‘ആറുമാസത്തിനിടെ ജനങ്ങൾക്ക് ഉപകരിക്കുന്ന ഒന്നും ചെയ്തില്ല’; യു.ഡി.എഫ് സർക്കാരിനെതിരെ വി.എൻ. വാസവൻ
കഴിഞ്ഞ ആറുമാസത്തിനിടെ ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഒന്നും നടപ്പാക്കാൻ യു.ഡി.എഫ് സർക്കാരിന് സാധിച്ചിട്ടില്ലെന്ന് മുൻമന്ത്രി വി.എൻ. വാസവൻ. സർക്കാരിന്റെ ഭരണം ബഹളം മാത്രമായി മാറിയെന്നും അച്ചടക്കമുള്ള പാർട്ടിക്കും മുന്നണിക്കും സർക്കാരിനും മാത്രമേ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം താടി താങ്ങാൻ കഴിയാത്തവർക്ക് എങ്ങനെ അങ്ങാടി താങ്ങാനാകുമെന്ന പരിഹാസവും വാസവൻ ഉയർത്തി.
കോൺഗ്രസ് ഡി.സി.സി അംഗമായ സുഹൈൽ ഷാജഹാൻ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ തത്സമയം കണ്ടതായും ഇക്കാര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും വാസവൻ ആവശ്യപ്പെട്ടു. എ.കെ.ജി സെന്ററിലേക്ക് പടക്കം എറിഞ്ഞ വ്യക്തിയാണ് സുഹൈൽ ഷാജഹാനെന്നും കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും അനുയായികൾ വ്യാപകമായി കൊള്ളയും കച്ചവടവും നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ വാഹനങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ടും വാസവൻ വിമർശനമുന്നയിച്ചു. വാഹനങ്ങൾ മാറ്റേണ്ട സാഹചര്യമുണ്ടെങ്കിൽ മാറ്റാമെങ്കിലും കൂട്ടത്തോടെ വാഹനങ്ങൾ മാറ്റുന്നത് പരിശോധിക്കപ്പെടണം. താൻ ഉപയോഗിച്ചിരുന്ന കാർ മാറ്റേണ്ട സമയമായിരുന്നില്ലെന്നും അത് നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാഹനം വെറും 5,000 കിലോമീറ്റർ മാത്രമാണ് ഓടിയതെന്നും വാസവൻ വ്യക്തമാക്കി.
മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കരുതെന്ന് നേരത്തേ പറഞ്ഞവർ ഇപ്പോൾ അതിന് വിരുദ്ധമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ വാടകയ്ക്കെടുക്കലിനെ വിമർശിച്ചവർ ഇപ്പോൾ നിരന്തരം ഹെലികോപ്റ്ററിൽ യാത്ര ചെയ്യുകയാണെന്നും പരിഹസിച്ചു. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിസഭാ യോഗങ്ങളിൽ എല്ലാ മന്ത്രിമാർക്കും അഭിപ്രായങ്ങൾ തുറന്നുപറയാൻ കഴിയുമായിരുന്നുവെന്നും ഇപ്പോൾ മന്ത്രിമാർ മുഖ്യമന്ത്രിക്കെതിരെ മന്ത്രിസഭാ യോഗത്തിൽ രംഗത്തുവരുന്ന സാഹചര്യമാണെന്നും വാസവൻ ആരോപിച്ചു.