കണ്ണുചിമ്മാത്ത ചില നക്ഷത്രങ്ങള്‍
എം സ്വരാജ്
ഞാൻ ഫോൺ തിരികെ വാങ്ങിയശേഷം പോക്കറ്റിൽനിന്നും ഒരു നോട്ടെടുത്ത് അയാൾക്കുനേരെ നീട്ടി. എന്തോ അരുതാത്തത് കണ്ടതുപോലെ അയാൾ പെട്ടെന്ന് പിന്നിലേക്ക് മാറി. "അയ്യയ്യോ എന്നാ സാർ ഇത്. നാൻ ഒന്നും പണ്ണലെ, അന്ത കസ്റ്റമർ താൻ..." ഞാൻ ബലം പ്രയോഗിച്ച് അയാളുടെ പോക്കറ്റിൽ ആ നോട്ട് തിരുകി വെച്ചു. നിങ്ങളിതു തരാനായി ഇത്രദൂരം ഓട്ടോ ഓടിച്ച് വന്നതല്ലേ. ഇരിക്കട്ടെയെന്നു പറഞ്ഞു. അയാൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ മറ്റൊന്നും പറയാൻ നിൽക്കാതെ നടന്നു നീങ്ങി. ഇതെല്ലാം കണ്ട് സംതൃപ്തിയോടെ ആ പോലീസ് ഓഫീസർ അവിടെതന്നെയുണ്ടായിരുന്നു. മറ്റുള്ളവരുടെ പണം എണ്ണിത്തിട്ടപ്പെടുത്താൻ സ്വന്തം വീട്ടിൽ നോട്ടെണ്ണൽ യന്ത്രം തന്നെ സ്ഥാപിച്ച മന്ത്രിയുടെ നാട്ടിലാണ് ഇങ്ങനെയും ആളുകൾ എന്നോർക്കണം. |
നിരാശാഭരിതമായ അനുഭവങ്ങൾക്കിടയിലും ചില സംഭവങ്ങൾ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കും. സംഭവങ്ങളെന്നപോലെ ചില വ്യക്തികൾ, ചിന്തകൾ, സ്വപ്നങ്ങൾ... ഇങ്ങനെ പലതും പ്രതീക്ഷാനിർഭരമായ നാളെകളിലേക്ക് നമ്മളെ കൈപിടിച്ചാനയിക്കും. നൂറുപൂക്കൾ വിടരുന്ന ഒരു കാലം അകലെയല്ലെന്ന് ഓർമ്മിപ്പിക്കും. തീർത്തും നിസ്സാരമായ സംഭവങ്ങളാവാം, തീർത്തും സാധാരണക്കാരായ മനുഷ്യരും. പക്ഷെ, അവർ പിറക്കാനിരിക്കുന്ന ലോകത്തിന്റെ വാനമ്പാടികൾ തന്നെ.
2014 ഡിസംബർ 31ന് രാത്രി ഉണ്ടായ ചെറിയൊരു സംഭവമാണ് ഇപ്പോഴിങ്ങനെയൊക്കെ ചിന്തിക്കാൻ കാരണം. അന്ന് എറണാകുളം ടൗൺ ഹാളിനുമുന്നിൽ ഡി.വൈ.എഫ്.ഐയുടെ സെക്കുലർ ഫെസ്റ്റിൽ പങ്കെടുത്തശേഷം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയായിരുന്നു. രാത്രി വളരെ വൈകിമാത്രമെ നാട്ടിലേക്ക് ട്രെയിനുള്ളു. അതിനാൽ 9 മണിയോടെ ഹൈക്കോടതിക്കു സമീപം കോമ്പാറയിലുള്ള സുഹൃത്തിന്റെ വീട്ടിൽ ഒരു ഹ്രസ്വസന്ദർശനം നടത്തുകയുണ്ടായി. ട്രെയിനെത്താൻ ഏറെ വൈകുമെങ്കിലും കോമ്പാറയിൽ നിന്നും അസമയത്ത് ഓട്ടോ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ വൈകാതെ സുഹൃത്തിനോട് യാത്ര പറഞ്ഞിറങ്ങി.
കുറച്ചുനേരം കാത്തുനിന്ന ശേഷമാണ് സൗത്ത് സ്റ്റേഷനിലേക്ക് ഓട്ടോ കിട്ടിയത്. ഓട്ടോയിലെ മീറ്റർ പ്രവർത്തനരഹിതമാണ്. ചില ഓട്ടോ യാത്രകളുടെ അത്ര സുഖകരമല്ലാത്ത അനുഭവങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോവുകയുണ്ടായി. ഇതിനിടെ സൗത്ത് സ്റ്റേഷനിൽ ഓട്ടോയെത്തി. വണ്ടിയിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് ഞാൻ ചോദിച്ചു.
"എത്രയാ?"
"നീങ്ക തരണം സർ"
എനിക്ക് അത്ഭുതം തോന്നി. അപരിചിതനായ അന്യദേശക്കാരൻ. പക്ഷെ നിർബന്ധിച്ചിട്ടും ഓട്ടോ ചാർജ് എത്രയാണെന്ന് പറയാൻ കൂട്ടാക്കുന്നില്ല. ഞാനാകെ ധർമ്മസങ്കടത്തിലായി. കുറച്ചുകൂടിയ തുകയാണെങ്കിലും അയാൾ തന്നെ പറയുന്നതാണ് ഭേദമെന്ന് തോന്നിപ്പോയി. പക്ഷെ അയാൾ വഴങ്ങുന്നില്ല. ഹൃദയത്തെ തൊടുന്ന ചിരി അയാളുടെ മുഖത്ത് പ്രകാശം പരത്തുന്നു. അത് മായുന്നതേയില്ല. ഏത് ശത്രുവിനെയും നിരായുധനാക്കുന്ന ചിരി. ഞാൻ ഒരടവെടുത്തു. ഒരു നൂറു രൂപ നോട്ടെടുത്തു നീട്ടി. ബാക്കി തന്നാൽ മതിയെന്ന് പറഞ്ഞു. പക്ഷെ അവിടെയും അയാൾ കീഴടങ്ങിയില്ല.
"ചെയ്ഞ്ച് ഇറിക്കാത് സാർ"
അവസാനം പോക്കറ്റിൽ പരതിയശേഷം ആകെയുള്ള ചില്ലറ കൈയ്യിലെടുത്ത് ഞാൻ പറഞ്ഞു.
"മുപ്പതുരൂപ മാത്രമെ ചില്ലറയുള്ളൂ".
സന്തോഷത്തോടെ മുഖത്തുള്ള ചിരി മായാതെ അയാൾ പറഞ്ഞു.
"അത് ധാരാളമാ പോതും"
ഓട്ടോ വീണ്ടും സ്റ്റാർട്ട് ചെയ്തുപോകുമ്പോൾ മധുരമായ ശബ്ദത്തിൽ അവൻ പറഞ്ഞു. "ഹാപ്പി ന്യൂ ഇയർ". ഒരു നിമിഷം ഞാനവനെതന്നെ തെല്ലൊരത്ഭുതത്തോടെ നോക്കി നിന്നു.
റെയിൽവെസ്റ്റേഷനിലെ വെയ്റ്റിംഗ് ഹാളിൽ ഇരിക്കുമ്പോൾ നാട്ടിലേക്കുള്ള തീവണ്ടിയോ, പ്ലാറ്റ്‌ഫോമിലെ ബഹളങ്ങളോ ഒന്നുമായിരുന്നില്ല എന്റെ മനസ്സിൽ. മധുരമായ തമിഴിൽ നമ്മെ കീഴടക്കുന്ന ആ മനുഷ്യനായിരുന്നു, അയാൾ മാത്രമായിരുന്നു. അയാളുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു പ്രകാശമുണ്ടായിരുന്നു. പെട്ടെന്ന് എന്തോ മറന്നതുപോലെ എനിക്ക് തോന്നി. തോന്നലല്ല ശരിക്കും മറന്നു. ഓട്ടോയിൽനിന്ന് ഇറങ്ങുന്നതിനിടയിൽ എന്റെ മൊബൈൽഫോൺ ഇരുന്ന സീറ്റിൽ നിന്നും എടുക്കാൻ മറന്നുപോയി. മൊബൈൽഫോൺ ഉപയോഗിക്കാൻ തുടങ്ങിയതിനുശേഷം ആദ്യമായാണ് ഇങ്ങനെയൊരു മറവി. ഒരു ഫോൺ നഷ്ടപ്പെടുക എന്നതിലുപരി 1500-ലധികം ഫോൺ നമ്പറുകളാണ് ഒറ്റയടിക്ക് മാഞ്ഞുപോകുന്നത്. അതിൽ പല നമ്പരുകളും വീണ്ടും തേടിപിടിച്ചെടുക്കുക എളുപ്പവുമല്ല. പരിചയങ്ങളിൽ ചില മുഖങ്ങളെങ്കിലും എന്നന്നേക്കുമായി അപ്രത്യക്ഷമായേക്കാം.
പക്ഷെ, എന്റെ മനസ്സ് എന്തുകൊണ്ടോ അപ്പോൾ ശൂന്യമായിരുന്നു. പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ട ഞാൻ തീർത്തും ഭാരമില്ലാത്ത ഒരു മനുഷ്യനായി മാറി. 2014 പലതുകൊണ്ടും വേദനകളുടെയും ദു:ഖത്തിന്റെയും വർഷമായിരുന്നു. പുതിയ വർഷം പിറക്കാൻ ഒന്നോ രണ്ടോ മണിക്കൂർ മാത്രം. 2014-ന്റെ അന്ത്യനിമിഷങ്ങളിലെ നഷ്ടമായി ഇതിനെയും ഞാൻ കണക്കാക്കി. ഒരർത്ഥത്തിൽ പുറംലോകവുമായുള്ള ബന്ധം അറ്റുപോയ ആ നിമിഷങ്ങളെ ഞാൻ ആസ്വദിക്കുകയായിരുന്നു. വെറുതെ പ്ലാറ്റ്‌ഫോമിലേക്ക് നോക്കിയിരുന്നു. നഷ്ടപ്പെട്ട ഫോൺ തിരിച്ചുകിട്ടുന്നതിനെ കുറിച്ച് എന്തുകൊണ്ടോ ഞാൻ ചിന്തിച്ചതേയില്ല.
കുറച്ചു സമയം കഴിഞ്ഞപ്പോൾ റെയിൽവെ സംരക്ഷണസേനയുടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ അവിടെയെത്തി. ആ മനുഷ്യന്റെ മുഖം അസാധാരണമാംവിധം ശാന്തമായിരുന്നു. അയാളെ കണ്ടപ്പോൾ വെറുതെ ഒരു തോന്നൽ., ഒരു വെറും ശ്രമം. കാര്യം പറഞ്ഞശേഷം അയാളുടെ ഫോൺ വാങ്ങി ഞാൻ എന്റെ നമ്പരിലേക്ക് ഡയൽ ചെയ്തു. ഫോൺ ബെല്ലടിക്കുന്നുണ്ട്. ഞാൻ കാതോർത്തിരുന്നു. രണ്ട് തവണ റിങ് ചെയ്തുകഴിഞ്ഞപ്പോഴേക്കും ഫോൺ അറ്റന്റ് ചെയ്യപ്പെട്ടു. ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് മനോഹരമായ തമിഴ് നാദം ഒഴുകിയെത്തി.
"സർ നീങ്കെ അങ്കെ താൻ നില്ലുങ്കൊ. ഒറു പത്തുനിമിഷം, നാൻ അങ്കെ വറും". മറുപടി കേൾക്കാൻ കാത്തുനിൽക്കാതെ അയാൾ ഫോൺ കട്ടു ചെയ്തു. വിളിച്ചത് ഞാനാണെന്ന് അയാളെങ്ങനെയാണ് മനസിലാക്കിയത്? എനിക്കറിയില്ല. അയാൾ വരുമോ? അതും അറിയില്ല. ഫോൺ തിരിച്ചുകൊടുക്കുമ്പോൾ പോലീസുകാരൻ പറഞ്ഞു. "അയാൾ വരും. നിങ്ങൾ വിഷമിക്കേണ്ട. ഉറപ്പായും വരും". സ്വന്തം ഫോൺ നഷ്ടപ്പെട്ടതുപോലെയുള്ള വിഷമം പോലീസുകാരന്റെ മുഖത്ത് നിഴലിക്കുന്നത് എനിക്കു കാണാമായിരുന്നു. ഞാൻ വെറുതെ മന്ദഹസിച്ചു.
പത്തുമിനിട്ട് തികഞ്ഞിട്ടുണ്ടാവില്ല. ഒരു കൈയ്യിൽ എന്റെ മൊബൈൽ ഫോൺ ഉയർത്തിപിടിച്ചുകൊണ്ട് ആ ഓട്ടോ ഡ്രൈവർ തിരക്കിട്ട് ഓടിവരുന്നു. ഓട്ടോ പുറത്ത് നിർത്തിയിരിക്കുകയാണ്. അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടപ്പോഴുള്ള ആഹ്ലാദവും സംതൃപ്തിയും ആ മുഖത്ത് പ്രകടമായിരുന്നു. അയാൾ കിതയ്ക്കുന്നതിനിടയിൽ പറഞ്ഞു "സർ, ഇതൊര് കസ്റ്റമർക്കുതാൻ കെടച്ചത്". ഓട്ടോയിൽ കയറിയ ഒരു യാത്രക്കാരന് ലഭിച്ചതാണ് ഫോണെന്നും അയാളാണ് തന്നെ ഏൽപ്പിച്ചതെന്നുമാണ് അയാൾ പറയുന്നത്. ആ അജ്ഞാതനായ യാത്രക്കാരനാണ് എനിക്ക് ഫോൺ തിരിച്ചുകിട്ടാൻ കാരണമെന്നും അല്ലാതെ താനല്ലെന്നും അയാൾ വീണ്ടും വീണ്ടും പറയുന്നുണ്ടായിരുന്നു. ഞാൻ ഫോൺ തിരികെ വാങ്ങിയശേഷം പോക്കറ്റിൽനിന്നും ഒരു നോട്ടെടുത്ത് അയാൾക്കുനേരെ നീട്ടി. എന്തോ അരുതാത്തത് കണ്ടതുപോലെ അയാൾ പെട്ടെന്ന് പിന്നിലേക്ക് മാറി.
"അയ്യയ്യോ എന്നാ സാർ ഇത്. നാൻ ഒന്നും പണ്ണലെ, അന്ത കസ്റ്റമർ താൻ..."
ഞാൻ ബലം പ്രയോഗിച്ച് അയാളുടെ പോക്കറ്റിൽ ആ നോട്ട് തിരുകി വെച്ചു. നിങ്ങളിതു തരാനായി ഇത്രദൂരം ഓട്ടോ ഓടിച്ച് വന്നതല്ലേ. ഇരിക്കട്ടെയെന്നു പറഞ്ഞു. അയാൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ടോ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ മറ്റൊന്നും പറയാൻ നിൽക്കാതെ നടന്നു നീങ്ങി. ഇതെല്ലാം കണ്ട് സംതൃപ്തിയോടെ ആ പോലീസ് ഓഫീസർ അവിടെതന്നെയുണ്ടായിരുന്നു. മറ്റുള്ളവരുടെ പണം എണ്ണിത്തിട്ടപ്പെടുത്താൻ സ്വന്തം വീട്ടിൽ നോട്ടെണ്ണൽ യന്ത്രം തന്നെ സ്ഥാപിച്ച മന്ത്രിയുടെ നാട്ടിലാണ് ഇങ്ങനെയും ആളുകൾ എന്നോർക്കണം.
പുതുവർഷം പിറക്കുന്നതിന് ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് അങ്ങനെ മൊബൈൽഫോൺ തിരികെ എന്റെ കൈയ്യിൽതന്നെ വന്നുചേർന്നു. വണ്ടി വരാൻ ഇനിയും ഏറെ സമയമുണ്ട്. പല അസ്വസ്ഥതകൾക്കിടയിലും ഞാനോർക്കുകയായിരുന്നു ആഹ്ലാദത്തിന്റെയും സത്യസന്ധതയുടെയും പ്രതീകമായ ആ മനുഷ്യനെ, തീർത്തും അപരിചിതനായ ഏതോ ഒരു യാത്രക്കാരനെ, അസാധാരണമായ പ്രതീക്ഷയുടെ നിറകുടമായ ആ പോലീസുകാരനെ..... അതെ. ഇവരൊക്കെയും നമുക്കിടയിലുണ്ട്. അവർ നമ്മെ ചിലതൊക്കെ പഠിപ്പിക്കുന്നുമുണ്ട്.
23-Jan-2015
എം എസ് അനുപമ
വി ടി സോയ
സുനില് മാടമ്പി
കബീര് വയനാട്
മണിലാല്