കേരളത്തിന്റെ മാനസീകാരോഗ്യം
ഡോ. ഷീന ജി സോമന്
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനം അമിത മദ്യപാനാസക്തിയിലും ഉയര്‍ന്ന ആത്മഹത്യാനിരക്കിലും മുന്നില്‍ തന്നെയാണ്. കുട്ടികളിലും കൗമാരക്കാരിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുത്തുന്നതിലൂടെയും ജീവിത നിപുണതാ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ഒരു പരിധിവരെയെങ്കിലും ലഹരിപോലുള്ള ആസക്തികളും കുറ്റവാസനകളും അമിതകോപവും അസാന്മാര്‍ഗിക ജീവിതരീതികളും മാനസികസംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതും തടയാനാവും. കുട്ടികളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ചുള്ള കൗണ്‍സിലിംഗും കമ്മ്യൂണിറ്റി സൈക്ക്യാട്രിയും പ്രഥമികാരോഗ്യ കേന്ദ്ര തലത്തിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും മാനസികാരോഗ്യപ്രശ്‌നങ്ങളെയും വ്യക്തിത്വവൈകല്യങ്ങളെയും കുറയ്ക്കാന്‍ സഹായകമാകും. എന്നാല്‍ ഈ പരിപാടികള്‍ എല്ലാ ജില്ലകളിലും പൂര്‍ണ്ണമായി ഫലപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ ദീര്‍ഘദൃഷ്ടിയോടുകൂടിയുള്ള നയങ്ങളും പരിപാടികളും ആവശ്യമാണ്. |
മനസ്സും ശരീരവും സന്തുലിതാവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ആരോഗ്യം പൂര്‍ണ്ണതയിലെത്തുന്നത്. പലപ്പോഴും ശാരീരിക രോഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണനയും ചികിത്സാസൗകര്യങ്ങളും മാനസികാരോഗ്യരംഗത്ത് ലഭിക്കാത്തത് അജ്ഞതയും തെറ്റിദ്ധാരണകളും സ്റ്റിഗ്മയും കാരണമാണ്. ലോകാരോഗ്യസംഘടന വിഭാവനം ചെയ്യുന്ന സമ്പൂര്‍ണ്ണ ആരോഗ്യം എന്ന ലക്ഷ്യത്തിലേയ്ക്ക് കേരളം എത്രകണ്ട് ഉയര്‍ന്നുവെന്നത് ഈയവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. രാജ്യത്തെ മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും ആരോഗ്യരംഗത്തും നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമായി കേരളം തുടരുമ്പോഴും മാനസികാരോഗ്യരംഗത്ത് ഇനിയും കാതങ്ങള്‍ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് പിന്നിലെ വിഷാദരോഗമായിരിക്കും ലോകത്തെ വലിയൊരു പങ്ക് ജനതയെയും 2020ഓടുകൂടി ഗ്രസിക്കാന്‍ പോകുന്ന ആരോഗ്യവിപത്ത് എന്ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ കേരളത്തിന്റെ മുമ്പിലുള്ള കാതലായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.
ഒന്ന്; ഊളംമ്പാറയിലും കുതിരവട്ടത്തും തൃശൂരുമുള്ള മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ജനറല്‍ ആശുപത്രി, മെഡിക്കല്‍കോളേജുകള്‍ എന്നിവിടങ്ങളില്‍ മാത്രമായി ഒതുങ്ങേണ്ടതാണോ സൈക്ക്യാട്രി ?
രണ്ട്; ഗ്രാമങ്ങളിലും നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും മാനസികാരോഗ്യ ചികിത്സാസംവിധാനങ്ങള്‍ ആവശ്യാര്‍ത്ഥം എത്തിക്കുന്നതിന് നമുക്ക് എന്ത് ചെയ്യാനാവും? അതിന് എത്രമുന്നോട്ടുപോകേണ്ടതുണ്ട്?
മൂന്ന്; കമ്മ്യൂണിറ്റി സൈക്ക്യാട്രിയിലൂടെ പ്രാഥമികതലത്തിലേക്ക്‌വരെ എത്തിക്കാന്‍ കഴിയുന്ന മാനസികാരോഗ്യപ്രവര്‍ത്തനങ്ങള്‍ എത്രമാത്രം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞു?
നാല്, ചികിത്സ വേണ്ടവരെ കണ്ടെത്താനും ആവശ്യത്തിനുള്ള ചികിത്സാസൗകര്യങ്ങള്‍ അവര്‍ക്ക് പ്രാപ്യമായ രീതിയില്‍ എത്തിക്കാനും നമുക്ക് കഴിഞ്ഞോ ?
അഞ്ച്, വൈകല്യാനുകൂല്യങ്ങള്‍ എത്രപേരിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞു? ചികിത്സാനന്തരം വേണ്ടുന്ന പുനരധിവാസപരിപാടികള്‍ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങള്‍ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും വേണ്ടതല്ലേ. അതിനുള്ള ഏകോപനവും ധനവിനിയോഗവും കാര്യക്ഷമമായി നടക്കുന്നുണ്ടോ?
ആറ്, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ പരിഗണിക്കേണ്ട അമിത മദ്യപാനാസക്തി, ആത്മഹത്യാ പ്രവണത, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന അക്രമണവാസന എന്നിവ നിയന്ത്രിക്കാന്‍, മാനസികാരോഗ്യരംഗത്തെ ഏതൊക്കെ വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുമെന്നുള്ള അന്വേഷണം കാര്യക്ഷമമാക്കേണ്ടതുണ്ട്.
എവിടെ നിന്നാവണം തുടക്കം
വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മുടെ സംസ്ഥാനം അമിത മദ്യപാനാസക്തിയിലും ഉയര്‍ന്ന ആത്മഹത്യാനിരക്കിലും മുന്നില്‍ തന്നെയാണ്. കുട്ടികളിലും കൗമാരക്കാരിലും മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുത്തുന്നതിലൂടെയും ജീവിത നിപുണതാ പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ഒരു പരിധിവരെയെങ്കിലും ലഹരിപോലുള്ള ആസക്തികളും കുറ്റവാസനകളും അമിതകോപവും അസാന്മാര്‍ഗിക ജീവിതരീതികളും മാനസികസംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതും തടയാനാവും. കുട്ടികളെയും കൗമാരക്കാരെയും കേന്ദ്രീകരിച്ചുള്ള കൗണ്‍സിലിംഗും കമ്മ്യൂണിറ്റി സൈക്ക്യാട്രിയും പ്രഥമികാരോഗ്യ കേന്ദ്ര തലത്തിലെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും സ്‌കൂള്‍ അധികൃതരും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളും മാനസികാരോഗ്യപ്രശ്‌നങ്ങളെയും വ്യക്തിത്വവൈകല്യങ്ങളെയും കുറയ്ക്കാന്‍ സഹായകമാകും. എന്നാല്‍ ഈ പരിപാടികള്‍ എല്ലാ ജില്ലകളിലും പൂര്‍ണ്ണമായി ഫലപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ ദീര്‍ഘദൃഷ്ടിയോടുകൂടിയുള്ള നയങ്ങളും പരിപാടികളും ആവശ്യമാണ്. ജീവനക്കാരുടെ അഭാവവും പരിമിതിയാണ്. സൈക്യാട്രിസ്റ്റ് സൈക്കോളജിസ്റ്റ്, പി എസ് ഡബ്ല്യു (സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍), സ്‌കൂള്‍ കൗണ്‍സിലര്‍, അധ്യാപകര്‍, പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനായി ഏകോപിപ്പിക്കേണ്ടതുണ്ട്.
എപ്പോഴാണ് ചികിത്സ വേണ്ടത്?
നേരത്തേതന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസ്സിലാക്കി വേണ്ട പരിചരണം നല്‍കുകയാണെങ്കില്‍ ഒട്ടുമിക്ക മാനസികരോഗങ്ങളും നിയന്ത്രണവിധേയമാണ്. സ്കിസോഫീനിയ, മൂഡ് ഡിസോര്‍ഡര്‍ പോലുള്ള ഗുരുതര മാനസികരോഗങ്ങള്‍, ലഹരി ഉപയോഗം, ഉല്‍കണ്ഠാ രോഗങ്ങള്‍, വ്യക്തിത്വവൈകല്യങ്ങള്‍ തുടങ്ങിയവ ആരംഭിക്കുന്നത് 15നും25നും വയസിനിടയിലാണ്. ആ സമയത്ത് രോഗലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ വേണ്ട ചികിത്സ തേടുവാന്‍ സാധിക്കും. ഇത് നിര്‍ബന്ധമായും നല്‍കണം. അതത്യാവശ്യമാണ്. പലപ്പോഴും മറ്റുള്ളവര്‍ അറിയാതിരിക്കാന്‍ ഒളിച്ചുവെക്കുന്നതും ലക്ഷണളെ നിസാരവല്‍്ക്കരിക്കുന്നതും രോഗത്തെ ഗുരുതരമാക്കും. വലിയ നിലയിലുള്ള തുടര്‍ചികിത്സകള്‍ക്കും നിരന്തരമായ പരിപാലനത്തിനുമാണ് ഇത് വഴിവയ്ക്കാറുള്ളത്. സൈക്കാട്രി വിഭാഗത്തെ ജനറല്‍ ഹോസ്പിറ്റല്‍, കമ്യൂണിറ്റി തലം വരെ ശാക്തീകരിക്കുകയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സാധിക്കും. സൗകര്യങ്ങളും. പരിശീലനം ലഭിച്ച പ്രാഥമിക തലത്തിലെ ഡോക്ടര്‍മാരെ ഉപയോഗിച്ച് കമ്യൂണിറ്റി മാനസീകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാവുന്നതാണ്. സൈക്കാട്രിസ്റ്റുകളെയും സൈക്കോളജിസ്റ്റുകളെയും കമ്യൂണിറ്റി തലം മുതല്‍ താലൂക്ക്, ജില്ലാതല ആശുപത്രികള്‍ വരെ നിയമിക്കുകയും വേണം. എല്ലാ ജനറല്‍ ആശുപത്രികളിലും ലഹരി ചികിത്സാ ക്ലിനിക്കുകള്‍, ശിശു-കൗമാര മാനസികാരോഗ്യ യൂണിറ്റുകള്‍ ഉള്‍പ്പെടുന്ന സൈക്ക്യാട്രി വിഭാഗം പ്രവര്‍ത്തിക്കണം. ഒപ്പം സ്‌കൂള്‍തലത്തിലും കമ്മ്യൂണിറ്റി തലത്തിലും ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടാല്‍ അവരെ ചികിത്സാ കേന്ദ്രങ്ങളില്‍ എത്തിക്കാനുള്ള ചുമതല ആശാ/ജെപിഎച്ച്എന്‍/സ്‌കൂള്‍ കൗണ്‍സിലേഴ്‌സിന്റെ ഏകോപിച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാക്കണം. ഒപ്പം ഡിസൈബിലിറ്റി ബോര്‍ഡിന്റെയും ഒക്യുപേഷണല്‍ റിഹാബിലിറ്റേഷന്‍ യൂണിറ്റിന്റെയും പ്രവര്‍ത്തനം ജില്ലാ തലങ്ങളില്‍ ക്രമീകരിക്കേണ്ടതാണ്. നിലവില്‍ ഇതിനെല്ലാം കുറവുകളുണ്ട്.
എന്തൊക്കെയാണ് വെല്ലുവിളികള്‍ ?
മാനസികാരോഗ്യകേന്ദ്രങ്ങളും മെഡിക്കല്‍കോളേജുകളും ഉള്‍പ്പെടുന്ന ത്രിതലസംവിധാനം ഗുരുതരമായ മാനസികരോഗങ്ങളെ ചികിത്സിക്കുന്ന കേന്ദ്രങ്ങള്‍ മാത്രമാക്കി ചുരുക്കാതെ മദ്യപാനാസക്തി, ആത്മഹത്യാ പ്രവണതപോലുള്ള വിഷയങ്ങളെ കുറിച്ച് പഠിച്ച്, കൗമാരമാനസികാരോഗ്യം പോലുള്ള സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ നടത്താന്‍ പാകത്തില്‍ വികസിക്കണം. ഇന്ന് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ മാനസിക പ്രശ്‌നമുള്ള തടവുപുള്ളികളെയും അലഞ്ഞ് തിരിയുന്നവരെയും ബന്ധുക്കള്‍ക്ക് ഉപേക്ഷിച്ചുപോകാനുള്ള ഒരു സ്ഥലമായി കൂടി അധപതിച്ചിരിക്കുന്നു.
ഫോറന്‍സിക് സൈക്കാട്രിയും ക്രിമിനല്‍ സൈക്കോളജി പഠനവും മെഡിക്കല്‍ കോളേജുകളിലും മെന്റല്‍ ഹെല്‍ത്ത് സെന്ററുകളിലും ശാക്തീകരിക്കണം. മെഡിക്കല്‍ കോളേജുകളിലെ സൈക്ക്യാട്രി വിഭാഗത്തില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ട്രെയിനിംഗ് നല്‍കുകയും അവരുടെ കരിക്കുലത്തില്‍ കൂടുതല്‍ പ്രാധാന്യത്തോടെ ഈ വിഷയം ഉല്‍പ്പെടുത്തുകയും പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളുടെ എണ്ണം കൂട്ടുകയും ചെയ്യുമ്പോള്‍ ഡോക്ടര്‍, രോഗി അനുപാതം 1:20 എന്നാക്കാന്‍ സാധിക്കും. മാനസികാരോഗ്യകേന്ദ്രങ്ങളെ തടവറകളാക്കി തരംതാഴ്ത്തരുത്. ഡി എന്‍ ബി പഠനസൗകര്യങ്ങള്‍ കൂടിയുള്ള സെന്‍ട്രല്‍ ഓഫ് എക്‌സലന്‍സിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ കടലാസില്‍ ഒതുങ്ങുകയാണ്. കോഴിക്കോടുള്ള നിംഹാൻസ് നിലവാരം കൂട്ടാനായി കൂടുതല്‍ സ്റ്റാഫിനും ഫണ്ടിനും വേണ്ടി കാത്തിരുന്ന് മുരടിക്കുന്നു.
ഫോറന്‍സിക് സൈക്കാട്രി യൂണിറ്റുകള്‍ ആശുപത്രികളില്‍ മാത്രമാക്കി ചുരുക്കാതെ എല്ലാ പ്രധാന ജയിലുകളിലും ആരംഭിക്കുന്നത് നന്നായിരിക്കും. ഒപ്പം കുടുംബത്തിന്റെ സഹകരണമില്ലാത്തവരെയും, നിരാലംബരായ മാനസികരോഗികളെയും കിടത്തി പാര്‍പ്പിക്കുവാനും പുനരധിവസിപ്പിക്കാനും പ്രാപ്തിയുള്ള ഡേകെയര്‍ സെന്ററുകള്‍, പകല്‍ വീടുകള്‍, ഹാഫ് വേ ഹോമുകള്‍ തുടങ്ങിയ തദ്ദേശഭരണ സ്ഥാപനങ്ങളുടെ കീഴില്‍ തുടങ്ങിയാല്‍ നല്ലതാണ്. ഉള്ളവ അപര്യാപ്തമായി തുടരുന്നു എന്ന വസ്തുതയും കാണാതെ പോകരുത്. രോഗികളുടെ സ്വത്തും ജീവിതസുരക്ഷിതത്വവും ഉറപ്പുവരുത്തിക്കൊണ്ട് അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമസംരക്ഷണവും എന്‍. ജി. ഒ. കളുടെ നേതൃത്വത്തിലുള്ള പുന:രധിവാസ പ്രവര്‍ത്തനങ്ങളും ഇനിയും ഒത്തിരി മുന്നോട്ട് പോകേണ്ടതുണ്ട്. ആര്‍ എസ് ബി വൈ ഇന്‍ഷുറന്‍സ് പരിരക്ഷ മാനസികാരോഗ്യ പ്രശ്‌നമുള്ളവര്‍ക്ക് ഇനിയും അപ്രാപ്യമായി തുടരുകയാണ്. പ്രതിമാസ പെന്‍ഷന്‍, യാത്രാനുകൂല്യങ്ങള്‍ എന്നതിനൊക്കെ അപ്പുറം സ്വന്തം കാലില്‍ നില്‍്ക്കാന്‍ ഉതകുന്ന വൊക്കേഷണല്‍ ട്രെയിനിംഗ് യൂണിറ്റുകളും സപ്പോര്‍ട്ടഡ് എംപ്ലോയ്‌മെന്റ് എന്നീ കടമ്പകളും മറികടക്കേണ്ടതുണ്ട്. ആശാ ഭവന്‍, ഗാന്ധി ഭവന്‍, മഹിള മന്ദിരം പോലുള്ള സ്ഥാപനങ്ങള്‍ നിറഞ്ഞ് കവിയുന്നത് പലപ്പോഴും അന്യസംസ്ഥാന നിവാസികളെകൊണ്ടാണ്. അവരുടെ ചികിത്സാനന്തരം അവരെ അതാതു സംസ്ഥാനങ്ങളിലെ നിയമസംവിധാനത്തിന്റെ സഹായത്തോടെ അവരുടെ കുടുംബത്തോട് ചേര്‍ക്കാനും അവരുടെ നാട്ടില്‍ പുനരധിവസിപ്പിക്കാനും ഉതകുന്ന രീതിയിലുള്ള സംവിധാനം ആവിശ്കരിക്കണം. അതിനായുള്ളൊരു പദ്ധതി കൂടി ആരോഗ്യ സാമൂഹിക ക്ഷേമവകുപ്പ് തയ്യാറാക്കേണ്ടിയിരിക്കുന്നു.
ദൈനംദിനജീവിതത്തിലെ സ്‌ട്രെസ്സും ആരോഗ്യപ്രശ്‌നങ്ങളുമായുള്ള ബന്ധം മനസ്സിലാക്കി ജീവിത നിപുണത വര്‍ദ്ധിപ്പിക്കാനുള്ള സൗകര്യങ്ങള്‍ സ്‌കൂളുകളില്‍ മാത്രമല്ല, എല്ലാ പൊതുജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ലഭ്യമാക്കാനുള്ള ബൃഹത്തായ പദ്ധതികള്‍ക്ക് രാഷ്ട്രീയ-സാമൂഹിക-ആരോഗ്യ മേഖലകളുടെ സംയുക്തമായ ഇടപെടലുകള്‍ അത്യാവശ്യമാണ്. ''മാനസികാരോഗ്യം മനുഷ്യനാരോഗ്യം'' എന്ന ലക്ഷ്യം സാധ്യമാക്കാന്‍ പുതിയ മാനസീകാരോഗ്യ രക്ഷാ ബില്ലും മാനസീകാരോഗ്യ നയവും സഹായകമാവും.
11-Sep-2016
Guest Author
ഡോ. ശുഭ സച്ചിതാനന്ദ്
ഡോ. ശുഭ സച്ചിതാനന്ദ്
ഡോ. സുനിൽ പി കെ
ഡോ. ഷീന ജി സോമന്