പാകിസ്താനിലെ ലാഹോറിൽ സ്ഫോടനമെന്ന് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെയാണ് നഗരത്തിൽ സ്ഫോടനമുണ്ടായതെന്ന് പാക് ടെലിവിഷൻ ചാനലായ ജിയോ ടിവിയും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാവിലെ നഗരത്തിൽ സ്ഫോടനശബ്ദം കേട്ടെന്നാണ് ദൃക്സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വോൾട്ടൻ എയർഫീൽഡിന് സമീപമാണ് സ്‌ഫോടനമുണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ആദ്യ സ്‌ഫോടനത്തിന് പിന്നാലെ സൈറൺ ശബ്ദം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് തുടർ സ്‌ഫോടനങ്ങൾ ഉണ്ടായത്. സ്‌ഫോടനത്തിൻറെ ആളപായോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾക്ക് നേരേ ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' ആക്രമണം നടന്നതിന് പിന്നാലെയാണ് ലാഹോറിൽ സ്ഫോടനമുണ്ടായെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ അപ്രതീക്ഷിത തിരിച്ചടിയുടെ ഞെട്ടലിലാണ് പാകിസ്താൻ.