ഓര്‍മകളില്‍ നായനാര്‍
കോടിയേരി ബാലകൃഷ്ണന്
വ്യത്യസ്തമായ നിരവധി മേഖലയില്‍ ഇടപെട്ട് നായനാര്‍ പ്രവര്‍ത്തിച്ചു. പത്രാധിപര്‍ എന്നനിലയില്‍ ജനകീയപ്രശ്നങ്ങളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ചു. സാഹിത്യപരമായ വിഷയങ്ങള്‍ കൈകാര്യംചെയ്യുമ്പോഴും ജനങ്ങളായിരുന്നു സഖാവിന്റെ മനസ്സില്‍. ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള ഒരു വിശകലനവും നായനാര്‍ അംഗീകരിച്ചിരുന്നില്ല. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. എല്ലാവിഭാഗം ജനങ്ങളുമായും ഇടപെട്ടു. എന്നാല്‍, ആരുമായി ഇടപെടുമ്പോഴും താന്‍ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളില്‍നിന്ന് തെല്ലും വ്യതിചലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. ഉള്‍പാര്‍ടി ചര്‍ച്ചകളില്‍ തന്റെ കാഴ്ചപ്പാട് ശക്തമായിത്തന്നെ അവതരിപ്പിക്കും. അതിനു പിന്‍ബലമേകുന്ന കാര്യങ്ങളും അക്കമിട്ടുനിരത്തും. തന്റെ അഭിപ്രായങ്ങള്‍ക്കായി വാദിക്കുമ്പോഴും പാര്‍ടി ഒരുനിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ അതിനുവേണ്ടി ശക്തമായി രംഗത്തിറങ്ങുകയും ചെയ്യും. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളില്‍നിന്ന് മാറിനിന്നുള്ള നിലപാടുകളൊന്നും നായനാര്‍ക്ക് ഉണ്ടായിരുന്നില്ല. പാര്‍ടിയായിരുന്നു സഖാവിനെല്ലാം. |
കേരളത്തിലെ ജനങ്ങള്‍ ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്ന ജനനേതാവാണ് സ. ഇ കെ നായനാര്‍. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം തികയുന്നു. ചെറുപ്പത്തിലേ രാഷ്ട്രീയരംഗത്ത് കാലുറപ്പിച്ചതായിരുന്നു നായനാരുടെ ജീവിതം. ബാലസംഘത്തിലും വിദ്യാര്‍ഥിരംഗത്തും സജീവമായിരുന്നു. അതിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തില്‍ സജീവമായിത്തന്നെ ഉണ്ടായിരുന്നു. അക്കാലത്തെ കര്‍ഷക പോരാട്ടങ്ങളെ നയിക്കുന്നതിലും സഖാവിന്റെ പങ്ക് വളരെ വലുതാണ്. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ അതിന്റെ സംഘാടകനും നേതാവുമായി നായനാര്‍ ഉയര്‍ന്നു.
വ്യത്യസ്തമായ നിരവധി മേഖലയില്‍ ഇടപെട്ട് നായനാര്‍ പ്രവര്‍ത്തിച്ചു. പത്രാധിപര്‍ എന്നനിലയില്‍ ജനകീയപ്രശ്നങ്ങളെ പൊതുജനമധ്യത്തില്‍ കൊണ്ടുവരുന്നതില്‍ ശ്രദ്ധേയ പങ്കുവഹിച്ചു. സാഹിത്യപരമായ വിഷയങ്ങള്‍ കൈകാര്യംചെയ്യുമ്പോഴും ജനങ്ങളായിരുന്നു സഖാവിന്റെ മനസ്സില്‍. ജനങ്ങളെ മാറ്റിനിര്‍ത്തിയുള്ള ഒരു വിശകലനവും നായനാര്‍ അംഗീകരിച്ചിരുന്നില്ല. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. എല്ലാവിഭാഗം ജനങ്ങളുമായും ഇടപെട്ടു. എന്നാല്‍, ആരുമായി ഇടപെടുമ്പോഴും താന്‍ മുന്നോട്ടുവയ്ക്കുന്ന നിലപാടുകളില്‍നിന്ന് തെല്ലും വ്യതിചലിക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. ഉള്‍പാര്‍ടി ചര്‍ച്ചകളില്‍ തന്റെ കാഴ്ചപ്പാട് ശക്തമായിത്തന്നെ അവതരിപ്പിക്കും. അതിനു പിന്‍ബലമേകുന്ന കാര്യങ്ങളും അക്കമിട്ടുനിരത്തും. തന്റെ അഭിപ്രായങ്ങള്‍ക്കായി വാദിക്കുമ്പോഴും പാര്‍ടി ഒരുനിലപാട് സ്വീകരിച്ചുകഴിഞ്ഞാല്‍ അതിനുവേണ്ടി ശക്തമായി രംഗത്തിറങ്ങുകയും ചെയ്യും. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളില്‍നിന്ന് മാറിനിന്നുള്ള നിലപാടുകളൊന്നും നായനാര്‍ക്ക് ഉണ്ടായിരുന്നില്ല. പാര്‍ടിയായിരുന്നു സഖാവിനെല്ലാം.
ജന്മിത്വം കൊടികുത്തിവാണ കാലത്താണ് നായനാരുടെ ചെറുപ്പകാലം. ജന്മികുടുംബത്തിലാണ് ജനിച്ചതെങ്കിലും ജന്മിത്വത്തിന്റെ അനീതികള്‍ക്കെതിരെ സന്ധിയില്ലാതെ നടത്തിയ പോരാട്ടം കൂടിയായിരുന്നു സഖാവിന്റെ ജീവിതം. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ ഉയര്‍ന്നുവന്ന ജനകീയ പോരാട്ടങ്ങളില്‍ അണിചേരുന്നതിലൂടെയാണ് ആ വ്യക്തിത്വം രൂപപ്പെട്ടത്. കേരളത്തില്‍ അക്കാലത്ത് ഉയര്‍ന്നുവന്ന എല്ലാ ജനപക്ഷമുന്നേറ്റങ്ങളുടെയും മുന്‍പന്തിയില്‍തന്നെ നിലയുറപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ദേശീയപ്രസ്ഥാനത്തില്‍ സജീവമായി. തുടര്‍ന്ന് രൂപപ്പെട്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലും സജീവമായിരുന്നു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്ടിക്കാര് കമ്യൂണിസ്റ്റുകാരായപ്പോള് അതിനൊപ്പം നായനാരുമുണ്ടായി. നവോത്ഥാന ചിന്തകളുടെ പ്രാധാന്യം ഉള്‍ക്കൊള്ളാനും അവയ്ക്കൊപ്പം നിലയുറപ്പിക്കാനും ശ്രദ്ധിച്ചു. നവോത്ഥാന ചിന്തകളെക്കുറിച്ചും അതിന് നേതൃത്വം നല്കിയവരെക്കുറിച്ചും നായനാര്‍ എഴുതിയ ലേഖനങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടതു-വലതുപ്രവണതകളെ ഇല്ലാതാക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്താനും നായനാര്‍ നേതൃത്വം നല്കി. പാര്‍ടിയില്‍ കടന്നുവരുന്ന അന്യവര്ഗചിന്താഗതികള്ക്കെതിരെ മുഖംനോക്കാതെയുള്ള വിമര്‍ശം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. ഓരോ പ്രശ്നത്തിലും പാര്‍ടി എടുക്കുന്ന നിലപാട് ജനങ്ങള്‍ക്കിടയില്‍ എത്തിക്കുന്നതിന് നായനാര്‍ക്കുള്ള ശേഷി അസാമാന്യമായിരുന്നു. അവതരണത്തില്‍ സ്വതസിദ്ധമായ ഒരു ജനകീയമായ ഭാഷ സ്വായത്തമാക്കി. നര്‍മത്തില്‍ ഊന്നിനിന്നുള്ള സഖാവിന്റെ സംഭാഷണങ്ങള്‍ അത് കേട്ടവരുടെ മനസ്സില്‍ ഇന്നും തങ്ങിനില്ക്കുന്നു. നായനാരുടേത് കേവല നര്മമായിരുന്നില്ല. അതതുകാലത്തെ സങ്കീര്‍ണമായ രാഷ്ട്രീയസ്ഥിതിഗതികളെ ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതരത്തില്‍ അവതരിപ്പിക്കുന്നതിന്റെകൂടി ഭാഗമായാണ് അത് ഉപയോഗിച്ചത്. ജനങ്ങളുടെ വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ അസാമാന്യശേഷിയായിരുന്നു സഖാവിനുണ്ടായിരുന്നത്. ദുഃഖങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം കരയാനും സന്തോഷങ്ങളില്‍ ആഹ്ലാദം പങ്കിടാനും നായനാര്‍ എവിടെയും എത്തിച്ചേരുമായിരുന്നു. ഹൃദയത്തിന്റെ ഭാഷയിലുള്ള ഈ ഇടപെടല്‍ ജനങ്ങളെ ഏറെ ആകര്‍ഷിക്കുന്നതായിരുന്നു.
പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തില്‍ ഏറ്റവുംകൂടുതല്‍ കാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. 1957ലെ ഇ എം എസ് സര്‍ക്കാര്‍ തുടങ്ങിവച്ച കേരള വികസനപ്രക്രിയയുടെ അടിത്തറയില്‍നിന്ന് കേരള വികസനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് മുഖ്യമന്ത്രി എന്നനിലയില്‍ സഖാവ് നേതൃത്വം നല്കി. ഇന്ത്യയില്‍ ആദ്യമായി കര്‍ഷകത്തൊഴിലാളി പെന്ഷന് കൊണ്ടുവന്നത് നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. വികസനത്തിന്റെ നിരവധി നാഴികക്കല്ലുകള്‍ ഈ കാലഘട്ടങ്ങളിലുണ്ടായി. മാവേലി സ്റ്റോറുകള്‍, സമ്പൂര്‍ണസാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരളം കണ്ട നിരവധി പരിഷ്കാരങ്ങളുടെ അമരക്കാരനായിരുന്നു സഖാവ്.
ആഗോളവല്‍ക്കരണനയങ്ങള്‍ കൂടുതല്‍ തീവ്രമായി മോഡി സര്‍ക്കാര്‍ നടപ്പാക്കുകയാണ്. അതോടൊപ്പം, ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്ന കാര്യത്തിലും ശുഷ്കാന്തി കാണിക്കുന്നു. പെട്രോള്‍ വില നിയന്ത്രണമാണ് യുപിഎ സര്‍ക്കാര്‍ എടുത്തുമാറ്റിയതെങ്കില്‍ മോഡി സര്‍ക്കാര്‍ ഡീസലിന്റെ വിലനിയന്ത്രണവും ഇല്ലാതാക്കി. ദിനംപ്രതിയെന്നോണം പെട്രോളിനും ഡീസലിനും വില കയറുന്നു. റീട്ടെയില്‍ മേഖലയില്‍ 51 ശതമാനം പ്രത്യക്ഷ വിദേശനിക്ഷേപത്തെ യുപിഎ സര്‍ക്കാരിന്റെ കാലത്ത് എതിര്‍ത്ത ബിജെപി ഇപ്പോള്‍ അതിന്റെ വക്താക്കളായി. കര്‍ഷകരുടെ ഭൂമി കോര്‍പറേറ്റുകള്‍ക്ക് വിട്ടുകൊടുക്കുന്നു. പൊതുമേഖലാ സ്വകാര്യവല്‍ക്കരണം തീവ്രമായി നടപ്പാക്കുന്നു. തൊഴിലുറപ്പുപദ്ധതിയും തകര്‍ക്കുകയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള ഒരു നടപടിയും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. ഇത്തരം നയങ്ങള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ജനകീയപ്രതിഷേധങ്ങളെ ശിഥിലമാക്കുംവിധം വര്‍ഗീയ അജന്‍ഡകളും നടപ്പാക്കുന്നു. പ്ലാനിങ് കമീഷനെ പിരിച്ചുവിട്ട് ഫെഡറലിസത്തിന്റെ കടയ്ക്കലും കത്തിവച്ചു. സംഘപരിവാര്‍ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്നവരെ ഗവര്‍ണര്‍മാരായി നിയമിച്ച് ഇത്തരം ഇടപെടലുകളെ ശക്തിപ്പെടുത്തുകയാണ്.
വര്‍ഗീയതയ്ക്കെതിരായ പോരാട്ടം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ആഗോളവല്‍ക്കരണനയങ്ങള്‍ സൃഷ്ടിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പോരാടേണ്ടതുണ്ട്. ആഗോളവല്‍ക്കരണ നയങ്ങളുടെ വക്താക്കളായ, വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്ത കോണ്‍ഗ്രസിന് ബിജെപിക്ക് ബദലാകാനാകില്ല. വര്‍ത്തമാനകാലത്ത് വര്‍ഗീയതയ്ക്കും ആഗോളവല്‍ക്കരണത്തിനും എതിരെ ശരിയായ നിലപാടെടുത്ത് പ്രവര്‍ത്തിക്കുന്നത് ഇടതുപക്ഷപ്രസ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ, ഇടതുപക്ഷ ഐക്യമെന്നത് രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷ ഐക്യമെന്ന കാഴ്ചപ്പാടില്‍ ഊന്നിനിന്ന് പ്രവര്‍ത്തിക്കുന്നതിന് സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസ് ആഹ്വാനം ചെയ്തത്. ഇടതുപക്ഷ ഐക്യത്തിന്റെ അടിസ്ഥാനത്തില്‍ ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്തുള്ള പോരാട്ടങ്ങള്‍ നടത്തി പാര്‍ടിയുടെയും ഇടതുപക്ഷത്തിന്റെയും സ്വാധീനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ അടിത്തറയില്‍ ജനാധിപത്യശക്തികളെയും യോജിപ്പിച്ച് മുന്നോട്ടുപോകുക എന്നത് ഏറെ പ്രധാനമാണ്.
യുഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പിന്നിടുന്ന ഘട്ടംകൂടിയാണിത്. ജനങ്ങള്‍ക്ക് വളരെയേറെ പ്രതീക്ഷ നല്കി വികസനം, കരുതല്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി അധികാരമേറ്റെടുത്തത്. ഹൈസ്പീഡ് റെയില്‍വേ കോറിഡോര്‍, കാസര്‍കോടുമുതല്‍ കളിയിക്കാവിളവരെ നാലുവരിപ്പാത, കേരളം മുഴുവന്‍ ഗ്യാസ് പൈപ്പുലൈന്‍, കോഴിക്കോട്-തിരുവനന്തപുരം മിനി മെട്രോ, വിഴിഞ്ഞം തുറമുഖം, സ്മാര്‍ട്ട് സിറ്റി, പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി തുടങ്ങിയ വന്‍കിടപദ്ധതികള്‍ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നുംതന്നെ പ്രായോഗികമായിട്ടില്ല.
എല്‍ഡിഎഫ് കാലത്ത് തുടങ്ങിയ കണ്ണൂര്‍ വിമാനത്താവളം, കൊച്ചിന് മെട്രോ എന്നിവയുടെ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാകുകയും അഭ്യസ്തവിദ്യര്‍ തൊഴിലന്വേഷകരായി ലോകം ചുറ്റുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്. വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടു. നിത്യോപയോഗസാധനങ്ങളുടെ വിലയാകട്ടെ, കുതിച്ചുകയറുന്നു. അവ നിയന്ത്രിക്കാനുള്ള നടപടിയൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വില കുറയുമ്പോള്‍ അത് ജനങ്ങള്‍ക്ക് അനുഭവേദ്യമാക്കാന്‍ കഴിയുന്ന അവസ്ഥയുണ്ടാകുന്നില്ല. പകരം, സര്‍ക്കാര്‍ പുതിയ നികുതികള്‍ ചുമത്തി മുന്നോട്ടുപോകുകയാണ്. പെട്രോളിന്റെ വര്‍ധിപ്പിച്ച ടാക്സ് കുറയ്ക്കാതെ സര്‍ക്കാരും എണ്ണക്കമ്പനികളും ചേര്‍ന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്.
യുഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയമായും സംഘടനാപരമായും ശിഥിലമാകുകയാണ്. ഇതിന്റെ തെളിവാണ് സമീപദിവസങ്ങളില്‍ എ കെ ആന്റണി നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പുപോര് ശക്തിപ്പെട്ടത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി ഭരിക്കുന്നിടത്തോളം കാലം ഭരണരംഗത്തെ അഴിമതി അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ഉയര്‍ത്തുന്നത്. കോടികള്‍ കൈക്കൂലി വാങ്ങിയ മന്ത്രിമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഉദ്യോഗസ്ഥരുടെ അഴിമതി നിയന്ത്രിക്കാന്‍ സാധിക്കുകയെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന് ഉന്നയിച്ച ചോദ്യം.
അഴിമതി എല്ലായിടത്തും ഉണ്ടെന്നുപറഞ്ഞ് തടിതപ്പാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നത്. ഘടകകക്ഷികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂര്‍ച്ഛിച്ചു. ഇതിന്റെ ഫലമായി യുഡിഎഫിന് യോജിച്ച് പരിപാടിപോലും നടത്താന്‍ കഴിയുന്നില്ല. അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാര്‍ അത്യഗാധമായ പ്രതിസന്ധിയിലാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നമൊന്നും പരിഹരിക്കുന്നതിനുള്ള പരിപാടികള്‍ സര്‍ക്കാരിനില്ല. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ന്നു. പൊതുമേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍പോലും വിതരണം ചെയ്യുന്നില്ല. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയുടെ സ്ഥലത്തുപോയി വൈകിട്ടുവരെ കാത്തുകെട്ടി കിടന്നാലാണ് ആനുകൂല്യം നല്‍കുന്നത്. രാജഭരണത്തെ അനുസ്മരിപ്പിക്കുന്നവിധം മുഖ്യമന്ത്രിയുടെ ദര്‍ശനം കിട്ടുന്നവര്‍ക്കാണ് ചില പ്രത്യേക സൗകര്യങ്ങള്‍ ലഭ്യമാകുന്നത്. ഇത്തരം പരിപാടിയില്‍ കൂടിയും സര്‍ക്കാര്‍ പരസ്യത്തിലൂടെയും മന്ത്രിമാരുടെ കാറിലൂടെയുള്ള സവാരികളിലുംകൂടിയാണ് സര്‍ക്കാര്‍ ഉണ്ടെന്ന് തോന്നുന്നതുതന്നെ. ഫലത്തില്‍ ഭരണംതന്നെ സ്തംഭനത്തിലാണ്.
ക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് മാതൃകയായിരുന്ന കേരളം ഇന്ന് പിറകോട്ടുപോയി. രണ്ടുതരം നീതിയാണ് ഇവിടെ നടപ്പാക്കുന്നത്. രാഷ്ട്രീയ താല്‍പ്പര്യത്തോടെ പാര്‍ടി പ്രവര്‍ത്തകര്‍ക്കുനേരെ കള്ളക്കേസുകള്‍ പടച്ചുവിടുകയാണ്. യുഎപിഎയും കാപ്പയുമെല്ലാം സര്‍വസാധാരണമായി. അതേ അവസരത്തില്‍തന്നെ, സ. ഷിബിനെ കൊലപ്പെടുത്തിയ കൊലയാളികള്‍ക്ക് ജാമ്യം ലഭിക്കുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തു. ആര്‍എസ്എസുകാരും ന്യൂനപക്ഷ വര്‍ഗീയവാദികളും പ്രതികളായ കേസുകള്‍ ഒന്നിനുപിറകെ ഒന്നായി പിന്‍വലിക്കുന്നതിനും സര്‍ക്കാര്‍ നേതൃത്വംനല്‍കുന്നു. വര്‍ഗീയശക്തികള്‍ക്ക് ഇത്തരം ഒത്താശ ചെയ്തതിന്റെ ഫലമായി വര്‍ഗീയധ്രുവീകരണത്തിന്റെ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കപ്പെടുകയാണ്.
ജനദ്രോഹനയങ്ങള്‍ തീമഴപോലെ പെയ്യുന്ന വര്‍ത്തമാനകാലത്ത് അതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്. ജനങ്ങള്‍ക്കൊപ്പംനിന്ന് അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച നായനാരുടെ ഓര്‍മകള്‍ അത്തരം പ്രക്ഷോഭങ്ങള്‍ക്ക് നമുക്ക് കരുത്തായി തീരും
19-May-2015
മണിലാല്‍
ജിഫിൻ ജോർജ്
കോടിയേരി ബാലകൃഷ്ണന്
ഡോ.പി.മോഹന്‍ദാസ്