അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: അറസ്റ്റ് ഭയന്ന് പ്രതികൾ; ശ്രീനാദേവി കുഞ്ഞമ്മയും ഫെനി നൈനാനും മുൻകൂർ ജാമ്യം തേടി
അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി പ്രതികൾ. കേസിൽ പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഫെനി നൈനാനും ഉൾപ്പെടെയുള്ളവർ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. പൊലീസിന്റെ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ കോടതി ഹർജികളിൽ തീരുമാനമെടുക്കൂ. ശ്രീനാദേവി കുഞ്ഞമ്മയുടെ മുൻകൂർ ജാമ്യാപേക്ഷ അടുത്ത ആഴ്ചയേ പരിഗണിക്കൂവെന്നാണ് സൂചന. അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയെ തനിക്ക് അറിയില്ലെന്നും നേരിൽ കണ്ടിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ. സുധാകരൻ പ്രതികരിച്ചു.
ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. അന്ന് സ്റ്റേഷനിലെത്തി പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായിരുന്നില്ല. കണ്ടാലറിയാവുന്നവരെ പ്രതികളാക്കിയാണ് അന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പിന്നീട് സി.പി.എം ഇടപെട്ട് വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്നതോടെയാണ് സംഭവം വീണ്ടും വിവാദമായത്.
അതേസമയം, പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തിയിട്ടില്ലെന്നാണ് ശ്രീനാദേവി കുഞ്ഞമ്മയുടെ വാദം. പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് സ്റ്റേഷനിലെത്തിയതെന്നും അവിടെ നടന്നത് പൊലീസ് ആവശ്യപ്പെട്ട നടപടിക്രമങ്ങൾ മാത്രമാണെന്നും അവർ പറയുന്നു. സ്റ്റേഷനകത്തോ പുറത്തോ അക്രമസംഭവങ്ങളുണ്ടായിട്ടില്ലെന്നും സെല്ലിനുള്ളിൽ കയറിയിട്ടില്ലെന്നും പ്രതിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ശ്രീനാദേവി വ്യക്തമാക്കി. സെല്ലിന് പുറത്തുനിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.