മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരെയാണ് ആർഎസ്എസ് ആഭ്യന്തര ശത്രുക്കളായി കണക്കാക്കുന്നത് : എം.എ. ബേബി
വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് സർക്കാർ സേവനങ്ങൾ നിഷേധിക്കുന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പശ്ചിമ ബംഗാളിൽ വോട്ടർപട്ടികയിൽ പേരില്ലാത്തവർക്ക് റേഷൻ പോലും നൽകുന്നില്ലെന്ന റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ നാഷണൽ ലീഗ് സംഘടിപ്പിച്ച ദേശീയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിങ്ങൾ, ക്രിസ്ത്യാനികൾ, കമ്മ്യൂണിസ്റ്റുകാർ എന്നിവരെയാണ് ആർഎസ്എസ് ആഭ്യന്തര ശത്രുക്കളായി കണക്കാക്കുന്നതെന്ന് എം.എ. ബേബി ആരോപിച്ചു. ആർഎസ്എസിന്റെ ശത്രുവാകുന്നത് നൊബേൽ സമ്മാനം ലഭിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
എങ്ങനെയാണ് സമരം ചെയ്യേണ്ടതെന്ന് പുതിയ തലമുറ കാണിച്ചുതന്നുവെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധം ഇതിന് ഉദാഹരണമാണെന്നും ബേബി പറഞ്ഞു. യുവതലമുറ ഭയരഹിതരാണെന്ന് തെളിയിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിച്ചമർത്തൽ നടപടികളെ അവർ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.