Skip to main content
വാർത്തകൾ

പാത്രിയർക്കീസ് ബാവയുടെ മണർകാട് സന്ദർശനം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

bava

പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. വിചിത്രമായ നിയമോപദേശത്തിലൂടെ സഭയ്ക്കുണ്ടായ മുറിവ് സർക്കാർ ഗൗരവത്തോടെ കാണണമെന്നും മുറിവേൽപ്പിച്ചവർ തന്നെ അത് ഉണക്കാൻ തയ്യാറാകണമെന്നും കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. ചടങ്ങിൽ പങ്കെടുത്ത സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ സാക്ഷിയാക്കിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. സഭയ്ക്കും സത്യത്തിനും വേണ്ടി രക്തസാക്ഷിത്വം ഏറ്റുവാങ്ങേണ്ടിവന്നാലും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

മണർകാട് പള്ളിയിലെ പാത്രിയർക്കീസ് ബാവയുടെ പ്രവേശനം സർക്കാർ സ്പോൺസർ ചെയ്തതാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു. ചർച്ചകളിലൂടെ ശാശ്വത സമാധാനം ഉറപ്പാക്കുന്നതിന് പകരം താൽക്കാലിക സന്തോഷത്തിനായി സമാധാനം തകർക്കാനാണ് ശ്രമിച്ചതെന്നും മെത്രാപ്പോലീത്ത കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ സമാധാനശ്രമങ്ങളെ അദ്ദേഹത്തിന്റെ പാർട്ടിയിലെ ചിലരും ഘടകകക്ഷികളും ചേർന്ന് അട്ടിമറിച്ചെന്നും സഭ ആരോപിച്ചു.

നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങളെയും ഒരുപോലെ ബോധ്യപ്പെടുത്താൻ സർക്കാർ തയ്യാറായില്ലെന്നും ഒരു വിഭാഗത്തിനൊപ്പം നിന്ന് മലങ്കര സഭയെ മുറിവേൽപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരായ സഭയുടെ അതൃപ്തിയാണ് പ്രസംഗത്തിലൂടെ പുറത്തുവന്നത്.

യാക്കോബായ സഭാ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ കോടതി തള്ളിയതിനെത്തുടർന്നാണ് ബാവ പള്ളിയിലെത്തി വിശുദ്ധ കുർബാന അർപ്പിച്ചത്. കത്തീഡ്രലിലെത്തിയ അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു.