അടിയന്തരാവസ്ഥയെ വിമർശിച്ച നിലപാടിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ ശശി തരൂർ. താങ്കളും പാർട്ടിയും അടിയന്തരാവസ്ഥയെ സംബന്ധിച്ച് രണ്ട് വഴിക്കാണോ എന്ന ചോദ്യത്തിന് പരിഹാസ രൂപേണയാണ് തരൂർ മറുപടി നൽകിയത്. ഞാൻ ഇപ്പോൾ ഒറ്റ വഴിക്കാണ് പോകുന്നത്. ഒരു പ്രസംഗത്തിന് പോവുകയാണെന്നായിരുന്നു തരൂരിന്റെ മറുപടി. അടിയന്തരാവസ്ഥയെ കുറിച്ചും മനുസ്മൃതിയെ കുറിച്ചും അംബേദ്കറെ കുറിച്ചും ഞാൻ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. അത് വായിക്കൂ എന്നും തരൂർ പ്രതികരിച്ചു.
ഇന്ദിരാ ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ രൂക്ഷമായി വിമർശിച്ച് കൊണ്ട് നേരത്തെ തരൂർ രംഗത്തെത്തിയിരുന്നു. 21 മാസം എല്ലാ മൗലികാവകാശങ്ങളും റദ്ദാക്കപ്പെട്ടെന്നും ഇന്ത്യയുടെ അടിസ്ഥാന ഭരണഘടനാ തത്വങ്ങളെല്ലാം ഇല്ലാതാക്കപ്പെട്ടുവെന്നും തരൂർ കുറ്റപ്പെടുത്തിയിരുന്നു. അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്നും, നമ്മൾ ഇന്ന് കൂടുതൽ ശക്തമായ ജനാധിപത്യമുള്ള, അഭിവൃദ്ധിയുണ്ടായ രാജ്യമായി മാറിയെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നു. ‘പ്രൊജക്റ്റ് സിൻഡിക്കേറ്റ്’ എന്ന പ്രസിദ്ധീകരണത്തിലെഴുതിയ കുറിപ്പിലായിരുന്നു തരൂരിന്റെ ഈ വിമർശനം.
അതേസമയം അടിയന്തരാവസ്ഥയെക്കുറിച്ച് പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കൾ അടക്കം നിശബ്ദത പാലിച്ചിരുന്ന സമയത്തായിരുന്നു പാർട്ടിയെ വെട്ടിലാക്കാവുന്ന നിലപാടുമായി തരൂർ അന്ന് രംഗത്തെത്തിയത്. കുറിപ്പിൽ ഇന്ദിരാ ഗാന്ധിയുടെ പേരെടുത്തു പറഞ്ഞാണ് തരൂർ അടിയന്തരാവസ്ഥയെ വിമർശിച്ചത്. കർശനവും ക്രൂരവുമായ ഇത്തരം രീതി അത്യാവശ്യമാണെന്ന് ഇന്ദിര കരുതി. ചടുലവും ജനാധിപത്യപരവുമായിരുന്ന ഇന്ത്യയുടെ പൊതുസമൂഹം പൊടുന്നനെ നിശബ്ദമായി. നിയമസംവിധാനം സമ്മർദ്ദത്തിന് കീഴ്‌പ്പെടുകയും
മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, പ്രതിപക്ഷ നേതാക്കൾ എന്നിവർ തടവിലാക്കപ്പെടുകയും ചെയ്തിരുന്നുവെന്നും തരൂർ കുറിച്ചു.