Skip to main content
വാർത്തകൾ

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു; ഗ്യാനേഷ് കുമാറിനെതിരെ പിണറായി വിജയൻ

pinarayi gyanesh

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണെന്ന് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച് ജനങ്ങളുടെ അവകാശം ഇല്ലാതാക്കാനുള്ള നടപടികളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനം ജനാധിപത്യപരമല്ലെന്നും ആർഎസ്എസിന്റെയും ബിജെപിയുടെയും ദൗത്യം നിർവഹിക്കാനാണ് അദ്ദേഹം കസേരയിലിരിക്കുന്നതെന്നും പിണറായി വിജയൻ വിമർശിച്ചു.

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാമെന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും നിലപാട് യാഥാർഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കാലത്ത് ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് ക്ലീൻ ഇമേജ് അല്ലെന്നും പിണറായി വിജയൻ ആരോപിച്ചു.

സംസ്ഥാന സർക്കാരിനെതിരെയും പിണറായി വിജയൻ വിമർശനം ഉന്നയിച്ചു. ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പിഎം-ശ്രീ പദ്ധതി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. പ്ലാനിങ് ബോർഡിനെ നോക്കുകുത്തിയാക്കി ചുമതലകൾ സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നത് ബോർഡ് ഇല്ലാതാക്കാനുള്ള നീക്കമാണെന്നും ആരോപിച്ചു.

യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷത്തിലും പൊലീസ് നടപടിയെ പിണറായി വിജയൻ വിമർശിച്ചു. വൈരാഗ്യബുദ്ധിയോടെയാണ് പൊലീസ് വിദ്യാർഥികളെ നേരിടുന്നതെന്നും കേരളം ഇതുവരെ സ്വീകരിച്ച നിലപാടുകൾ തകർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവർണറുമായി തർക്കത്തിനില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെയും അദ്ദേഹം വിമർശിച്ചു.