ബന്ധു നിയമന വിവാദത്തിൽ വീണ്ടും യുഡിഎഫ് സർക്കാർ; കോൺഗ്രസ് നേതാവിന്റെ ഭാര്യയ്ക്ക് വിദ്യാഭ്യാസ വകുപ്പിൽ ജോലി
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിടുന്നതിനിടെ വീണ്ടും ബന്ധു നിയമന ആരോപണം. കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യ ഷാനി ഷെഫീറിന് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സീമാറ്റിൽ ജോലി നൽകിയതാണ് പുതിയ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷാനി ഷെഫീറിന് നിയമനം ലഭിച്ചത്. അപേക്ഷ ക്ഷണിക്കാതെയാണ് ബയോഡാറ്റ വാങ്ങി നിയമനം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. കരാർ അടിസ്ഥാനത്തിലുള്ള ഈ തസ്തികയ്ക്ക് പ്രതിമാസം 40,000 രൂപയാണ് ശമ്പളം.
അതേസമയം, ഒഴിവ് വന്ന സമയത്ത് ലഭിച്ച ബയോഡാറ്റയിൽനിന്ന് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് സീമാറ്റിന്റെ വിശദീകരണം. അപേക്ഷ ക്ഷണിക്കാതെ നിയമനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സ്ഥാപനത്തിന്റെ വിശദീകരണം പുറത്തുവരുന്നത്.
ട്രാൻസ്ഫർ ആവശ്യപ്പെട്ട ബന്ധുവായ പോലീസുകാരന് ‘നോ’ പറഞ്ഞതിനെക്കുറിച്ച് ബിആർഎം ഷെഫീർ നടത്തിയ പ്രസംഗം നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ നിയമനവുമായി ബന്ധപ്പെട്ട ആരോപണം ചർച്ചയാകുന്നത്.
യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ നേരത്തെയും ബന്ധു നിയമന വിവാദങ്ങൾ ഉയർന്നിരുന്നു. മന്ത്രി ബിന്ദു കൃഷ്ണയുടെ ബന്ധുവിനെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും സണ്ണി ജോസഫിന്റെ ബന്ധുവിന് സർക്കാർ സംവിധാനത്തിൽ ജോലി നൽകിയതുമാണ് അന്ന് വിവാദമായത്.
സണ്ണി ജോസഫിന്റെ സഹോദരീഭർത്താവ് ബെന്നി തോമസിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. വിവാദം ശക്തമായതിനെ തുടർന്ന് ബെന്നി തോമസിന് രാജിവെക്കേണ്ടിവന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ബന്ധു നിയമന ആരോപണം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നത്.