.