നേഹാ ബോറയെ ചുറ്റിപ്പറ്റി സൈബർ പ്രചാരണം; ലിംഗസ്വത്വത്തെ ആയുധമാക്കി വ്യക്തിഹത്യയെന്ന് വിമർശനം
സമരവേദികളിലെ ഉറച്ച ശബ്ദം. അധികാരത്തോടും ഭരണകൂടത്തോടും ചോദ്യങ്ങൾ ചോദിക്കാൻ മടിക്കാത്ത യുവ നേതാവ്. ദേശീയ വിദ്യാർഥി സംഘടനയായ ഐസയുടെ ദേശീയ പ്രസിഡന്റും പ്രമുഖ യുവജന സമരനേതാവുമായ നേഹാ ബോറ ഇപ്പോൾ മറ്റൊരു തരത്തിലുള്ള പോരാട്ടത്തിന്റെ നടുവിലാണ്. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങളിലൂടെയും ഡൽഹിയിലെ വിവിധ സമരങ്ങളിലൂടെയും ശ്രദ്ധ നേടിയ നേഹയെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്.
നേഹ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടയാളാണെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ചില കേന്ദ്രങ്ങളിൽനിന്ന് ഉയരുന്നത്. എന്നാൽ, നേഹ തന്നെ തന്റെ ലിംഗസ്വത്വത്തെക്കുറിച്ച് നടത്തിയ തുറന്നുപറച്ചിലിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് വിമർശനം. പീക്ക് ടിവിക്ക് നൽകിയ അഭിമുഖത്തിൽ താൻ ഒരു നോൺ-ബൈനറി വ്യക്തിയാണെന്നും സ്ത്രീ എന്ന നിലയിൽ മാത്രം തന്നെ തിരിച്ചറിയാൻ ആഗ്രഹിക്കുന്നില്ലെന്നും നേഹ വ്യക്തമാക്കിയിരുന്നു.
എന്താണ് നോൺ-ബൈനറി എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണയുടെ അഭാവമാണ് വിവാദത്തിന്റെ കേന്ദ്രം. പരമ്പരാഗതമായി സമൂഹം നിർവചിക്കുന്ന സ്ത്രീ, പുരുഷൻ എന്നീ രണ്ട് ലിംഗവിഭാഗങ്ങളിൽ മാത്രം സ്വന്തം ലിംഗസ്വത്വത്തെ പരിമിതപ്പെടുത്താത്തവരെയാണ് പൊതുവെ നോൺ-ബൈനറി എന്ന് വിശേഷിപ്പിക്കുന്നത്. ലിംഗസ്വത്വവുമായി ബന്ധപ്പെട്ട വിശാലമായ വിഭാഗമായ ട്രാൻസ്ജെൻഡർ എന്ന പദവുമായി ഇതിന് ബന്ധമുണ്ടെങ്കിലും രണ്ട് പദങ്ങളും ഒരേ അർത്ഥത്തിൽ ഉപയോഗിക്കാനാവില്ല.
സ്വന്തം ലിംഗസ്വത്വം തുറന്നുപറയുന്ന ഒരാളെ അതിന്റെ പേരിൽ പരിഹസിക്കുകയും രാഷ്ട്രീയ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്യുന്നത് വ്യക്തിയുടെ അന്തസ്സിനെയും സ്വത്വത്തെയും ചോദ്യം ചെയ്യുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്. നേഹയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള വിയോജിപ്പ് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാറരുതെന്നാണ് സാമൂഹിക നിരീക്ഷകരുടെ അഭിപ്രായം.
തങ്ങളെ സൂചിപ്പിക്കാൻ 'അവർ' എന്ന സർവനാമം ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നവരെ പരിഹസിക്കുന്നതും വിമർശനത്തിന് വിധേയമാണ്. ലിംഗസ്വത്വത്തെക്കുറിച്ചുള്ള അറിവില്ലായ്മയും രാഷ്ട്രീയ വിരോധവും ചേർന്നാണ് ഇത്തരം സൈബർ പ്രചാരണങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന വിലയിരുത്തലുകളും ഉയരുന്നു. രാഷ്ട്രീയ പോരാട്ടങ്ങൾ ആശയങ്ങളിലും നിലപാടുകളിലും കേന്ദ്രീകരിക്കേണ്ടതിനു പകരം ഒരാളുടെ വ്യക്തിത്വത്തെ ലക്ഷ്യമിടുമ്പോൾ അത് സമൂഹത്തിന്റെ ജനാധിപത്യബോധത്തെയും സഹിഷ്ണുതയെയും കൂടിയാണ് ചോദ്യം ചെയ്യുന്നത്.