ഒരു നൈജീരിയന്‍ നരഭോജി

വര്‍ഷങ്ങളോളം ഒരുനാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കടുവ, ഇപ്പൊള്‍ എന്റെ മുന്നില്‍ ജഡമായിക്കിടക്കുന്നു, ഭീമാകാരമായ വലിപ്പം. ഒരു വലിയ കാട്ടുപോത്തിനേക്കാള്‍ മുറ്റ്. മറ്റ് ജന്തുക്കള്‍ വലിച്ചു കൊണ്ടുപോകാത്ത രീതിയില്‍ എന്റെ കൈവശമിരുന്ന കയര്‍കൊണ്ട് ഒരു മരത്തില്‍ കെട്ടിയിട്ട് ഞാന്‍ കാടിറങ്ങി.

ഹെന്റിയും കൂട്ടരും എന്നെ പ്രതീക്ഷിച്ച് ക്യാമ്പില്‍ തന്നെയുണ്ടായിരുന്നു. എന്റെ മുഖത്തെ മന്ദസ്മിതം അവന്‍ തിരിച്ചറിഞ്ഞു. അവന്‍ വന്നെന്നെ കെട്ടിപ്പിടിച്ചു. പ്രഭാത ഭക്ഷണം കഴിച്ചെന്നു വരുത്തി. അവരെ കൂട്ടിക്കൊണ്ട് കടുവയുടെ അടുത്തേക്കുപോയി. അവിടെയെത്തിയപ്പോള്‍ എല്ലാവരും ഭയന്ന് പിന്മാറി. എന്നാല്‍, ഹെന്റിക്ക് സന്തോഷം അടക്കുവാനാകാതെ അതിനെ ഒരുചവിട്ടും കൊടുത്ത് എന്നെവന്ന് കെട്ടിപ്പിടിച്ചു.
അവന്റെ സന്തോഷവും, ഉത്സാഹവുമെല്ലാം കണ്ടപ്പോള്‍ എനിക്കൊരു ഐഡിയാ തോന്നി. അവനാണതിനെ വേട്ടയാടിപിടിച്ചതെന്നതരത്തില്‍ ഞാന്‍ ഒന്നുരണ്ടു ഫോട്ടോയെടുത്തു. എന്റെ ഈ പ്രവര്‍ത്തി കണ്ടപ്പോള്‍ അവന്റെ കണ്ണുനിറഞ്ഞു. ഞാന്‍ പറഞ്ഞു; പ്രശസ്തി ഞാന്‍ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് നിന്റെ പേരില്‍ ഇരിക്കട്ടെ ഇത്

അധികാരത്തില്‍ അവരോധിതനാകും മുന്‍പ് അയാള്‍ നടത്തിയ ചില കാര്യങ്ങളുണ്ട്. ചില ഡയറികുറിപ്പുകളില്‍ ഒളിഞ്ഞിരിക്കുന്ന നഗ്ന സത്യങ്ങള്‍. ബാല്യകാലത്തിലെ മുതലവേട്ടപെലും നാണിച്ചുപോകുന്ന ഭീകര-സംഭ്രമജനകമായ ഇടപെടലുകള്‍. ലോകം ആദരിച്ചുശ്വാസം മുട്ടിക്കുമെന്നതുകൊണ്ടുമാത്രം പൂഴ്ത്തിവെച്ച സംഭവങ്ങള്‍. അതിലൊരെണ്ണാണ് ഇത്. സംഭവബഹുലമായ ഒരു കഥ. വളരെ മുന്‍പുണ്ടായ ഒരുസംഭവത്തെക്കുറിച്ചാണിതിലെ കഥാസാരം. വസ്തുതാ വിവരണങ്ങളെ തള്ളെന്ന് വിളിച്ച് പരിഹസിക്കുന്നവര്‍ ദയവായി ഇത് വായിക്കരുത്. നമുക്കാ ഡയറിയിലെ വരികളിലേക്ക് ഊളിയിടാം.

ഞാന്‍ ലണ്ടനില്‍ പഠിച്ചിരുന്നകാലത്ത് എന്റെ സഹപാഠിയായിരുന്നു മിസ്റ്റര്‍ ജോണ്‍ ഹെന്റി. പഠനംകഴിഞ്ഞ് ഞാന്‍ ഇന്ത്യയിലേക്കുമടങ്ങി. ഏറെ താമസ്സിക്കാതെ തന്നെ ബ്രിട്ടീഷ് പട്ടാളത്തില്‍ എന്തോ ചെറിയ തസ്തികയില്‍ ഹെന്റിയുമെത്തി. എന്നേപോലെ നല്ലകഴിവും, സാമര്‍ത്ഥ്യവും ഉള്ളതിനാല്‍ വേഗം തന്നെ കേണല്‍പദവിയില്‍ എത്താന്‍ താമസ്സമുണ്ടായില്ല. സമയംകിട്ടുമ്പോഴൊക്കെ അവന്‍ എന്നെ വന്നു കാണാറുണ്ടായിരുന്നു. ഇടക്ക് ഞങ്ങള്‍ രണ്ടുപേരും കൂടെ പൂനൈ, താനാ റയില്‍ പദ്ധതിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒരു ദിവസ്സം അവന്‍ വന്നുപറഞ്ഞു, 'അടുത്താഴ്ച്ച മുതല്‍ എനിക്ക് നൈജീരിയയിലാണ് ഡ്യുട്ടി. (ബ്രിട്ടീഷുകാര്‍ തന്നെയായിരുന്നു അന്നവിടവും ഭരിച്ചിരുന്നത്) കാര്യങ്ങള്‍പറഞ്ഞുവന്നപ്പോള്‍ നമ്മുടെ ടെസ്സാവോ നദിയുടെ കുറുകെ റയില്‍പാലം സ്ഥാപിക്കുവാനുള്ള ചുമതലയായിരുന്നു അവനെ ഏല്‍പ്പിച്ചിരുന്നതെന്ന് മനസിലായി.

ഞാന്‍ പിന്നീട് എന്റെ തിരക്കുകളില്‍ പെട്ട് ഈ കാര്യം തന്നെ മറന്നുപോയി. അങ്ങനെ ഒരുദിവസം ഉച്ചയൂണുകഴിഞ്ഞ് ഉമ്മറത്ത് നീണ്ടുനിവര്‍ന്നു കിടക്കുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നു. (നിങ്ങള്‍ക്കറിയാമല്ലൊ, അന്നത്തെ കാലത്ത് എന്നെപോലെയുള്ള ചില സമ്പന്നരുടെ വീട്ടിലെ ഫോണുണ്ടാകു)

ഞാന്‍ ഫോണെടുത്തു. മറുതലയ്ക്കല്‍ ഹെന്റിയായിരുന്നു.

അവന്റെ ശബ്ദ്ത്തിലെ പതര്‍ച്ച ഞാന്‍ തിരിച്ചറിഞ്ഞു. രണ്ടുദിവസത്തിനുള്ളില്‍ ചില പേപ്പറുകള്‍ വരുമെന്നും, കിട്ടിയാല്‍ ഉടന്‍ തന്നെ ഇങ്ങോട്ടേക്കുതിരിക്കണമെന്നും പറയുമ്പോഴേക്കും ഫോണ്‍ കട്ടായി. ഞാനും അസ്വസ്ഥനായി, ശബ്ദത്തിലെ പതര്‍ച്ച. അവന്‍ എന്തോ ആപത്തില്‍ പെട്ടിരിക്കുന്നു. ആ സൂചനയാണ് അവന്റെ ശബ്ദത്തിലുള്ളത്. നിരവധി ആപല്‍്ഘട്ടങ്ങളില്‍ ഞാനവനെ സഹായിച്ചിട്ടുണ്ട്. അതിനാലാകും എന്നെ തന്നെ വിളിച്ചത്.

അവന്‍ പറഞ്ഞത് പോലെ കൃത്യം രണ്ടുദിവസ്സത്തിനുള്ളില്‍ ഒരുപോസ്റ്റ് എനിക്കുവന്നു. അവിടേക്കുള്ള വിസ്സായും, വൈസ്രോയിക്കുള്ള ഒരു ശുപാര്‍ശ കത്തുമായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. വൈകിട്ടുതന്നെ എന്റെ ഹെലികോപ്ടറില്‍ വൈസ്രോയിയെ കാണാന്‍ തിരിച്ചു. അവിടെ ചെന്നപ്പോള്‍ അദ്ദേഹത്തിനെന്നെ മനസ്സിലായി. (പൂന-താനാ റയില്‍. ആ ഓര്‍മ്മയുണ്ടല്ലൊ.. ങാ.. അതുതന്നെ.) എത്രയും പെട്ടന്നുതന്നെ എന്നെ നൈജീരിയായില്‍ എത്തിക്കുവാനുള്ള സൗകര്യമൊരുക്കി കൊടുക്കണമെന്നുള്ള സന്ദേശമായിരുന്നു ഹെന്റി അയച്ചിരുന്നത്. അതിരാവിലെതന്നെ സ്‌പെഷ്യല്‍ ഫ്‌ളൈറ്റില്‍ പുറപ്പെടുന്നതിനുവേണ്ടിയുള്ള
എല്ലാ സജ്ജീകരണങ്ങളുമെനിക്ക് ഒരുക്കിത്തന്നു.

എന്നെ സ്വീകരിക്കുവാനെത്തിയവരുടെ മുഖത്തെ വിഷാദഭാവവും, ഭയവും എനിക്ക് മനസ്സിലാക്കുവാന്‍ സാധിച്ചു. ഹെന്റിയേയും അവിടെ കാണാന്‍ സാധിച്ചില്ല. ക്യാമ്പിലെത്തി അവനെ കണ്ടപ്പോഴും അവനെ മുഖം വിഷാദപൂരിതമായിരുന്നു. എങ്കിലും എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണുകളിലെ തിളക്കം വര്‍ദ്ധിച്ചു. ഒരു കൊച്ചുകുട്ടിയെ പോലെ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു. കുറച്ചു നേരത്തിനുള്ളില്‍ തന്നെ അവിടെൂണ്ടായ സംഭവങ്ങള്‍ അവന്‍ ചുരുക്കി പറഞ്ഞു.

പാലം പണിയാരംഭിച്ച് രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഇവിടെ വലിയൊരു കടുവയിറങ്ങി. ഉദ്ദേശിക്കുന്നതിനേക്കാള്‍ ഭയങ്കരന്‍. ഇതുവരെ നാട്ടിലുള്ളവരേയും, നമ്മുടെ കൂട്ടത്തിലുണ്ടായിരുന്നവരേയും ചേര്‍ത്ത് നൂറ്റിയിരുപതോളംപേര്‍ അവന് ഭക്ഷണമായിട്ടുണ്ട്. ഞാന്‍ പലരീതികളില്‍ അതിനെ വധിക്കുവാന്‍ നോക്കിയതാണ് എല്ലാം വിഫലമാകുകയാണുണ്ടായത്. നിന്നെ ബുദ്ധിമുട്ടിക്കുകയാണെന്ന് തോന്നരുത്. നീ മുന്‍പ് ആഫ്രിക്കന്‍ വനാന്തരങ്ങളിലും, സൗദിയിലെ കൊടുംകാട്ടിലുമെല്ലാം ഹിംസമൃഗങ്ങളെയൊക്കെ വേട്ടയാടി നല്ലൊരു പേരുസമ്പാദിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടാണ് നിന്നേതന്നെ വിളിച്ചത്.

ഞാന്‍ വന്നതറിഞ്ഞ് അവിടുത്തെ പോലീസ് മേധാവി മിസ്റ്റര്‍ പീറ്റര്‍ ബിന്‍സണ്‍ എന്നെ കാണാന്‍ വന്നു. അല്‍പ്പനേരത്തിനുള്ളില്‍ തന്നെ മനസ്സിലായി അയാള്‍ ഈഗോയുടെ വല്ല്യതമ്പുരാനാണന്ന്.
പുച്ഛഭാവത്തോടുകൂടിയാണ് എന്നോടിടപെട്ടത്. താങ്കള്‍ അതിനെ പിടിക്കുന്നതിനുമുമ്പ് ഞാനതിനെ പിടിച്ചിരിക്കും എന്നുവെല്ലുവിളിച്ചിട്ടാണയാള്‍ പോയത്. ഞാനതിനെ ലാഘവത്തോടെയാണ് കണ്ടത്.

രാത്രി ഏറെയായപ്പോള്‍ എന്റെ ഇരുമ്പുഷൂവും, ഹെഡ്‌ലൈറ്റും, ഇരട്ടകുഴല്‍ തോക്കും എല്ലാമെടുത്തു. (ഏതു രാജ്യങ്ങളില്‍ പോയാലും ഞാനിതൊക്കെ കൊണ്ടുപോകാറുണ്ടെന്ന് നിങ്ങള്‍ക്കറിയാമെല്ലോ) ബാക്കിയെല്ലാ തയ്യറെടുപ്പുമായി ഞാന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ഹെന്റി വന്നു പറഞ്ഞു. നിസ്സാരമായി കരുതരുത്, ഞാനും കൂടി ഒപ്പം വരാം. പക്ഷേ, അവന്റെ വാക്കുകള്‍ അവഗണിച്ചുകൊണ്ട് ഇരുട്ടിലേക്ക് ഞാന്‍ നടന്നിറങ്ങി.

ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാകും ഞാന്‍ കാടിന്റെ ഉള്‍ഭാഗത്തായപ്പോള്‍ അതിന്റെ സാന്നിധ്യം അറിയിക്കാനെന്നവണ്ണം അവിടം മുഴുവന്‍ നടുങ്ങുമാറുള്ള ഒരു ഗര്‍ജ്ജനം. ശബ്ദ്ദംകേട്ട ഭാഗത്തേക്കുനോക്കി നിറയൊഴിച്ചെങ്കിലും, അതില്‍നിന്ന് രക്ഷപ്പെട്ട് കരിയിലകള്‍ ഞെരിച്ചമര്‍ത്തിക്കൊണ്ട് അതുകുതിച്ചുപാഞ്ഞു. താഴെയുള്ള കാല്‍പ്പാടുകള്‍ പരിശോധിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപോയി. സൗദിയില്‍ പിടികൂടിയതിനേക്കാള്‍ വലിയ കടുവ. ഹെന്റി പറഞ്ഞതുപോലെ കൊടുംഭീകരന്‍. നരഭോജിതന്നെ.

വീണ്ടും കരിയില അമരുന്ന ശബ്ദ്ദം കേട്ടു. അതുലക്ഷ്യമാക്കി കാഞ്ചിവലിക്കുവനൊരുങ്ങവേ. ഒന്നും ചെയ്യരുതേ എന്നപേക്ഷിച്ചുകൊണ്ട് മിസ്റ്റര്‍ ബിന്‍സണ്‍ അങ്ങോട്ടേക്ക് കടന്നുവന്നു. ഞാന്‍ അയാളെ ഉപദേശിച്ചു, സൂക്ഷിക്കേണ്ടുന്ന ഇനമാണ്, കീഴ്‌പ്പെടുത്തുക വളരെ പ്രയാസമേറിയ കാര്യമാണ്, ഇതുപറഞ്ഞപ്പോള്‍ അയാളുടെ കണ്ണുകളിലെ ഭയമെനിക്കറിയാന്‍ കഴിഞ്ഞു. ഞാനതിനെ കണ്ടു സാര്‍, താങ്കളുടെ പുറകേ ഞാനുമുണ്ടായിരുന്നു. മുരള്‍ച്ച കേട്ടപ്പോള്‍ ഞാനൊരു മരത്തിനുമുകളില്‍ വലിഞ്ഞുകയറി. താങ്കളുടെ ധൈര്യം സമ്മതിക്കണം ഇപ്പോളെനിക്ക് ബോധ്യമായി എനിക്കൊറ്റക്ക് അതിനെ പിടികൂടാനാകില്ല, താങ്കളുടെ അസാമാന്യ ധൈര്യത്തിന് മുന്‍പില്‍ ഞാന്‍ കീഴടങ്ങുന്നു. എന്നേയും കൂടെ ഇതിനെ പിടിക്കാന്‍ ഒപ്പംകൂട്ടണം. മിസ്റ്റര്‍ ബെന്‍സനെ ഞാനാവുന്നത് പിന്തിരിപ്പിക്കാന്‍ നോക്കി. എങ്കിലും എന്നോടുള്ള വിധേയത്വവും, ആത്മാര്‍ത്ഥതയും കാരണം അയാള്‍ അതേ നിലപാടില്‍തന്നെ നില്‍ക്കുകയാണ്.

പിറ്റേദിവസത്തെ പകല്‍. ഞങ്ങള്‍ ചില പദ്ധതികള്‍ ആസൂത്രണം ചെയ്തു. പകലിനെ തള്ളിമാറ്റിക്കൊണ്ട് രാത്രി വന്നു. ഒരു ട്രയിന്‍ ബോഗിക്കകത്ത് ഞങ്ങളെല്ലാവരും കൂടി അവന്റെ വരവുകാത്തിരിക്കുകയാണ്. തണുപ്പുകൂടിവരുന്നു. ഒന്നു പുകവലിക്കാമെന്നുവച്ച് കീശയില്‍ നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. ഡ്രസ്സുമാറുന്ന സമയത്ത് ഞാനവയൊക്കെ ക്യാമ്പില്‍ വച്ചകാര്യം ഓര്‍ത്തു. ഏകദേശം 300 മീറ്റര്‍ ദൂരമുണ്ട് ക്യാമ്പിലേക്ക്. ഞാനിപ്പോള്‍ വരാം എന്നുപറഞ്ഞ് താഴേക്കിറങ്ങിയപ്പോള്‍ പീറ്റര്‍ പറഞ്ഞു; 'സാര്‍ തനിച്ചുപോകുന്നത് അപകടമാണ്. ഞാന്‍ കൂടി വരാം..' പക്ഷേ, അയാളെ നിരുത്സാഹപ്പെടുത്തികൊണ്ട് ഞാന്‍ നടന്നകന്നു. ബാക്കിയുള്ളവര്‍ പേടികൊണ്ട് ബോഗിയുടെ മൂലയിലേക്ക് പോയിരുന്നെങ്കിലും പീറ്റര്‍ വാതിലിനടുത്തുതന്നെയായിരുന്നുനിന്നത്. ക്യാമ്പിലെത്തി ചുരുട്ട് കെയ്‌സിലാക്കുന്ന സമയമേ എടുത്തൂള്ളു. വലിയൊരലര്‍ച്ചയും, വെടിപൊട്ടുന്ന ശബ്ദ്ദവും. ഞാന്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. പീറ്റര്‍ ഒരു മാംസപിണ്ഡമായി നിലത്തു കിടക്കുന്നു. തോക്കിന്റെ ബാരല്‍ തകര്‍ന്നിട്ടുണ്ട്. ചോരയുടേയും , വെടിമരുന്നിന്റേയും ഗന്ധം അവിടമാകെ വ്യാപിച്ചു.

അതെ, ഞാന്‍ വന്നതിനുശേഷം മൂന്നാമത്തെ കൊലയാണീ കടുവ നടത്തിയിരിക്കുന്നത്. ഇനി വൈകിക്കൂട. ഇത്രയും ഒച്ചപ്പാടുകള്‍ ഉണ്ടായതിനാല്‍ ഇനി രണ്ടുദിവസം അത് പുറത്തിറങ്ങില്ല. എന്നാല്‍, എന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് പിറ്റേദിവസം ഗ്രാമവാസികളില്‍ ഒരുവനെ അവന്‍ ആഹാരമാക്കി. എന്റെ സര്‍വ്വനിയന്ത്രണവും നഷ്ടപെട്ടു. എന്നെ വിശ്വസിച്ച് വിളിച്ചുവരുത്തിയിരിക്കുന്നതാണിവര്‍. കയ്യുംകെട്ടി നോക്കിയിരിക്കേണ്ട സമയമല്ല. സന്ധ്യമയങ്ങിയപ്പോള്‍ തന്നെ സാധനങ്ങള്‍ എല്ലാമെടുത്തുകൊണ്ട് കാടുകയറാനുറപ്പിച്ച് പുറത്തേക്കിറങ്ങി.

ഹെന്റി വന്നുകാലുപിടിച്ചുപറഞ്ഞു, 'നീ തനിയേ ആപത്തിലേക്കു പോകേണ്ടാ, നമുക്കൊരു സംഘമായി നീങ്ങാം...' എന്നാല്‍, പീറ്റര്‍ മരണപ്പെട്ടപ്പോള്‍ തന്നെ ഒരുതീരുമാനം എടുത്തിരുന്നു. ഇനി അതിനെ വകവരുത്തുവാന്‍ മറ്റൊരാളിനെ കൂടി ബലികൊടുക്കുകയില്ലായെന്ന്. അതിനാല്‍ പുച്ഛത്തോടെ ഹെന്റിയെ നോക്കി ഞാന്‍ നടന്നകന്നു.

ഉള്‍ക്കാട്ടില്‍ അവന്റെ മണമുള്ളിടത്ത് ഞാന്‍ നിന്നു, ശേഷം ചുറ്റിനും പരതി. അവന്റെ കാല്‍പ്പാടുകള്‍.. അതെ, അവന്റെ വാസസ്ഥലം ഇതുതന്നെയാണ്. ഞാന്‍ അവിടമെല്ലാം തപ്പിയെങ്കിലും അവനെ കണ്ടെത്തുവാനായില്ല. എന്നാല്‍, അങ്ങു ഗ്രാമത്തിലവന്റെ വിളയാട്ടം നടക്കുകയായിരുന്നു, അന്നും ഒരാളെ അവന്‍ ഇരയാക്കി. നേരം പരപരാ വെളുത്തപ്പോഴാണ് ഞാന്‍ ക്യാമ്പില്‍ എത്തിയത്. ഞാനിവിടെ എത്തിയതിനുശേഷം അഞ്ചുജീവനാണവന്‍ കവര്‍ന്നെടുത്തിരിക്കുന്നത്.

ക്യാമ്പില്‍നിന്ന് മൂന്നുപട്ടാളക്കാരോടൊപ്പം വീണ്ടുമവന്റെ വാസസ്ഥലത്തേക്ക് പോയി. അവന്റെ സാന്നിധ്യം കൂടുതലറിയിക്കുന്ന ആ ഭാഗത്തെ മരത്തില്‍ അവരെക്കൊണ്ട് ഒരു ഏറുമാടം പണിയിപ്പിച്ചു. അതിനുശേഷം അവരെ മടക്കിയയച്ച് ഞാന്‍ മുകളില്‍ കയറി കിടന്നു. കുറച്ചു കഴിഞ്ഞ് വിശന്നപ്പോള്‍ താഴെയിറങ്ങി. കാട്ടുപഴങ്ങളും മറ്റും ആഹാരമാക്കി. ക്ഷീണംകാരണം ഒന്നുമയങ്ങിപ്പോയി. അപ്പോള്‍ താഴെ ഒരു മുരള്‍ച്ച കേട്ടു. ഹെഡ്‌ലൈറ്റ് ഓണാക്കുക പോലും ചെയ്യാതെ ശബ്ദ്ദംകേട്ട ഭാഗത്തേക്കുകാഞ്ചിവലിച്ചു. കരിയിലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദ്ം. ഞാന്‍ വേഗത്തില്‍ ഇറങ്ങി. ലൈറ്റോണാക്കി. അവിടമെല്ലാം പരിശോധിച്ചു. കരിയിലകളിലൊക്കെ ചോര തെറിച്ചുവീണു കിടക്കുന്നുണ്ട്. വീണ്ടും നോക്കിയപ്പോള്‍ ഒരുകുറ്റികാട്ടിലേക്കുനീളുന്ന രക്തതുള്ളികള്‍. ഹെഡ്‌ലൈറ്റിന്റെ പ്രകാശം മങ്ങിതുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രാത്രിയിലും ഉപയോഗിച്ചതാണ്. ഇനി ഈ പ്രകാശത്തിനെ ആശ്രയിച്ച് തിരയാന്‍ കഴിയാത്തതിനാല്‍ ഞാന്‍ മുകളിലേക്കുതന്നെ കയറി.

നേരംവെളുത്തപ്പോള്‍തന്നെ താഴെയിറങ്ങി പരിശോധനതുടങ്ങി. ചോരപ്പാട് ലക്ഷ്യമാക്കി ഞാന്‍ നടന്നു. ദൂരേക്ക് നീണ്ടുപോവുകയാണ്. ഏകദേശം ഒരു കിലോമീറ്റര്‍പ്പിന്നിട്ടിരിക്കുന്നു. പാറക്കൂട്ടങ്ങളിലേക്കുനീങ്ങുന്ന രക്തതുള്ളികള്‍ക്കു പിന്നാലെ വീണ്ടും നടന്നു. അതെ, ഞാന്‍ പ്രതീക്ഷിച്ചതു തന്നെ. നരഭോജിയായ കടുവ ഇനി ഓര്‍മ്മകളില്‍ മാത്രം. വെടിയുണ്ട അതിന്റെ തിരുനെറ്റിയിലാണ് തുളഞ്ഞുകയറിയിരിക്കുന്നത്.
മറ്റൊരെണ്ണം ചെവിയുടെ പിന്നില്‍ക്കൂടി കയറിയിരിക്കുന്നു. (എത്ര ഇരുട്ടാണെങ്കിലും ശബ്ദംകേട്ട ദിക്കിലേക്ക് ഉന്നം പിഴക്കാതെ ലക്ഷ്യത്തില്‍ കൊള്ളിക്കാനറിയാം, ആമസോണ്‍ കാടുകളിലെ എത്രയോ വേട്ടയനുഭവങ്ങള്‍). അതിന്റെ ആയുസ്സ് എന്റെ കൈകൊണ്ടുതീരുവാനായിരുന്നു വിധി.

വര്‍ഷങ്ങളോളം ഒരുനാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ കടുവ, ഇപ്പൊള്‍ എന്റെ മുന്നില്‍ ജഡമായിക്കിടക്കുന്നു, ഭീമാകാരമായ വലിപ്പം. ഒരു വലിയ കാട്ടുപോത്തിനേക്കാള്‍ മുറ്റ്. മറ്റ് ജന്തുക്കള്‍ വലിച്ചു കൊണ്ടുപോകാത്ത രീതിയില്‍ എന്റെ കൈവശമിരുന്ന കയര്‍കൊണ്ട് ഒരു മരത്തില്‍ കെട്ടിയിട്ട് ഞാന്‍ കാടിറങ്ങി.

ഹെന്റിയും കൂട്ടരും എന്നെ പ്രതീക്ഷിച്ച് ക്യാമ്പില്‍ തന്നെയുണ്ടായിരുന്നു. എന്റെ മുഖത്തെ മന്ദസ്മിതം അവന്‍ തിരിച്ചറിഞ്ഞു. അവന്‍ വന്നെന്നെ കെട്ടിപ്പിടിച്ചു. പ്രഭാത ഭക്ഷണം കഴിച്ചെന്നു വരുത്തി. അവരെ കൂട്ടിക്കൊണ്ട് കടുവയുടെ അടുത്തേക്കുപോയി. അവിടെയെത്തിയപ്പോള്‍ എല്ലാവരും ഭയന്ന് പിന്മാറി. എന്നാല്‍, ഹെന്റിക്ക് സന്തോഷം അടക്കുവാനാകാതെ അതിനെ ഒരുചവിട്ടും കൊടുത്ത് എന്നെവന്ന് കെട്ടിപ്പിടിച്ചു.
അവന്റെ സന്തോഷവും, ഉത്സാഹവുമെല്ലാം കണ്ടപ്പോള്‍ എനിക്കൊരു ഐഡിയാ തോന്നി. അവനാണതിനെ വേട്ടയാടിപിടിച്ചതെന്നതരത്തില്‍ ഞാന്‍ ഒന്നുരണ്ടു ഫോട്ടോയെടുത്തു. എന്റെ ഈ പ്രവര്‍ത്തി കണ്ടപ്പോള്‍ അവന്റെ കണ്ണുനിറഞ്ഞു. ഞാന്‍ പറഞ്ഞു; പ്രശസ്തി ഞാന്‍ ആഗ്രഹിക്കുന്നില്ല അതുകൊണ്ട് നിന്റെ പേരില്‍ ഇരിക്കട്ടെ ഇത്. അതിനിടയില്‍ ഗ്രാമവാസികളുടെ സ്വീകരണവും, അവരുടെ സന്തോഷങ്ങളിലുമെല്ലാം പങ്കുകൊണ്ട് മൂന്നാംദിവസമാണ് തിരികെവന്നത്.

ഹെന്റിയുടെ ജീവചരിത്രപുസ്തകത്തില്‍ ഇതെല്ലാം അവന്‍ ചെയ്തു എന്ന പേരില്‍ വന്നിട്ടുണ്ട്.

പക്ഷെ, ഈയിടെയിറങ്ങിയ പുലിമുരുഗനെന്ന സിനിമയില്‍ എന്റെ ശൈലിയിലുള്ള വേട്ടയാടല്‍ രീതി വന്നതെങ്ങനെയെന്നാലോചിച്ച് ഒരെത്തും പിടിയും കിട്ടുന്നില്ല. ചിലപ്പോള്‍ ഹെന്റിയുടെ പുസ്തകം വായിച്ചിട്ടുണ്ടാകാം. ഏതായാലും ഞാനാണതിനെ പിടിച്ചതെന്ന് മൂന്നാമതൊരാളറിയരുത്. എന്റെ ഹെന്റിക്ക് നാണക്കേടാകും.

തിരികെ നാട്ടിലെത്തിയപ്പോള്‍ പല ചുമതലകളും ഏല്‍ക്കേണ്ടിവന്നു. അധികാര സ്ഥാനങ്ങളില്‍ അവരോധിതനാകണമെന്ന ജനതയുടെ നിര്‍ബന്ധം. ഒരു നാട്ടിലെ ന്യൂനപക്ഷം വരുന്ന ജനങ്ങളെ വാനിഷ് ആക്കുന്ന അത്ഭുത പ്രവൃത്തികണ്ട് ലോകം മൂക്കത്ത് വിരല്‍വെച്ചു. അങ്ങനെയെന്തെല്ലാം. ഇപ്പോള്‍ വേറൊരു കുരുക്കഴിക്കാനുള്ള അവസരം ഒത്തുവന്നു. സംഭവബഹുലമായ ആ കുരുക്ക് അഴിക്കുന്നതില്‍ ജനങ്ങളെ കൂടി പങ്കാളികളാക്കുകയാണ്. വലിയ ലൈനുകളില്‍ കൂടി ഉരുത്തിരിഞ്ഞുവരുന്ന സാമ്പത്തിക കുതിപ്പ്. അതാണെന്റെ പുതിയ ഐഡിയ. ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കയിലെ സുഹൃത്ത് ട്രംപ് ഇന്നലെ വിളിച്ചിരുന്നു. ഒരു കത്തയച്ചിട്ടുണ്ട് എന്ന് പറഞ്ഞു. സുഹൃത്തുക്കളെ സഹായിക്കാതിരിക്കാന്‍ ആവതില്ലല്ലോ. അമേരിക്കയില്‍ പോയി വന്നിട്ട് ബാക്കി കഥ പറയാം.

01-Jan-2017

കഥകൾ മുന്‍ലക്കങ്ങളില്‍

More