കോൺഗ്രസ് പാർട്ടി നേതൃത്വം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് വീഡിയോ പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് രാധിക ഖേര, വീഡിയോ വൈറലായി ദിവസങ്ങൾക്ക് ശേഷം പാർട്ടിയിൽ നിന്ന് രാജി വെച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അഭിസംബോധന ചെയ്ത രാജിക്കത്തിലും പാർട്ടിയിൽ താൻ നേരിട്ട അപമാനങ്ങൾ രാധിക ഖേര ചൂണ്ടികാട്ടി.

ഛത്തീസ്ഗഢിലെ പ്രധാന കോൺഗ്രസ് നേതാവായ രാധിക ഖേര കോൺഗ്രസിന്റെ രാമക്ഷേത്ര നിലപാടിനെയും നേരത്തെ വിമർശിച്ചിരുന്നു. 'ഓരോ ഹിന്ദുവിന്റെ മനസ്സിലും ഭഗവാൻ ശ്രീരാമന് ഒരു പ്രത്യേക സ്ഥാനം ഉണ്ട്, എന്നാൽ ചിലർ അതിനെ എതിർക്കുന്നു. ജീവിതത്തിൻ്റെ 22 വർഷത്തിലേറെ കാലം പാർട്ടിക്ക് വേണ്ടി നൽകിയ എനിക്ക് രാമ ദർശനം നടത്തിയതിന്റെ പേരിൽ കോൺഗ്രസ് വിടേണ്ടി വന്നു' രാധിക പറഞ്ഞു.

'ഏപ്രിൽ 25 ന് ഞാൻ അയോധ്യയിൽ ശ്രീരാമനോട് പ്രാർത്ഥിച്ചു. അഞ്ച് ദിവസം മുമ്പ്, ഈ വിഷയത്തിൽ ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് ഓഫീസിൽ എന്നെ വിചാരണ ചെയ്തു. എനിക്ക് നേരെ അസഭ്യം പറയുകയും എന്നെ മുറിയിൽ പൂട്ടുകയും ചെയ്തു. നീതിക്കായി മുതിർന്ന നേതൃത്വത്തോട് അഭ്യർത്ഥിച്ചപ്പോൾ രാമനോട് പ്രാർത്ഥിച്ചതുകൊണ്ട് എനിക്ക് നീതി നിഷേധിക്കപ്പെട്ടു.' രാധിക എഴുതിയ കുറിപ്പിൽ പറയുന്നു.