‘ആർഎസ്എസ് നയം നടപ്പാക്കാൻ ശ്രമം’; വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
ആറുമാസം പിന്നിടുന്ന വി.ഡി. സതീശൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യു.ഡി.എഫ് സർക്കാരിന്റെ പ്രവർത്തനം നാടിനെ ഇകഴ്ത്തിക്കാണിക്കുന്ന രീതിയിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി.
ആർഎസ്എസ് നയങ്ങൾ നടപ്പാക്കാനാണ് യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതെന്ന് പിണറായി ആരോപിച്ചു. കെ.പി.സി.സി അധ്യക്ഷനായ മന്ത്രിക്കുപോലും മുഖ്യമന്ത്രിയുടെ നിലപാടുകൾ അംഗീകരിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ബി.വി.പി, യുവമോർച്ച, ബി.ജെ.പി പ്രവർത്തകർ വി.ഡി. സതീശൻ സർക്കാരിനെ തങ്ങളുടേതായി വിശേഷിപ്പിക്കുന്ന സാഹചര്യമുണ്ടായെന്നും പിണറായി വിമർശിച്ചു. കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നയങ്ങൾ സർക്കാർ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
മയിൽപ്പീലി സ്കോളർഷിപ്പിലൂടെ വിദ്യാർഥികൾക്കിടയിൽ ഇടപെടാൻ സംഘപരിവാറിന് സർക്കാർ അനുമതി നൽകിയെന്നും പിണറായി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ വഴി സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സരൾ ബില്ലെന്നും വ്യവസായ വികസനത്തിന്റെ പേരിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും നശിപ്പിക്കാൻ നീക്കം നടക്കുകയാണെന്നും പിണറായി ആരോപിച്ചു. ധനപ്രതിസന്ധിയെന്ന വ്യാജപ്രതീതി സൃഷ്ടിച്ച് കേരളത്തിന്റെ മണ്ണും കടലും വിഭവങ്ങളും സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് ശ്രമം. സമുദ്രനയത്തിലൂടെയും മാരിടൈം ബോർഡ് ഭേദഗതി ബില്ലിലൂടെയും തീരദേശവും കരിമണൽ സമ്പത്തും സ്വകാര്യ താൽപര്യങ്ങൾക്ക് വിട്ടുകൊടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.