മരണ വ്യാപാരം
അജി
ഇത്തവണത്തെ ബോണസ് കിട്ടിയാല്‍ പൂത്തനൊരൂ വണ്ടി വാങ്ങണം. സന്തത സഹചാരിയായിരൂന്ന ചേതക്കിന് മൂത്ത പുത്രനേക്കാള്‍ മൂന്ന് നാല് വയസ് മൂപ്പായിരിക്കുന്നു.നഗരത്തില്‍ ചേതക്കിന്റെ ഉടമസ്ഥരായി ശേഷിക്കുന്ന പതിനെട്ടുപേരില്‍ ഒരാളാണ് ഞാനും ഇതിത്ര ക്യത്യമായി അറിയുന്നതെങ്ങനെ എങ്ങനെ എന്നാണ് നിങ്ങളുടെ സംശയമെങ്കില്‍ എന്റെ പൂര്‍വ്വാശ്രമത്തെ കുറിച്ചും ചിലതൊക്കെ പറയണം ഈ നഗരത്തിലെ ചെറുതും വലുതുമായ എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയായിരുന്നു കുഞ്ഞുമോന്‍സ് ഓട്ടോകെയര്‍. അവിടുത്തെ ചീഫ് ഫിസിഷ്യന്‍ ഞാനും. അവിടെ നിന്നുമാണ് ഞാന്‍ ഇപ്പോള്‍ ഇങ്ങനെ സ്വപ്നം കാണാന്‍ കഴിയുന്ന ഒരവസ്ഥയിലേക്ക് എത്തിയതുതന്നെ. ആ സംഭവങ്ങള്‍ ഒന്നു വിവരിച്ചാല്‍ ഇങ്ങനെ വരും. ഒരു പ്രൊഫഷണല്‍ കഥ പറച്ചിലുകാരനല്ലാത്തതിന്റെ ഇഴച്ചിലും വലിച്ചിലും അതിനുണ്ടായെന്നും വരാം. എന്നാലും ഉള്ളതുള്ളതുപോലെ പറയുക എന്നതാ എന്റെ ഒരു രീതി.
പിഴച്ചും പിഴപ്പിച്ചും മുന്നോട്ട് പോകുന്ന നഗര വീഥിയില്‍ നിന്ന് തിരിഞ്ഞ് തികച്ചും ശാന്തമായ കൈവഴിയിലൂടെ കുത്തിയും കുലുങ്ങിയും എന്റെ സ്വന്തം ചേതക് മുന്നോട്ട് പോയികൊണ്ടിരുന്നു. രാവിലെയും വൈകുനേരവും ഉളള യാത്ര ഒരു യന്ത്രത്തിന്റെ നിത്യ കര്‍മ്മം എന്ന പോലെ ചേതക് നിര്‍വഹിച്ചുകൊണ്ടിരുന്നു. ഇവനോടുളള ഇഷ്ടം കൊണ്ടു മാത്രമല്ല, മറ്റൊന്നു മാറ്റി വാങ്ങാനുളള ശേഷിയില്ലായിമ കൊണ്ടു കൂടിയാണ് നഗരത്തിലെ പതിനെട്ടു ചേതക് ഉടമകളില്‍ ഒരാളായി ഞാന്‍ ഇപ്പോഴും തുടരുന്നത്. വഴിയിലെ മൂന്നാമത്തെ ഹമ്പിനടുത്താണ് ബോധനയുടെ വൃദ്ധമന്ദിരം. കുഞ്ഞുമോന്‍സ് ഓട്ടോകെയറില് സുഖ ചികില്‍സക്കെത്തുന്ന വാഹന സുഹൃത്തുക്കളെ പലപ്പോഴും അവിടെ കാണാം. ഗാരേജിലെത്തി വര്‍ക്കിങ്ങ് ഡ്രസ്സ് ഇട്ടുകൊണ്ടിരുന്നപ്പോള്‍ ആണ് മേസ്തിരിയുടെ ശബ്ദം കേട്ടത്, 'വിജയാ..മാറ്റ്സണില്‍ നിന്ന് ഒരു ഓഡിയുണ്ട് നീ തന്നെ നോക്കണം'.
മാറ്റ്സണ്‍ - ഒരു മാറ്റത്തിന്റെ കഥ
മാറ്റ്സണെ കുറിച്ച് പറയുന്നതിന് മുന്‍പ് അല്പം ഫ്ളാഷ് ബാക്ക് പറയാനുണ്ട്. മാറ്റ്സണ്‍ എന്ന മാത്തുക്കുട്ടിയുടെ പിതാവ് ചെരിവുകാലായില്‍ മാത്തന് എബനേസര്‍ മാത്തന് മുതലാളിയായ കഥ. നാളിതുവരെ എത്രയെത്ര വേഷങ്ങള്‍ മാത്തന് മുതലാളി പകര്‍ന്നാടി. അപ്പന്റെ കൂടെ കയ്യാലകെട്ടു തുടങ്ങിയപ്പോ കയ്യാല മാത്തനായിരുന്നു അയാള്‍. പിന്നെ കാളവണ്ടിയും കള്ളുകുടിയുമായി നടന്നപ്പോള്‍ അയാള്‍ കാളമാത്തനായി. പിന്നീട് ഒരു സുപ്രഭാതത്തില്‍ ദൈവ വിളിയുണ്ടായി ശുഭ്രവസ്ത്ര ധാരിയായി പുറത്തുവന്നത് ഉപദേശി മാത്തനായിരുന്നു. അതുകൊണ്ടൊന്നും മാത്തന് കെട്ടിയ മറിയക്കും, മറിയപെറ്റ ആറു മക്കള്‍ക്കും വിശപ്പടങ്ങില്ലെന്നു വന്നപ്പോള്‍ മാത്തന് മലബാറിനു വണ്ടി കയറി. ആയിടക്കു തന്നെയാണ് ഞങ്ങടെ വീട്ടുകാരും മലബാറിലെത്തിയത്. നാട്ടിലെ പരിചയക്കാര് അങ്ങനെ മലബാറിലെ അയല്‍ക്കാരായി. മലബാറില്‍ കപ്പകൃഷി തുടങ്ങിയ മാത്തന് പിന്നെ പൂളമാത്തനായി. പിന്നെ പിന്നെ മാത്തന് കൈവെക്കാത്ത കൃഷിയില്ലാ എന്നായി. മക്കളില്‍, മൂത്തവര്‍ മൂന്നുപേര്‍, ഔസേപ്പും, വര്‍ക്കിയും, ബേബിയും മാത്തന്റെ കളരിയില്‍ തന്നെ പഠനം തുടങ്ങി. ഇളയ രണ്ട് പെണ്മക്കളെ കോണ്‍വെന്റ് സ്കൂളിലും, ഒള്ളതിലും ഇളയവന് മാത്തുക്കുട്ടിയെ പട്ടണത്തിലെ ഇംഗ്ലീഷ് പള്ളിക്കൂടത്തിലും വിട്ട കാലത്തിനിടെ മാത്തന് കൃഷിയും കച്ചവടമൊക്കെയായി മാത്തന് മുതലാളിയായി. പെണ്മക്കള് നേഴ്സിംഗ് പഠനം കഴിഞ്ഞ് അമേരിക്കയിലെത്തിയപ്പോ മാത്തന് മുതലാളി വളര്‍ന്ന് ഇടവക പ്രമുഖനായി. അച്ചായന് പാര്‍ട്ടിയുടെ നേതാവും വ്യാപാര പ്രമുഖനുമായ എബനേസര്‍ മാത്തന് മുതലാളിയായി. മാത്തുക്കുട്ടിയും ഇതിനിടെ ബാംഗ്ലൂരിലെ മാനേജരു പഠനമൊക്കെ കഴിഞ്ഞ് അമേരിക്കയിലെത്തിയിരുന്നു. മുന്‍പ് കോളേജില്‍ പ്രീഡിഗ്രിക്ക് ഞങ്ങള്‍ ഒരു ബഞ്ചിലിരുന്നു പഠിച്ചവരാണ്. ഓടി നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ എന്നും ഞങ്ങള്‍ കാണുമായിരുന്നു.
പ്രീഡിഗ്രി ഒരു മോശം ഡിഗ്രി അല്ലാത്തതുകൊണ്ടും എന്നാല്‍, വീട്ടിലെ സാഹചര്യങ്ങള്‍ അത്രമേല്‍ നല്ലതല്ലാതിരുന്നതുകൊണ്ടും ഞാനെന്റെ ജീവിതത്തിന്റെ വഴി നേരെ കുഞ്ഞുമോന്‍സ് ഓട്ടോകെയറിലേക്കു തിരിച്ചുവിട്ടു. അതിനിടെ എത്രയോ ശ്വാസോഛ്വാസങ്ങള്‍ കഴിഞ്ഞുപോയി. മാത്തുക്കുട്ടിയും മറ്റു കൂട്ടാളികളും വല്ലപ്പോഴും വരുന്ന ഓര്‍മ്മകളായി.
അതേ സമയത്ത് അമേരിക്കയില്‍ മാത്തുക്കുട്ടിക്ക് മാനേജരുദ്യോഗം കൈനിറയെ പണം, മാത്തന് മുതലാളിക്ക് മനം നിറയെ സന്തോഷം. നാട്ടില്‍ വരുമ്പോഴൊക്കെ മാത്തുക്കുട്ടി എന്നെത്തേടി വരുമായിരുന്നു. അങ്ങനെ ഒരു തവണ വന്നപ്പോഴാണ് അമേരിക്കയിലെ സാമ്പത്തിക തകര്‍ച്ചയും ജോലി സ്ഥിരതയില്ലായ്മയുമൊക്കെ അവന്റെ സംസാരത്തില്‍ നിറഞ്ഞു നിന്നത്. ഈയിടെ പത്രത്തില്‍ വരുന്ന വാര്‍ത്തകളും യൂണിയന് മീറ്റിംഗില്‍ വിശദീകരിച്ച കാര്യവും ഒക്കെ കേട്ടപ്പോള്‍ എനിക്ക് പെട്ടന്ന് മാത്തുക്കുട്ടിയെ ഓര്‍മ്മവന്നു. ഞായറാഴ്ച വൈകിട്ട് വായന ശാലയില്‍ ആഴ്ചപ്പതിപ്പിന്റെ താളുകള്‍ മറിച്ചിരിക്കെയാണ് ' ഡാ വിജയാ' എന്ന വിളി കേട്ടത്. തിരിഞ്ഞുനോക്കിയപ്പോഴേക്കും മാത്തുക്കുട്ടി അുെത്തെത്തിയിരിക്കുന്നു. ഏറെയൊന്നും പറഞ്ഞില്ലെങ്കിലും ഇനിയൊരു തിരിച്ചു പോക്കില്ല എന്നവന് ഉറപ്പിച്ചു പറഞ്ഞു. പോയിട്ടും കാര്യമില്ല. ഇവിടെയെന്തെങ്കിലും ബിസിനസ്, അപ്പന്റെ ബിസിനസ് വിപുലീകരിച്ചാല്‍ മതിയല്ലോ എന്ന എന്റെ മറുപടിയൊന്നും അവന് കേട്ടതേയില്ല. ഇനിയെന്തെങ്കിലും തുടങ്ങിയാല്‍ അത് ഒരിക്കലും തകരാത്തതാവണം എന്നവന് നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനിടെ മാത്തുക്കുട്ടി പറഞ്ഞ ഒരു കാര്യം കൂടി പറഞ്ഞോട്ടെ, അവനിപ്പോ മാത്തുക്കുട്ടിയല്ല മാറ്റ്സണ്‍ ആണത്രേ. പിന്നീട് അവന് പറഞ്ഞ കാര്യങ്ങള്‍ക്ക് 100-110 കി മീ സ്പീഡായിരുന്നു ഒപ്പമെത്താന്‍ ഞാന്‍ ശരിക്ക് പാട്പെട്ടു.
മാറ്റ്സണ്‍ ഇവന്റ്സ്- മാറ്റ്സണ്‍ വിവരിക്കുന്നു
“മനുഷ്യന്റെ മരണമാണ് ഞാന്‍ ഇനി സാധ്യത കാണുന്ന മേഖല, എല്ലാം കമ്പോളവല്ക്കരിക്കപ്പെടുന്ന കാലത്ത് മരണത്തിലും നമുക്കൊരു സാധ്യത കണ്ടുകൂടെ. പൊതുവെ ആളുകളുടെ തിരക്ക് വര്‍ദ്ധിച്ചുവരുന്നു. അങ്ങിനെ വരുമ്പോള്‍ മരണം എത്ര പ്രിയപ്പെട്ടവരുടേതാണെഗ്കിലും വലിയ ബാധ്യതയാകുന്നു. ഈ കേരളത്തിലെ ആസ്തിയും അഭിമാനക്കൂടുതലുമുള്ളവരായവരുടെ വീടുകളിലെല്ലാം എന്റെയാളുകള് എത്തും. അവരുടെ സമൂഹത്തിലെ സ്ഥാനവും നിലയും ഒക്കെപ്പറഞ്ഞ് ബോധ്യപ്പെടുത്തും. ശ്രമകരമായ ജോലിതന്നെ ഓരോരുത്തരുടെയും മരണാനന്തര ചടങ്ങുകളില്‍ സംബന്ധിക്കേണ്ടവരുടെ ലിസ്റ്റുകള്‍ വെവ്വേറെ തയ്യാറാക്കും. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാംസ്കാരിക നായകന്മാര്, കലാകാരന്മാര്, മതനേതാക്കള്‍, പുരോഹിതര്‍, വ്യവസായ പ്രമുഖര്‍, സിനിമാ രംഗത്തുള്ളവര്‍, സാഹിത്യകാരന്മാര് എന്നിങ്ങനെ നീളുന്ന പട്ടിക. ഇവരുമായൊക്കെ കമ്പനി കരാറിലെത്തും. ഇതുകൂടാതെ വേണ്ട പശ്ചാത്തല സൗകര്യങ്ങള്‍, വാഹനങ്ങള്‍, അലങ്കാരങ്ങള്‍ അങ്ങനെ എല്ലാം കമ്പനി തീരുമാനിച്ച് മംഗളകരമായി കുറഞ്ഞ ചിലവിലില്‍ നടത്തും”.
ഇത്രയും കേട്ടപ്പോഴേക്കും ഞാന്‍ അന്തിച്ച് പോയിരുന്നു. നേരമിരുട്ടിയത്കൊണ്ട് അന്ന് ഞങ്ങള്‍ പിരിഞ്ഞു. പിന്നെ കുറെ ദിവസത്തേക്ക് മാത്തുക്കുട്ടിയെ കണ്ടില്ല. അന്വേഷിച്ചപ്പോള്‍ ബിസിനസ്സ് ടൂറിലാണെന്നറിഞ്ഞു. മെല്ലെ മെല്ലെ ആ കാര്യങ്ങളൊക്കെ മറന്ന് തുടങ്ങിയിരുന്നു. ഒരുദിവസം ജോലിക്കു പോകുന്ന വഴി പുതിയതായി പണിത കെട്ടിടത്തില്‍ ഒരു ബോര്‍ഡ് കണ്ടു മാറ്റ്സണ്‍ ഇവന്റ്സ് & സ്പെഷ്യലിസ്റ്റ് ഇന്ക്രിമേഷന് എന്ന തിളങ്ങുന്ന അക്ഷരത്തില്‍ ബോര്‍ഡ്. ജീവനക്കാര്‍ വരുന്നു പോകുന്നു നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. കൂടുതല്‍ വാഹനങ്ങള്‍ കാണുക എന്നത് ഞങ്ങള്‍ വര്ക്കുഷോപ്പ്കാര്ക്ക് ആനന്ദകരമായ കാഴ്ചയാണല്ലോ.
ജീവിതത്തിരക്കുകള്‍ കാഴ്ചയെ മറക്കുന്ന വര്‍ത്തമാനത്തിലാണല്ലോ ഞാനും നിങ്ങളും. എങ്കിലും അതിനിടയിലെല്ലാം മാറ്റ്സണ്‍ ഇവന്റ്സിന്റെ വാഹനങ്ങള്‍ ചീറിപ്പായുന്നതും സ്ഥാപനത്തിന്റെ പരസ്യവുമെല്ലാം ഞാന്‍ കാണുന്നുണ്ടായിരുന്നു. ചേതക്കിന്റെ പ്രൗഡിയില്‍ നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് രക്ഷപ്പെട്ട് ഊടുവഴിയിലൂടെ കുഞ്ഞുമോന്‍സ് ഓട്ടോ ഗാരേജിലേക്കുള്ള പതിവു യാത്രകളില്‍ മാടിവിളിക്കുന്ന മാറ്റ്സണ്‍ ഇവന്റ്സിന്റെ ആകര്‍ഷകമായ പരസ്യബോര്‍ഡുകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. വര്‍ക്ക്ഷോപ്പുകളില്‍ അപൂര്‍വ്വ പ്രതിഭാസമായി ലഭിക്കുന്ന ഇടവേളകളില്‍ ഞാന്‍ മാത്തുക്കുട്ടിയെ ഓര്‍ക്കാറുണ്ട്. ഒരു ദിവസം അവന്റെ ഓഫീസില്‍ ഒന്നുപോകണം. അങ്കവും കാണാം താളിയും ഒടിക്കാം എന്നു പറഞ്ഞപോലെ എന്തെങ്കിലും പുതിയ ജോലി ശരിയായാല്‍ അവന്റെയൊപ്പം കൂടണം. വര്‍ക്ക്ഷോപ്പ് പണി മടുത്തിരിക്കുന്നു എത്രകാലമാ ഇങ്ങനെ കരിയോയിലില്‍ കുളിച്ച് ഗ്രീസ് തുടച്ച് വൈകുന്നേരം കുഴമ്പും ചൂടുവെള്ളവുമായി. വീട്ടില്‍ നിന്ന് പുതിയ പുതിയ ആവശ്യങ്ങളുടെ പട്ടിക നീണ്ടു വരുന്നു. ഒന്നും വട്ടമൊപ്പിച്ചു പോകാന്‍ വയ്യാതായി. ഇതൊക്കെ ചിന്തിച്ചിരുന്നപ്പോഴാണ് മേസ്തിരിയുടെ വിളി വന്നത് 'വിജയാ..മാറ്റ്സണില്‍ നിന്ന് ഒരു ഓഡിയുണ്ട് നീ തന്നെ നോക്കണം'. കംപ്ലയിന്റ് മൈനറായിരുന്നു എങ്കിലും ഡ്രൈവറെ പറഞ്ഞുവിട്ട് ഉച്ചക്ക് ശേഷം തിരികെയെത്തിക്കാമെന്ന് പറഞ്ഞു.
മേസ്തിരിയോട് പറഞ്ഞ് ഞാന്‍ തന്നെ വണ്ടിയുമായി മാറ്റ്സണ്‍ ഇവന്റ്സിലെത്തി. ഇതൊക്കെ ഇത്രപെട്ടന്ന് നടക്കും എന്ന് കരുതിയതല്ല. പ്രത്യക അനുവാദം വാങ്ങി എം.ഡി യുടെ കാബിനിലെത്തി. ഓഫീസ് ബോയ് കോഫിയുമായി വന്നു. മുറിയില്‍ നല്ല തണുപ്പ്. ഭിത്തി നിറയെ മോണിറ്ററുകള്‍, അലങ്കരിച്ച ഓഫീസ് മേശ, ആഢംബരക്കസേര കുറച്ചുനേരമങ്ങനെ നോക്കിയിരുന്നപ്പോ ഓഫീസ് ബോയ് വീണ്ടും വന്നു എം.ഡി. കോണ്‍ഫറന്‍സിലാണ്. സാധാരണ ഓഫീസില്‍ ആരെയും അങ്ങനെ ഇരുത്താറില്ല പേരു പറഞ്ഞപ്പോഴാ സമ്മതിച്ചതത്രെ. പയ്യനറിയില്ലല്ലോ ഞാനും മാത്തുക്കുട്ടിയുമായുള്ള ബന്ധം. വീണ്ടും ആലോചനകളിലേക്കാണ്ടു. നര്മ്മകഥകളിലും കാര്‍ട്ടൂണുകളിലും കാണാറുള്ളതുപോലെ കാലന്റെ ഓഫീസില്‍ ഞാനിരിക്കുന്നു. ആധുനികവല്‍ക്കരിച്ച കാലന്റെ ഓഫീസ്. എന്തെല്ലാം സംവിധാനങ്ങള്‍ ഓര്ത്തോര്ത്തിരുന്നപ്പോഴേക്കും അകത്തുനിന്നും വാതില്‍ തുറന്ന് മാത്തുക്കുട്ടി കാബിനിലെത്തി. 'വിജയാ, ഞാന്‍ താമസിച്ചോ, കുടിക്കാനെന്തുവേണം'. എം.ഡി. മാറ്റ്സന്റെ ജാഡയൊന്നുമില്ലാതെ അവന് എന്റെ മാത്തുക്കുട്ടിയായി. വീട്ടുകാരെക്കുറിച്ചും, മക്കളെക്കുറിച്ചും ചെറിയ അന്വേഷണം, നേരം വൈകിയതില്‍ ക്ഷമാപണം. വീണ്ടും കുടിക്കാന്‍ ശീതള പാനീയമെത്തി. ഒരിറക്ക് കുടിക്കുന്നതിനിടെ അവന് പണ്ടെന്നോട് പകുതി കളിയായും പകുതി കാര്യമായും പറയാറുണ്ടായിരുന്ന തമാശ ആവര്‍ത്തിച്ചു. നിന്റെ പേര് മാറ്റാന്‍ സമയമായി. വിജയനെന്ന പേരുമായി എന്തിനിങ്ങനെ പരാജിതനായി നടക്കണം. ഞാനിത്തവണ ഒന്നു ഞെട്ടി. ചടുലമായിരുന്നു അവന്റെ വാക്കുകള്‍. “നിനക്കെന്റെ കൂടെ നിന്നൂടെ , വര്‍ക്ക്ഷോപ്പിലെ മുഷിപ്പിക്കുന്ന പണി ഉപേക്ഷിച്ച് ഇവിടുത്തെ വാഹനങ്ങളുടെ മേല്നോട്ടക്കാരനായി” ജോലിയുടെ സ്ഥാനപ്പേരും അവന് പറഞ്ഞു വെഹിക്കിള്‍ സൂപ്പര്‍വൈസര്‍. കൂട്ടത്തില്‍ നിനക്ക് പറ്റാവുന്ന കേസുകളും കാന്‍വാസ് ചെയ്യ് ഉയര്‍ന്ന കമ്മീഷന് കിട്ടും. അതു പറഞ്ഞപ്പോള്‍ എനിക്ക് പരിചിതനായ മാത്തുക്കുട്ടിയായിരുന്നില്ല അവന്. എന്നോടുള്ള സംസാരത്തിനിടയില്‍ തന്നെ ആര്‍ക്കൊക്കെയോ വേണ്ട നിര്‍ദ്ദേശങ്ങള്‍ അവന് നല്കിക്കൊണ്ടിരുന്നു. വിഷയം മരണാനന്തരം തന്നെ. സംസാരത്തിനുശേഷം റിമോട്ടെടുത്ത് മോണിറ്ററുകള്‍ ഓരോന്നും ഓണാക്കി. വൃത്താകൃതിയിലുള്ള ക്യാബിന്റെ ഭിത്തിയില്‍ അനേകം മോണിറ്ററുകള്‍ ഒന്നിച്ചു തെളിഞ്ഞു. ഓരോന്നിനും ഓരോ ജില്ലയുടെ പേര്. പിന്നെ നടന്ന കാര്യങ്ങള്‍ വളരെ വേഗത്തിലായിരുന്നു. ഓരോന്നിലും അതത് ജില്ലയിലെ മരണവാര്‍ത്തകള്‍ തെളിഞ്ഞു. മരിച്ചയാളുടെ വ്യക്തി വിവരണം, പശ്ചാത്തലം, ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങള്‍, പങ്കെടുക്കേണ്ടയാളുകള്, ഒടുവില്‍ ബിസിനസ് എക്സിക്യുട്ടീവിന്റെ ഐ.ഡി. പൊളിഞ്ഞുപോയ വായ അടക്കാന്‍ ഞാന്‍ മറന്നു. മാത്തുക്കുട്ടി വീണ്ടും തിരക്കിലായി ഓരോ എക്സിക്യുട്ടീവിനും ടീം ലീഡര്‍മാര്‍ക്കും മാനേജര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്കാന് ആരംഭിച്ചു. പുരോഹിതന്മാരെപ്പറ്റി, വി.ഐ.പി.കളെപ്പറ്റി, മോര്‍ച്ചറി, അലങ്കാരം, വാഹനക്രമീകരണം, അകലെയുള്ള ബന്ധുക്കള്‍, സംസ്കാര രീതി എന്നുവേണ്ട സകലതും. അവന്റെ വേഗത കണ്ട് ഞാന്‍ അമ്പരന്നു. എല്ലാ മോണിട്ടറും നോക്കിത്തീര്ന്നപ്പോഴേക്കും അവന് ക്ഷീണിതനായിരുന്നു. മോണിട്ടറുകള്‍ ഓഫാക്കി ഒരിറക്ക് വെള്ളം കുടിച്ച് അവന് എന്നെ നോക്കി പുഞ്ചിരിച്ചു. 'നിനക്കറിയുമോ ഓരോ ദിവസവും ഇങ്ങനെ എത്ര മരണങ്ങള് ഞാന്‍ അറിയുന്നുണ്ടെന്ന്. പ്രധാന കേസുകള്‍ മാത്രമേ ഞാന്‍ അറ്റന്റ് ചെയ്യാറുള്ളൂ. നിനക്കറിയുമോ നമ്മുടെ നമ്മുടെ കമ്പനിയുടെ വ്യാപ്തി, ബിസിനസ് എക്സിക്യൂട്ടീവുകളില്‍ തുടങ്ങി ടീം ലീഡര്‍മാര്‍, മാനേജര്‍മാര്‍, വീഡിയോ ഗ്രാഫര്‍മാര്‍, ഡോക്ടര്‍മാര്‍,നേഴ്സ്, ഡ്രൈവര്‍, ഡാര്ഡനിംഗ് നടത്തുന്നവര്‍, ഇലക്ട്രീഷ്യന്, കമ്പ്യൂട്ടര്‍ വിദഗ്ദര്‍, പുരോഹിതര്‍, കുഴിവെട്ടുകാര്‍, ക്രിമറ്റോറിയം ഓപ്പറേറ്റര്‍മാര്‍, നാടന്‍ ചിത ഒരുക്കുന്നവര്‍ അങ്ങനെ തുടങ്ങി മരണവുമായി ബന്ധപ്പെട്ട് ഓരോ മതത്തിലും പുതിയ ആചാരങ്ങള്‍ സൃഷ്ടിക്കുന്ന ഗവേഷകര്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ക്ക് നമ്മള് തൊഴില്‍ നല്കുന്നു. കേരളത്തിലങ്ങോളമിങ്ങോളം ശാഖകളുള്ള വര്‍ഷത്തില്‍ 8 മുതല്‍ 10 കോടിവരെ ടേണ്‍ ഓവര്‍ ഉള്ള സ്ഥാപനമായി നമ്മള് മാറി. ഇപ്പോള്‍ മരണ സംബന്ധമായ കാര്യങ്ങള്‍ മാത്രം പ്രക്ഷേപണം ചെയ്യാന്‍ ഒരു ചാനല്‍ തുടങ്ങാനും പദ്ധതിയുണ്ട്'. അവന്റെ വിവരണം എന്നെ സ്തബ്ധനാക്കി. മാത്തുക്കുട്ടി വീണ്ടും വലിയ മോണിട്ടര്‍ ഓണാക്കി. തെളിഞ്ഞുവന്ന ചിത്രവും പേരും കണ്ട് ഞാനൊന്നു പതറി. കളപ്പുരയ്ക്കല്‍ അന്തോണി മൈക്കചറ്റ 76 വയസ്സ്, റിട്ടയേഡ് ടീച്ചര്‍, മക്കള്‍ പേരുവിവരം, അലങ്കരിച്ച പദവികള്‍, സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ടവര്‍ തുടങ്ങി നീണ്ട വിവരങ്ങള്‍… എന്തെങ്കിലും ചോദിക്കും മുന്‍പ് അവന് വീണ്ടും തിരക്കിലായി. പിന്നെ തിരക്കൊഴിഞ്ഞശേഷം പറഞ്ഞു നമ്മുടെ അന്തോണി മാഷ് തന്നെ. മിനിമം 4 ദിവസമെങ്കിലും മൊബൈല്‍ മോര്‍ച്ചറിയില്‍ വെയ്ക്കണമെന്നാ മക്കള്‍ക്ക്. നമ്മള് ഒരു മര്യാദ കാട്ടണ്ടേ ഞാനത് 3 ദിവസമാക്കിക്കുറച്ചു. അഞ്ചാറു മാസമായി ഒരേ കിടപ്പിലായിരുന്നു. നോട്ടത്തിന് ഒരു ഹോം നേഴ്സ് മാത്രം അതും നമ്മള് വഴി തന്നെ. മക്കള്‍ വിദേശകാര്യ മന്ത്രാലയത്തിലും, മറ്റ് ഉയര്‍ന്ന ഉദ്യോഗങ്ങളിലും ഒക്കെയല്ലേ. മന്ത്രിമാരുടെയും, ബിഷപ്പുമാരുടെയും, സാംസ്കാരിക നായകരുടെയും, രാഷ്ട്രീയക്കാരുടെയും, വ്യവസായ പ്രമുഖരുടെയും ഒക്കെ ഒരു പട തന്നെ വരും. എല്ലാവരുടെയും സമയവും സൗകര്യവും ക്രമീകരിക്കണം. തിരക്കിനിടയിലും അവന് മുന്നോട്ടുവെച്ച ജോലിയുടെ ഓഫര്‍ ഒന്നുകൂടി മാറ്റ്സണ്‍ ഓര്‍മ്മപ്പെടുത്തി എന്നെ യാത്രയാക്കി.
വര്‍ത്തമാനം
ഈ സംഭവം കഴിഞ്ഞ് കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോ ഞാന്‍ കുഞ്ഞുമോന്‍സ് ഓട്ടോ കെയറിലെ നീണ്ട കാലത്തെ കരിയും ഗ്രീസും പുരണ്ട ജീവിതം അവസാനിപ്പിച്ചു. ഇപ്പോ എന്റെ വേഷത്തിലും, നടപ്പിലും, എടുപ്പിലുമെല്ലാം മാറ്റം വന്നിരിക്കുന്നു. വരാതെ പറ്റില്ലല്ലോ മാറ്റ്സണ്‍ ഇവന്റ്സിലെ വെഹിക്കിള്‍ സൂപ്രവൈസറല്ലേ ഞാന്‍. ഒറ്റ മാസം കൊണ്ട് തന്നെ വരുമാനത്തില്‍ വന്‍ വ്യത്യാസമല്ലേ വന്നത്. അല്പസ്വല്പം ക്യാന്‍വാസിംഗ് ഞാനും തുടങ്ങിയിട്ടുണ്ട്. എന്താണെങ്കിലും എനിക്കുറപ്പാ ഇത്തവണ ചേതക്കിനു പകരം മറ്റൊരു വണ്ടി എന്റെ വീട്ടിലെത്തും.
29-Mar-2016
വീണ
മാജി ഷെറീഫ്
ദുര്‍ഗ മനോജ്
ആര് സി
സവിത എ പി