Skip to main content
വാർത്തകൾ

ജന്തർ മന്തർ പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

Rahul priyanka

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ എംപിമാർക്കൊപ്പമെത്തിയ ഇവരെ പ്രതിഷേധ സ്ഥലത്തേക്ക് പ്രവേശിക്കുന്നത് തടയാൻ പൊലീസ് ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്.

ജന്തർ മന്തറിലേക്ക് എത്തിയ പ്രതിഷേധക്കാർക്കും പൊലീസിനും ഇടയിൽ ഉന്തുംതള്ളും ഉണ്ടായതിനെ തുടർന്ന് നിരവധി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിഷേധം ശക്തമായപ്പോൾ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് വാഹനത്തിൽ കയറ്റി നീക്കി. പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പിന്നീട് പൊലീസ് മാറ്റി.

നേതാക്കളെ കൊണ്ടുപോയ ബസിന് മുന്നിലും മുകളിലും പ്രവർത്തകർ പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയായിരുന്നു. അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തിയത്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി കേരള മുഖ്യമന്ത്രി വി.ഡി. സതീശനും ഡൽഹിയിലെത്തിയിരുന്നു. തുടർച്ചയായ നാലാം ദിവസമാണ് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ മിന്നൽ സമരങ്ങൾ സംഘടിപ്പിച്ചാണ് പ്രതിഷേധം മുന്നോട്ടുകൊണ്ടുപോകുന്നത്.

പ്രതിഷേധത്തിനിടെ പ്രതികരിച്ച രാഹുൽ ഗാന്ധി, തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. വിഷയത്തിൽ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിന് മുമ്പ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ ജനപഥിലെ ഒരു ഹോട്ടലിൽ യോഗം ചേർന്നിരുന്നു. വോട്ടർ പട്ടികയും തെരഞ്ഞെടുപ്പ് നടപടികളും സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായിരുന്നു യോഗം. തുടർന്ന് മൂന്ന് ബസുകളിലായി പ്രതിപക്ഷ എംപിമാർ ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലെത്തുകയായിരുന്നു