കേരളത്തിലെ ആശുപത്രികളില്‍ സ്ഥാപിച്ച മുലപ്പാല്‍ ബാങ്കുകള്‍ വന്‍ വിജയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 3 മുലപ്പാല്‍ ബാങ്കുകളില്‍ നിന്നായി ഇതുവരെ 17,307 കുഞ്ഞുങ്ങള്‍ക്കാണ് മുലപ്പാല്‍ നല്‍കിയത്. 4673 അമ്മമാരാണ് ഇതുവരെ മുലപ്പാല്‍ ദാനം ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സര്‍ക്കാരിന്റെ കാലത്ത് മുലപ്പാല്‍ ബാങ്ക് സ്ഥാപിച്ചത്. തിരുവനന്തപുരം എസ് എ.ടി. ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും മുലപ്പാല്‍ ബാങ്കുകള്‍ സജ്ജമായി വരികയാണ്.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 11,441 കുഞ്ഞുങ്ങള്‍ക്കും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 4870 കുഞ്ഞുങ്ങള്‍ക്കും എറണാകുളം ജനറല്‍ ആശുപത്രിയില്‍ 996 കുഞ്ഞുങ്ങള്‍ക്കുമാണ് മുലപ്പാല്‍ നല്‍കിയത്. ഈ പദ്ധതി വിജയകരമായതിനെ തുടര്‍ന്ന് കൂടുതല്‍ ആശുപത്രികളില്‍ മുലപ്പാല്‍ ബാങ്ക് സജ്ജമാക്കാൻ ഒരുങ്ങുകയാണ്.
മില്‍ക്ക് ബാങ്ക് കൂടുതല്‍ ആശുപത്രികളില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ വളരെയധികം കുഞ്ഞുങ്ങള്‍ക്ക് പ്രയോജനകരമാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ആഗസ്റ്റ് 1 മുതല്‍ ആഗസ്റ്റ് 7 വരെ മുലയൂട്ടല്‍ വാരാചരണം നടക്കുകയാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുലപ്പാല്‍. ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതും ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കേണ്ടതും ഏറെ അത്യാവശ്യമാണ്.
എന്നാല്‍ അമ്മമാരുടെ പകര്‍ച്ചവ്യാധികള്‍, ജന്മനാ തൂക്കം കുറഞ്ഞ കുഞ്ഞുങ്ങള്‍, വെന്റിലേറ്ററിലുള്ള അമ്മമാര്‍ തുടങ്ങി വിവിധ കാരണങ്ങളാല്‍ അമ്മയ്ക്ക് കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കാറില്ല. അത്തരത്തിലുള്ള കുട്ടികള്‍ക്ക് കൂടി മുലപ്പാല്‍ ഉറപ്പാക്കാനാണ് മില്‍ക്ക് ബാങ്ക് സജ്ജമാക്കിയത്. സേവന സന്നദ്ധരായ മുലയൂട്ടുന്ന അമ്മമാരില്‍ നിന്നും മുലപ്പാല്‍ ശേഖരിച്ച് വിവിധ പ്രക്രിയകളിലൂടെയും സ്‌ക്രീനിങ്ങുകളിലൂടെയും സംഭരിച്ച് ആവശ്യമായ ശിശുക്കള്‍ക്ക് ആരോഗ്യകരവും ശുദ്ധവുമായ മുലപ്പാല്‍ വിതരണം ചെയ്യുന്നു. ആശുപത്രിയിലെത്തുന്ന കുഞ്ഞുങ്ങളുടെ അമ്മമാരുമാരും ജീവനക്കാരുമാണ് പ്രധാനമായും മുലപ്പാൽ നൽകുന്നത്.