യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മധ്യസ്ഥത വഹിച്ചതായി വിവരമില്ലെന്ന് കേന്ദ്ര സർക്കാർ. നിമിഷപ്രിയയുടെ കുടുംബത്തിന് എല്ലാ സഹായവും നല്‍കും. മരിച്ച തലാലിന്റെ കുടുംബവുമായി ദിയാധനത്തിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതായും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് , യെമനിലെ ക്രിമിനൽ കോടതി നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചത്. യെമനിലെ മതപണ്ഡിതരുമായി ചർച്ച നടത്തിയതായി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കാന്തപുരം മുസ്ലിയാറിന്റെ നിർദേശപ്രകാരം സൂഫി പണ്ഡിതൻ ശൈഖ് ഹബീബ് ഉമറാണ് ചർച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ഈ ചർച്ചയിലാണ് നിർണായക തീരുമാനമുണ്ടായതെന്നാണ് പുറത്തു വന്ന വിവരം. കേരളത്തിൽ നിന്നുള്ള സുന്നി നേതാവിന്റെ ഇടപെടൽ യെമൻ പത്രങ്ങളിലും വാർത്തയായിരുന്നു.
നിമിഷപ്രിയയുടെ കേസില്‍ കാന്തപുരം ഇടപെട്ടതായി അറിയില്ലെന്ന നിലപാടാണ് മുന്‍ വിദേശകാര്യ മന്ത്രി വി. മുരളീധരനും സ്വീകരിച്ചത്. കഴിഞ്ഞ അഞ്ച് വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. നിരവധി സങ്കീർണതകള്‍ ഉണ്ടെന്നും വധശിക്ഷ മാറ്റി വയ്ക്കുന്നതിൽ അടക്കം വിദേശകാര്യം മന്ത്രാലയം ഇടപെട്ടിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.2017ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചത്.