ഉറങ്ങാത്ത രാവുകള്‍

അപ്പോള്‍ നീ ഉണരുന്നതായി നടിക്കും! പിന്നെയെനിക്ക് നിന്നിലേക്ക് അഭയം തേടിയെത്താനാവും, നീതിയില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പരാതികളോടെ, കോപനിശ്വാസങ്ങളോടെ, ചുരുട്ടിയ കൈത്തലങ്ങളോടെ നേരത്തേ വന്ന പ്രഭാതത്തേയും പെട്ടെന്നു തീര്‍ന്നുപോയ രാത്രിയേയും തെരുവിലെ ബഹളത്തേയും ഒക്കെ ശപിച്ചുകൊണ്ട്. കാരണം എനിക്ക് നല്ലവണ്ണമറിയാം. നീ എന്നെ അപ്പോള്‍ ദൃഢമായി ചേര്‍ത്തുപിടിക്കുമെന്ന്, ആ കൈകളുടെ തൊട്ടില്‍ എന്നെ ശാന്തയാക്കിയില്ലെങ്കില്‍ നിന്റെ ചുംബനം വേര്‍പെടാതെ തുടരും. നിന്റെ കൈകള്‍ കൂടുതല്‍ പ്രണയാര്‍ദ്രമാകും. പ്രണയത്തിന്റെ താല്‍ക്കാലിക ശമനമായ ഇന്ദ്രിയാനുഭൂതി നീയെനിക്കു പകര്‍ന്നുതരും. ആവേശച്ചൂടിന്റെ കോപത്തിന്റെ അസ്വസ്ഥതയുടെ പിശാചുക്കളെ എന്നില്‍ നിന്നോടിക്കുന്ന മഹാമന്ത്രവാദം പോലെയാകും അത്. കാമാവേശത്തോടെ എന്നിലേക്കു കുനിഞ്ഞുകൊണ്ട്, അമ്മയുടെ ആര്‍ദ്രതയോടെ എനിക്ക് ഇന്ദ്രിയാനന്ദം തരും. നിനക്കൊരിക്കലും ലഭിക്കാത്ത കുഞ്ഞിനെ ഉന്മത്തയായ കാമുകിയില്‍ തേടുന്നവനാണല്ലോ നീ.

നമ്മുടെ വീട്ടില്‍ ഒരു കിടക്കയേയുള്ളൂ. നിനക്ക് തനിച്ചുപയോഗിക്കാന്‍ വളരെ വലുത്. നമുക്ക് ഒരുമിച്ചാണെങ്കില്‍ ഒരല്പം ഇടുങ്ങിയത്. പരിശുദ്ധം. ശുഭ്രം, വിവൃതം. പകല്‍സമയത്ത് അലങ്കാലത്തുണികളൊന്നും തന്നെ അതിന്റെ തുറന്ന സത്യസന്ധതയെ മറയ്ക്കുന്നില്ല. നമ്മെ കാണാന്‍ വരുന്ന ആള്‍ക്കാര്‍ കിടക്കയെ ശാന്തമായി നോക്കും; നയത്തില്‍ ഒരു വശത്തേക്കു നോക്കുകയില്ല. കാരണം അതിന്റെ ഒത്ത നടുക്ക് മൃദുവായൊരു താഴ്‌വരയുണ്ട്, ഒറ്റക്കുറങ്ങുന്ന ഒരു പെണ്‍കുട്ടിയുടെ കിടക്കപോലെ.

ഇവിടെ കടന്നുവരുന്നവര്‍ക്കറിയാത്ത ഒരു വസ്തുതയുണ്ട്. ഓരോ രാവിലും ഒന്നായി മാറുന്ന നമ്മുടെ ശരീരങ്ങളാണ് കാമം തുടിക്കുന്ന വിരികള്‍ക്കിടയിലുള്ള ഒരു ശവക്കുഴിയെക്കാള്‍ ഒട്ടും വീതിയില്ലാത്ത, ആ താഴ്‌വരയുടെ ആഴം കൂട്ടുന്നത്.

ഹാ, നമ്മുടെ കിടക്ക, അലങ്കാരങ്ങളൊന്നുമല്ലില്ലാത്തത്! മുകളില്‍ അല്‍പം ചരിഞ്ഞുനില്‍ക്കുന്ന, പ്രകാശമുള്ള വിളക്ക് അതിനെ കൂടുതല്‍ നഗ്നമാക്കുന്നു. സന്ധ്യാനേരത്തുപോലും ചിത്രപ്പണിചെയ്ത മേല്‍ക്കട്ടിയുടെ തണലോ, ചുവന്ന ശംഖു പോലെ തിളങ്ങുന്ന രാവിളക്കോ ഇവിടെ കാണാനുണ്ടാവില്ല. ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യാതെ ഉറച്ചു നില്‍ക്കുന്ന നക്ഷത്രംപോലെ, രാവിന്റെ പതുപതുപ്പുള്ള ആഴങ്ങളിലേക്കു വീഴുന്ന സമയമൊഴികെ എല്ലായ്‌പ്പോഴും നമ്മുടെ കിടക്ക പ്രകാശിച്ചുനില്‍ക്കുന്നു.

പ്രിയപ്പെട്ട ഒരാളിന്റെ മൃതശരീരംപോലെ വെളുത്തനിറത്തില്‍ അനക്കമറ്റ അതിനുചുറ്റും ഒരു സുഗന്ധമുണ്ട്. അതിശയിപ്പിക്കുന്ന സുഗന്ധം! നിന്റെ പ്രിയപ്പെട്ട പുകയിലയുടെ നിറംകുറഞ്ഞ സത്തില്‍ നിന്നും അതിലും കുറഞ്ഞ തോതില്‍ നിന്റെ വെളുത്ത തൊലിയില്‍ നിന്നുവരുന്ന മണത്തില്‍ നിന്നും ഞാന്‍ പ്രസരിപ്പിക്കുന്ന ചന്ദനഗന്ധത്തില്‍ നിന്നും അതിനെ വേര്‍തിരിച്ചെടുക്കാന്‍ ഏതൊരാള്‍ക്കും ശ്രദ്ധാപൂര്‍വ്വം ശ്വാസം ഉള്ളിലേക്കെടുക്കേണ്ടതുണ്ട്. പക്ഷേ ചതഞ്ഞപുല്ലിന്റേതുപോലുള്ള ആ വന്യമണം എന്റേതോ നിന്റേതോ എന്ന് ആര്‍ക്ക് പറയാനൊക്കും?

ഞങ്ങളുടെ കിടക്കേ, ഈ രാവിലും ഞങ്ങളെ സ്വീകരിക്കുക. തോട്ടത്തിലും കാട്ടിലുമായി ചെലവഴിച്ച വസന്തദിനത്തിന്റെ ആനന്ദം പകര്‍ന്നുതന്ന അമിതാവേശമുള്ള ചുഴലിക്കാറ്റിനു കീഴിലായി നിന്റെ പുതുമയുള്ള താഴ്‌വാരം അല്പംകൂടി ആഴമുള്ളതാക്കുക.

നിന്റെ സൗമ്യമായ ചുമലില്‍ തലചായ്ച് ഞാന്‍ ചലനമില്ലാതെ കിടക്കുന്നു. തീര്‍ച്ചയായും നാളത്തെ ദിവസംവരെ ഞാന്‍ ഇരുണ്ട ഒരുറക്കത്തിന്റെ അഗാധതയിലേക്കു താഴും. ലോകത്തെ മുഴുവന്‍ കൊട്ടിയടച്ചു പുറത്താക്കുന്നത്ര ശാഠ്യമുള്ള ആ ഉറക്കത്തില്‍ സ്വപ്നങ്ങള്‍പോലും വെറുതേ ചിറകടിച്ചു മടങ്ങുകയേയുള്ളൂ. ഞാനുറങ്ങാന്‍ പോകുന്നൂ.... നൊന്തു വിളയ്ക്കുന്ന, തരിച്ചുകയറുന്ന കാലിന്റെ അടിവശങ്ങള്‍ക്ക് ഒരു തണുത്ത സ്ഥലം കണ്ടെത്തുന്ന താമസം മാത്രം.... നീ അനങ്ങിയിട്ടില്ല. വായുവിന്റെ വലിയ വീചികളെ നീ വലിച്ചെടുക്കുന്നു. പക്ഷേ നിന്റെ ചുമലുകള്‍ ഉണര്‍ന്നിരിക്കുന്നതുപോലെ, എന്റെ കവിളുകള്‍ക്ക് വിശ്രമ സ്ഥലം തരാന്‍ ശ്രദ്ധിക്കുന്നതുപോലെ തോന്നുന്നു. നമുക്കുറങ്ങാം. മേയ്മാസ രാവുകള്‍ക്ക് ദൈര്‍ഘ്യം കുറവാണ്. നമ്മെ കുളിപ്പിക്കുന്ന നീല ദുരൂഹതക്കിടയിലും എന്റെ കണ്‍പീലികളില്‍ സൂര്യവെളിച്ചം നിറഞ്ഞുനില്‍ക്കുന്നു. പേര്‍ഷ്യന്‍ ജാലകത്തിരശ്ശീലയുടെ ഒളിവില്‍ നിന്നുകൊണ്ട് വേനല്‍ക്കാലത്തെ പൂന്തോപ്പിനെ ഉറ്റുനോക്കുന്ന ഒരാളെപ്പോലെ ഞാന്‍ പിന്നിട്ട ദിവസത്തെക്കുറിച്ച് അടഞ്ഞ കണ്ണുകള്‍ക്കുപിന്നില്‍ ചിന്തിച്ചുകിടക്കുന്നു.

എന്റെ ഹൃദയം എത്ര ശക്തമായാണു മിടിക്കുന്നത്! എന്റെ ചെവിക്കിടയില്‍ നിന്റെ ഹൃദയം സ്പന്ദിക്കുന്നതെനിക്കു കേള്‍ക്കാം. നീ ഉറങ്ങുകയല്ലെന്നുണ്ടോ? തല മെല്ലെയുയര്‍ത്തി ഞാന്‍ നിന്റെ മലര്‍ത്തിവെച്ച മുഖത്തിന്റെ വിളര്‍ച്ചയെ, നിന്റെ മുടിയുടെ തവിട്ടുനിറമുള്ള നിഴലിനെ കാണുന്നതിനേക്കാളേറെ അറിയുന്നു. നിന്റെ കാല്‍മുട്ടുകള്‍ രണ്ടുതണുത്ത ഓറഞ്ചുകള്‍പോലെ.... എന്റെ നേര്‍ക്ക് തിരിഞ്ഞുകിടക്കൂ. നിന്റെ മിനുസമാര്‍ന്ന പുതുമ ഞാന്‍ കവര്‍ന്നെടുക്കട്ടെ.

ഹാ, നമുക്കുറങ്ങാം!... എന്റെ തൊലി വിറയ്ക്കുകയാണ്. മുട്ടിനു താഴെയുള്ള പേശികളിലും ചെവിക്കുള്ളിലും ഒരു തുടിപ്പ്! നമ്മുടെ മൃദുത്വമാര്‍ന്ന കിടക്കയില്‍ ഇന്നത്തേക്ക് പൈന്‍മരത്തിന്റെ സൂചികള്‍ വിതറിയിരിക്കുന്നു! നമുക്കുറങ്ങാം! ഉറക്കത്തിനോട് വരാന്‍ ഞാനാജ്ഞാപിക്കുന്നു.

എനിക്കുറങ്ങാനാവുന്നില്ല. സന്തോഷവും ഉണര്‍വുമുള്ള ഒരുതരം ഹൃദയമിടിപ്പായി എന്റെ ഉറക്കമില്ലായ്മ! നിന്റെ നിശ്ചലതയില്‍ അതുപോലെ തന്നെ വിറയലുള്ള ഒരുതരം ക്ഷീണമുണ്ടെന്നു ഞാനറിയുന്നു. നീ അനങ്ങുന്നില്ല. ഞാനുറങ്ങുകയാണെന്ന് നീ വിചാരിക്കുന്നു. ഇടയ്ക്കിടെ നിന്റെ പിടുത്തം മുറുകുന്നു. അതു നിന്റെ ആര്‍ദ്രമായ സ്വഭാവമാണല്ലോ. നിന്റെ മനോഹരങ്ങളായ പാദങ്ങള്‍ അവയ്ക്കിടയില്‍ എന്റെ പാദങ്ങളെ ചേര്‍ത്തുപിടിച്ചിരിക്കുന്നു. ഉറക്കം എന്റെ ഉരുമ്മിയിട്ട് ഓടിപ്പോവുകയാണ്. എനിക്കതു കാണാന്‍ കഴിയുന്നുണ്ട്. ഒരു നിറഞ്ഞ തോട്ടത്തില്‍ ഞാന്‍ പിന്നാലെ ഓടിയ മിനുസമുള്ള പൂമ്പാറ്റയാണ് ഉറക്കം. അതു നിനക്കോര്‍മ്മയില്ലേ? യൗവ്വനത്തിന്റെ അക്ഷമ സൂര്യപ്രകാശം നിറഞ്ഞ ആ ദിവസത്തെ എന്തുമാത്രം മനോഹരമാക്കി! നിര്‍ബന്ധബുദ്ധിയുള്ള സൂക്ഷ്മമായൊരു കാറ്റ് അന്നുണ്ടായിരുന്നു. അത് വേഗം ചലിക്കുന്ന മേഘങ്ങളെ സൂര്യനുമേലേക്കെറിഞ്ഞ് ഒരു പുകമറ സൃഷ്ടിക്കുകയും ലിന്‍ഡന്‍ മരങ്ങളുടെ തളിരിലകള്‍ പൊഴിക്കുകയും ചെയ്തു. ബട്ടര്‍നട്ട് മരത്തിന്റെ പൂവുകള്‍ തൂതനിറത്തിലുള്ള പുഴുക്കളെപ്പോലെ നമ്മുടെ മുടിയില്‍ വീണു. ഒപ്പം കേറ്റല്‍പോ മരത്തിന്റെ പൂക്കളും. അവയുടെ നിറം പാരീസിലെ ആകാശത്തിന്റേതുപോലെ ഇളം നീലയായിരുന്നു. നീ ഉരസിയ കറുത്ത മുന്തിരിക്കാടിന്റെ പൊടിപ്പുകള്‍, പച്ചപ്പുല്ലുകള്‍ക്കിടയില്‍ തവിട്ടുനിറത്തിലുള്ള അലങ്കാരപ്പൂവുകള്‍, ഇപ്പോഴും തൂതനിറം വിടാത്ത പുതിനച്ചെടികള്‍, മുയല്‍ച്ചെവിയോലെ പതുപതുപ്പുള്ള തുളസി... എല്ലാം ചേര്‍ന്ന് എരിവുള്ള ഒരു സത്തായി എന്റെ ചുണ്ടുകളിലേക്കു വന്നു. മദ്യത്തിന്റേയും പുല്‍ത്തൈലത്തിന്റെയും രുചിയോടെ.

എന്റെ ഫ്രോക്കില്‍ പാടുകള്‍ വീഴ്ത്തിയ, ജലാംശമുള്ള, നീണ്ട പുല്ലിനുമേല്‍ നടക്കുമ്പോള്‍ എനിക്ക് ഉറക്കെ സംസാരിക്കാനും ചിരിക്കാനുമേ കഴിഞ്ഞുള്ളൂ. എന്റെ ഭ്രാന്തിപ്പെരുമാറ്റത്തെ ശാന്തമായ സന്തോഷത്തോടെ നീ കണ്ടുനിന്നു. ആ കാട്ടുറോസുകള്‍ക്കു നേരെ ഞാന്‍ കൈനീട്ടിയപ്പോള്‍... ഓര്‍ക്കുന്നുവോ, ആ ഇളം പിങ്കുനിറമുള്ളവ... എനിക്കു പിടിക്കാന്‍ കഴിയുന്നതിനും മുമ്പ് നീ ആ കുല പൊട്ടിച്ചെടുത്തു. എന്നിട്ട് ആ വളഞ്ഞ കുഞ്ഞുമുള്ളുകളെ നീ ഒന്നൊന്നായി അടര്‍ത്തിമാറ്റി. വളഞ്ഞ് നഖംപോലുള്ള മുള്ളുകള്‍. പിന്നെ ആയുധമില്ലാത്ത ആ പൂക്കളെ നീ എനിക്കുതന്നു.

നീ ആ പൂക്കള്‍ തന്നതുകൊണ്ട് എനിക്ക് കിതച്ചുകൊണ്ട് തണലുള്ള ഇടത്ത് വിശ്രമിക്കാനായി. പൂക്കുലകള്‍ കത്തിനില്‍ക്കുന്ന പേര്‍ഷ്യന്‍ ലൈലക്കുകള്‍ക്ക് താഴെ പൂത്തടങ്ങളില്‍ നിന്ന് നീ വലിയ കോണ്‍പുഷ്പങ്ങളെ പിഴുതെടുത്തു. ആ മായികപുഷ്പങ്ങളുടെ രോമാവൃതമായ മധ്യഭാഗത്തിന് ആപ്രിക്കോട്ടിന്റെ ഗന്ധമായിരുന്നു... ചായസമയത്ത് ഒരു ചെറിയപാത്രം പാലില്‍ കൊഴുപ്പുചേര്‍ത്ത് നീ എനിക്കു നല്‍കി. എന്റെ ആര്‍ത്തി നിന്നില്‍ മന്ദസ്മിതമുണര്‍ത്തി. ഏറ്റവും സുവര്‍ണ്ണനിറത്തില്‍ മേല്‍ഭാഗമുള്ള റൊട്ടി നീ എനിക്കു തന്നു. എന്റെ മുടിക്കിടയിലൂടെ പകുതി സുതാര്യമായി നിന്റെ കൈ സൂര്യപ്രകാശത്തില്‍ കണ്ടത് എനിക്കിപ്പോഴും കാണാം. എന്റെ മുടിച്ചുരുളുകളില്‍ കുടുങ്ങിപ്പോയ ചെറുശബ്ദമുണ്ടാക്കുന്ന കടന്നലിനെ ഓടിക്കുകയാണത്. ദിനാന്ത്യത്തില്‍ സാധാരണയിലും നീളമുള്ള ഒരു മേഘം മെല്ലെ നീങ്ങുമ്പോള്‍ എന്റെ ചുമലുകള്‍ക്ക് മീതെ നീ ഒരു നേര്‍ത്തവസ്ത്രം പുതപ്പിച്ചു. തണുത്ത വിയര്‍പ്പില്‍ ഞാന്‍ വിറയ്ക്കുമ്പോള്‍, മനുഷ്യവര്‍ഗത്തിന് പേരിടാന്‍ കഴിയാത്ത ഉന്മേഷത്തില്‍ മത്തയാകുമ്പോള്‍, വസന്തകാലത്ത് സന്തോഷമുള്ള മൃഗങ്ങളനുഭവിക്കുന്ന നിഷ്‌കളങ്കമായ ആ സുഖത്തില്‍ മദിക്കുമ്പോള്‍, നീ എന്നോട് പറഞ്ഞു- ''തിരികെ വരൂ... മതി... നമുക്ക് അകത്തുപോകാം....''

ഹാ..., ഞാന്‍ നിന്നെക്കുറിച്ചു വിചാരിക്കുക എന്നാല്‍ അത് ഉറക്കത്തിനോട് വിടപറയലാണ്. എത്ര മണിയാണ് അടിച്ചത്? ഇപ്പോള്‍ ജനാലകളില്‍ ഇളംനീലനിറം പകരുന്നു. രക്തത്തില്‍ ഒരു മര്‍മ്മരശബ്ദം ഞാന്‍ കേള്‍ക്കുന്നു. അല്ലെങ്കില്‍ അത് താഴെയുള്ള പൂന്തോപ്പുകളില്‍ നിന്നുവരുന്ന ശബ്ദമാകും... നീ ഉറങ്ങുകയാണോ? അല്ല. ഞാനെന്റെ കവിള്‍ നിന്റെ കവിളിനോട് ചേര്‍ക്കുമ്പോള്‍ നിന്റെ കണ്‍പീലികള്‍ പിടയ്ക്കുന്നതറിയാം. തടവിലായ ഈച്ചയുടെ ചിറകടികള്‍ പോലെ. നീ ഉറങ്ങുകയല്ല. ഒളിഞ്ഞ് നിന്ന് നീ എന്റെ വികാരാവേശത്തെ കാണുകയാണ്. ചീത്തസ്വപ്നങ്ങളില്‍ നിന്ന് നീയെന്നെ രക്ഷിക്കുന്നു. നിന്നെക്കുറിച്ചു ഞാന്‍ ചിന്തിക്കുന്നതുപോലെ നീയും എന്നെക്കുറിച്ചു ചിന്തിക്കുകയാണ്. വിചിത്രമായൊരു വൈകാരിക ലജ്ജകൊണ്ട് നാം ഇരുവരും ഉറക്കം നടിക്കുന്നു. എന്റെ ശരീരം ഉറക്കത്തിനു വഴങ്ങിക്കൊടുക്കുന്ന വിശ്രമാവസ്ഥയിലാണ്. നിന്റെ സൗമ്യമായ ചുമലിന്മേല്‍ എന്റെ കഴുത്തിന്റെ ഭാരം. എന്നാല്‍ നമ്മുടെ ചിന്തകള്‍, പൊട്ടിവിടര്‍ന്നുകൊണ്ടിരിക്കുന്ന ഈ നീലപ്രഭാതത്തില്‍ വിദഗ്ധമായി ഒന്നാകുന്നു.

അല്പസമയത്തിനുള്ളില്‍ തിരശ്ശീലകള്‍ക്കിടയിലെ തിളക്കമുള്ള കമ്പി ചുവന്ന പ്രകാശമാര്‍ന്നതാകും.... ഉറക്കം നടിച്ചു കിടക്കാനുള്ള നിന്റെ നിശ്ചയദാര്‍ഢ്യത്തെ എനിക്കു വായിച്ചെടുക്കാനാവും. നിന്റെ മനോഹരമായ നെറ്റിയില്‍, മൃദുവായ താടിയില്‍, സങ്കടം തുടിക്കുന്ന നിന്റെ വായില്‍, അടഞ്ഞ കണ്‍പോളകളില്‍.... അപ്പോഴേക്കും എന്റെ ക്ഷീണത്തിനും ഉറക്കമില്ലായ്മക്കും മൗനമായിരിക്കാന്‍ കഴിയാത്ത സമയമാകും. വികാരാവേശമുള്ള ഈ കിടക്കക്ക് പുറത്തേക്ക് ഞാനെന്റെ കൈകള്‍ വീശിയെറിയും. ഒരു കുസൃതിവിട്ടുതരാന്‍ എന്റെ വികൃതിക്കാലുകള്‍ ഇപ്പൊഴേ തയ്യാറെടുക്കുന്നു.

അപ്പോള്‍ നീ ഉണരുന്നതായി നടിക്കും! പിന്നെയെനിക്ക് നിന്നിലേക്ക് അഭയം തേടിയെത്താനാവും, നീതിയില്ലാത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ പരാതികളോടെ, കോപനിശ്വാസങ്ങളോടെ, ചുരുട്ടിയ കൈത്തലങ്ങളോടെ നേരത്തേ വന്ന പ്രഭാതത്തേയും പെട്ടെന്നു തീര്‍ന്നുപോയ രാത്രിയേയും തെരുവിലെ ബഹളത്തേയും ഒക്കെ ശപിച്ചുകൊണ്ട്. കാരണം എനിക്ക് നല്ലവണ്ണമറിയാം. നീ എന്നെ അപ്പോള്‍ ദൃഢമായി ചേര്‍ത്തുപിടിക്കുമെന്ന്, ആ കൈകളുടെ തൊട്ടില്‍ എന്നെ ശാന്തയാക്കിയില്ലെങ്കില്‍ നിന്റെ ചുംബനം വേര്‍പെടാതെ തുടരും. നിന്റെ കൈകള്‍ കൂടുതല്‍ പ്രണയാര്‍ദ്രമാകും. പ്രണയത്തിന്റെ താല്‍ക്കാലിക ശമനമായ ഇന്ദ്രിയാനുഭൂതി നീയെനിക്കു പകര്‍ന്നുതരും. ആവേശച്ചൂടിന്റെ കോപത്തിന്റെ അസ്വസ്ഥതയുടെ പിശാചുക്കളെ എന്നില്‍ നിന്നോടിക്കുന്ന മഹാമന്ത്രവാദം പോലെയാകും അത്. കാമാവേശത്തോടെ എന്നിലേക്കു കുനിഞ്ഞുകൊണ്ട്, അമ്മയുടെ ആര്‍ദ്രതയോടെ എനിക്ക് ഇന്ദ്രിയാനന്ദം തരും. നിനക്കൊരിക്കലും ലഭിക്കാത്ത കുഞ്ഞിനെ ഉന്മത്തയായ കാമുകിയില്‍ തേടുന്നവനാണല്ലോ നീ.

.


സിഡോണി ഗബ്രിയേല്‍ കൊലെത്ത് (1873 - 1954)


ശരീരത്തിന്റെ രഹസ്യങ്ങള്‍ തേടിപ്പോയ ഫ്രഞ്ച് എഴുത്തുകാരി. സ്ത്രീകള്‍ തമ്മിലുള്ള പ്രേമം തുടക്കം മുതലേ കൊലെത്തിന്റെ എഴുത്തിലെ പ്രധാനപ്പെട്ട വിഷയമായിരുന്നു. തന്റെ പ്രകൃതത്തോട് നീതിപുലര്‍ത്തി, കൊലെത്ത് സ്വവര്‍ഗ പ്രണയത്തെ അത്യുദാത്തമായ ഒരു വികാരമായി കാണുന്നു. തീര്‍ത്തും പരിഷ്‌കൃതവും എപ്പോഴും സ്വയം പരിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു വികാരമാണ് കൊലെത്തിനെ സംബന്ധിച്ചിടത്തോളം ലെസ്ബിയനിസം.

സിഡോണി ഗബ്രിയേല്‍ കൊലെത്തിന്റെ കഥയ്ക്ക് ചന്ദ്രമതിയുടെ സ്വതന്ത്രപരിഭാഷ.

 

കടപ്പാട് : സഹയാത്രിക.

 

18-Jul-2014

കഥകൾ മുന്‍ലക്കങ്ങളില്‍

More