ഗവർണർ പറയുന്നതിനടിയിൽ ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ: എ. വിജയരാഘവൻ
കേരളം ഒരു ദശാബ്ദക്കാലം കൊണ്ട് നേടിയെടുത്ത നേട്ടങ്ങളെ തകർക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി അനുവദിക്കില്ലെന്ന് സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ. വിജയരാഘവൻ. പത്തനംതിട്ട സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ പറയുന്നതിനടിയിൽ ഒപ്പിടുന്ന ആളാണ് മുഖ്യമന്ത്രി വി.ഡി. സതീശനെന്നും എ. വിജയരാഘവൻ ആരോപിച്ചു. ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം ലോകത്തിലെ ഏറ്റവും അപകടകരമായ പ്രത്യയശാസ്ത്രങ്ങളിൽ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണ് ആർഎസ്എസ് പ്രത്യയശാസ്ത്രമെന്നും വിജയരാഘവൻ വ്യക്തമാക്കി.
വോട്ടെടുപ്പിലൂടെയാണ് ഇന്ദിര ഗാന്ധിയെയും അടൽ ബിഹാരി വാജ്പേയിയെയും പരാജയപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ വോട്ടെടുപ്പിലൂടെ ഇനി ആർഎസ്എസിനെ പരാജയപ്പെടുത്താൻ കഴിയില്ലെന്നാണ് ആർഎസ്എസ് കരുതുന്നതെന്നും അതിന് കീഴടങ്ങാൻ സിപിഐഎം തയ്യാറല്ലെന്നും എ. വിജയരാഘവൻ പറഞ്ഞു.
അതേസമയം, പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാറിനെ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് എം. അനീഷ്കുമാർ, മഹിളാ അസോസിയേഷൻ ജില്ലാ ട്രഷറർ സവിത അജയകുമാർ, പെരുനാട് ഏരിയ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ, പന്തളം ഏരിയ കമ്മിറ്റി അംഗം എസ്. കൃഷ്ണകുമാർ, ജില്ലാ സഹകരണ ആശുപത്രി ചെയർമാൻ ജിജി മാത്യു, സിപിഐഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗം പ്രമോദ് ഇളമൺ എന്നിവരെ ജില്ലാ കമ്മിറ്റി ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.