Skip to main content
വാർത്തകൾ

രമ്യ ഹരിദാസിനെ കൈവിട്ട് പിഎയും ഡ്രൈവറും; സ്റ്റാഫിൽ കൂട്ടരാജി

Ramya

രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിൽ വീണ്ടും രാജി. പേഴ്സണൽ അസിസ്റ്റന്റ് വിമലിന് പിന്നാലെ എംഎൽഎയുടെ ഡ്രൈവറായ കുഞ്ഞുമുഹമ്മദും രാജിവെച്ചു. രമ്യ ഹരിദാസുമായുള്ള അഭിപ്രായഭിന്നതയാണ് രാജികൾക്ക് പിന്നിലെന്നാണ് സൂചന.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിമലിന്റെ രാജിയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണം. എന്നാൽ എംഎൽഎയുമായി ചേർന്നുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ. വിമൽ രാജിക്കത്ത് നിയമസഭാ സെക്രട്ടറിക്ക് കൈമാറിയിരുന്നു.

കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാവായ വിമൽ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ സീനിയർ ക്ലർക്കാണ്. അഭിപ്രായഭിന്നതയുടെ കാരണങ്ങൾ വിമൽ സംഘടനാ നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.

പാളയം പ്രദീപിനെ പേഴ്സണൽ അസിസ്റ്റന്റായി നിയമിക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം നേരത്തേ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിമലിന്റെ രാജി. ഇപ്പോൾ ഡ്രൈവറും രാജിവെച്ചതോടെ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിലെ കൂട്ടരാജി രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.