Skip to main content
വാർത്തകൾ

എയിംസ്: കേരളത്തിന് മുൻഗണനയില്ല; ഹൈക്കോടതിയിലെ കേന്ദ്ര നിലപാട് രാഷ്ട്രീയ വിവാദമാകുന്നു

bjp aiims

കേരളത്തിൽ എയിംസ് അനുവദിക്കുന്നത് നിലവിൽ കേന്ദ്ര സർക്കാരിന്റെ മുൻഗണനാ പട്ടികയിലില്ലെന്ന് ഹൈക്കോടതിയിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലം രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. ആരോഗ്യ മേഖലയിൽ പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്കാണ് പുതിയ എയിംസ് അനുവദിക്കുന്നതിൽ മുൻഗണന നൽകുന്നതെന്നും, ആരോഗ്യ സൂചികകളിൽ മുന്നിലുള്ള കേരളം നിലവിൽ പരിഗണനാ പട്ടികയിൽ ഇല്ലെന്നുമാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്.

ഈ നിലപാട് സംസ്ഥാന ബിജെപി നേതൃത്വത്തെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തൃശൂരിൽ നിന്ന് വിജയിച്ചാൽ കേരളത്തിൽ എയിംസ് യാഥാർഥ്യമാക്കുമെന്ന് സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലും പിന്നീട് പല അവസരങ്ങളിലും ഉറപ്പുനൽകിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ വിശദീകരണം ഈ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്കും ഇടയാക്കിയിട്ടുണ്ട്.

എയിംസ് അനുവദിക്കുന്നത് കേന്ദ്ര സർക്കാരിന്റെ നയപരമായ തീരുമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കേന്ദ്ര സർക്കാരിന്റെ അധികാരപരിധിയിലാണെന്നും രേഖയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നീതി ആയോഗിന്റെ ഹെൽത്ത് ഇൻഡക്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച തമിഴ്നാട്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എയിംസ് സ്ഥാപിച്ചിട്ടുള്ള സാഹചര്യത്തിൽ കേരളത്തെ ഒഴിവാക്കിയതിനെതിരെ വിമർശനവും ശക്തമാകുകയാണ്. സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് രാഷ്ട്രീയ വിവാദങ്ങൾക്ക് കൂടുതൽ വഴിവെക്കുമെന്നാണ് വിലയിരുത്തൽ.