തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പാര്‍ലമെന്റ് കോംപ്ലക്‌സില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഖിലേഷ് യാദവ്.
മൗര്യ, പാല്‍, ഭഗേല്‍, റാത്തോഡ് തുടങ്ങി നിരവധി പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകള്‍ ബിജെപിയുടെ നേട്ടത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യുകയാണ്. അവരുടെ വോട്ടുകള്‍ ഇല്ലാതാക്കപ്പെടുകയാണ്. വിഷയം സമാജ് വാദി പാര്‍ട്ടി നേരത്തെയും ഉന്നയിച്ചിട്ടുള്ളതായി അഖിലേഷ് കൂട്ടിച്ചേര്‍ത്തു.
വോട്ടുകള്‍ മറ്റെവിടെയോ പോയതായി വരുത്തിതീര്‍ത്തുകൊണ്ട് പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് ഇല്ലാതാക്കാന്‍ ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്ന് മനസിലാക്കാം. തങ്ങള്‍ നേരത്തെ ഇത് കണ്ടെത്തിയിരുന്നു. ആവശ്യപ്പെടുന്ന വിധത്തില്‍ വോട്ടര്‍ പട്ടിക നല്‍കിയാല്‍ ഇത്തരത്തിലുള്ള കൂടുതല്‍ വിഷയങ്ങള്‍ കാണിച്ചുകൊടുക്കാനാകുമെന്നും അഖിലേഷ് പറഞ്ഞു.