Skip to main content
വാർത്തകൾ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; ബെംഗളൂരുവിൽ സി.ജെ.പി സമരം, ഡൽഹിയിൽ എംപിമാരുടെ പ്രതിഷേധം തുടരും

Delhi protest

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി) പ്രതിഷേധം ശക്തമാക്കി. ഇതിന്റെ ഭാഗമായി ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമവും ചപ്പൽ പ്രതിഷേധവും സംഘടിപ്പിക്കും. ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിൽ നടത്താനിരിക്കുന്ന വൻ പ്രക്ഷോഭത്തിന് മുന്നോടിയായാണ് ബെംഗളൂരുവിലെ പരിപാടി.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും യൂട്യൂബറുമായ ധ്രുവ് റാഠി പരിപാടിയിൽ പങ്കെടുക്കും. സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെയും നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജും ഉൾപ്പെടെയുള്ളവർ സമരത്തിന് നേതൃത്വം നൽകും. സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ എസ്‌.ഐ.ആറിൽ നിന്ന് ഒഴിവാക്കപ്പെട്ടതായി പറയപ്പെടുന്ന കന്നഡികരുമായി സംവദിക്കുന്ന അദാലത്തും ഇതോടനുബന്ധിച്ച് നടക്കും.

അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ എം.പിമാർ നടത്തുന്ന പ്രതിഷേധം മൂന്നാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം ജന്തർ മന്തറിനുസമീപം നടന്ന പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും എ.ഐ.സി.സി നിർദേശപ്രകാരം കോൺഗ്രസ് എം.പിമാർ സമരം തുടരുകയാണ്.

പ്രതിഷേധത്തിൽ പങ്കെടുത്ത ഇൻഡ്യ മുന്നണി നേതാക്കൾക്ക് രാഹുൽ ഗാന്ധി നന്ദി അറിയിക്കുകയും സമരത്തിന് പിന്തുണ തുടരുമെന്ന് വ്യക്തമാക്കുകയും ചെയ്തു.