സിപിഎമ്മിനെതിരായ രാഹുൽ ഗാന്ധിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് ജോൺ ബ്രിട്ടാസ് എം പി. ആർഎസ്എസിനെ പ്രതിരോധിക്കാൻ എല്ലാ മതേതര പാർട്ടികളും അണിനിരക്കേണ്ട സമയത്താണ് പ്രസ്താവന. രാഹുൽ ഗാന്ധിയെ വഴിതെറ്റിക്കുന്നത് കേരളത്തിലെ നേതാക്കളാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരമാണെന്നും അദ്ദേഹം പറഞ്ഞു. 'രാഹുൽ ഗാന്ധിയെ പിടിച്ചുകൊണ്ടുവന്ന് വയനാട്ടിൽ മത്സരിപ്പിച്ചു. ആർഎസ്എസിനെ നേരിടാനുള്ള യുദ്ധ പോർക്കളമെന്ന് പറയുന്നത് കേരളമാണെന്നുള്ള ഒരു തെറ്റുദ്ധാരണ അദ്ദേഹത്തിൽ സൃഷ്ടിച്ചു. അതിന് ശേഷം അദ്ദേഹത്തിന്റെ സഹോദരിയെ കൊണ്ടുവന്ന് അവിടെ മത്സരിപ്പിച്ചു.
സിപിഎമ്മിനെയും ആർഎസ്എസിനെയും താരതമ്യം ചെയ്ത് ഒരു പ്രസ്താവന നടത്താൻ എങ്ങനെ കഴിയുന്നുവെന്നാണ് ഇന്ത്യയിലെ മതനിരപേക്ഷവാദികൾ ചിന്തിക്കേണ്ടത്. കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് രാഹുൽ ഗാന്ധിയെ ഒരു സിപിഎം വിരുദ്ധനാക്കി നിർത്തണമെന്നാണ് ആഗ്രഹം. രാഹുൽ ഗാന്ധി ഒരു ദേശീയ നേതാവാണെന്നും പ്രധാനപ്പെട്ട ദൗത്യം ഫാസിസ്റ്റ് ശക്തികളിൽ നിന്ന് ഇന്ത്യയെ മോചിപിക്കുന്നതിന് നേതൃത്വം നൽകുകയാണെന്നും അദ്ദേഹത്തെ ഓർമിപ്പിക്കാൻ കോൺഗ്രസുകാർ മടിക്കുകയാണ്. ആ കാര്യം മറന്നുകളയാനാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്.
മാത്രമല്ല, കേരളത്തിൽ ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുകയാണ്. രാജ്യത്തെ പ്രതിപക്ഷ നേതാവിനെ ഇതുപോലെയുള്ള ധാരുണമായ അവസ്ഥയിലേക്ക് കോൺഗ്രസ് നേതാക്കൾ തള്ളിയിടുകയാണ്. ഞാനും പൂണൂലിട്ട ബ്രാഹ്മണൻ എന്നു പറഞ്ഞു നടന്ന കാലം രാഹുൽഗാന്ധിക്ക് ഉണ്ടായിരുന്നു. തനിക്ക് വ്യക്തമായ ദാർശനിക തലം നൽകുന്നതിന് യെച്ചൂരി സഹായിച്ചിട്ടുണ്ട് എന്ന് രാഹുൽ ഗാന്ധി തന്നെ പറഞ്ഞതാണ്,'' ജോൺ ബ്രിട്ടാസ് പറഞ്ഞു.
അതേസമയം, ആർഎസ്എസിനെയും സിപിഎമ്മി നെയും ആശയപരമായി താൻ എതിർക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. അവർക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ലെന്നും രാഷ്ട്രീയത്തിൽ നിൽക്കുന്നവർക്ക് ജനങ്ങളെ അറിയാൻ കഴിയണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.