‘തീരുമാനങ്ങൾ ഏകപക്ഷീയമാക്കുന്നത് ശരിയല്ല’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ വിമർശനവുമായി സണ്ണി ജോസഫ്
മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനമെടുക്കൽ രീതിക്കെതിരെ പരോക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. തീരുമാനങ്ങൾ ഏകപക്ഷീയമായി കൈക്കൊള്ളുന്നത് ശരിയല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും കൂടിയാലോചനകൾ പൂർണമാകാത്ത സാഹചര്യവും സണ്ണി ജോസഫ് സ്ഥിരീകരിച്ചു.
എല്ലാ വിഷയങ്ങളിലും കൂടിയാലോചനകൾ നടക്കുന്നുണ്ടെങ്കിലും അവ പൂർണമാകാത്തതാണ് പ്രശ്നമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോടുള്ള എതിർപ്പുകളും വിയോജിപ്പുകളും അദ്ദേഹം സ്വാഗതം ചെയ്യുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. തർക്കങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എസ്.സി അംഗങ്ങളെ തീരുമാനിക്കുന്നത് മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ലെന്നും അജണ്ടയ്ക്ക് പുറത്തുള്ള വിഷയങ്ങളും യോഗത്തിൽ ഉന്നയിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങൾ വൈകിയിട്ടുണ്ടെന്ന് സമ്മതിച്ച സണ്ണി ജോസഫ്, ഇക്കാര്യത്തിൽ എത്രയും വേഗം തീരുമാനമെടുക്കുമെന്നും അറിയിച്ചു. വിവിധ ഭാഗങ്ങളിൽനിന്ന് ഉയർന്ന ആവശ്യങ്ങൾ പരിശോധിച്ച് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഉപസമിതിയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഉപസമിതിയുടെ കൂടിയാലോചനകൾ പൂർത്തിയായശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.