കേരളത്തില്‍ എത്തിയ കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗ അന്തരിച്ചു. ശ്രീധരീയം ആശുപത്രിയില്‍ മകളുടെ ചികിത്സക്കായി എത്തിയതായിരുന്നു. പ്രഭാത സവാരിക്കിടെ ഹൃദയാഘതം സംഭവിച്ചാണ് അന്ത്യം.

മൃതദേഹം കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആറ് ദിവസം മുമ്പാണ് ഒഡിംഗ കേരളത്തിലെത്തിയത്. മകള്‍ റോസ്‌മേരി ഒഡിംഗയും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇതിനു മുമ്പും മകളുടെ ചികിത്സയ്ക്കായി ഒഡിംഗ കേരളത്തില്‍ എത്തിയിരുന്നു.

മകള്‍ റോസ്‌മേരി ഒഡിംഗയുടെ നേത്ര ചികിത്സയ്ക്കായിട്ടായിരുന്നു എത്തിയത്. കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ നേത്ര ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. 2008 മുതല്‍ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നു. നിലവില്‍ കെനിയയിലെ പ്രതിപക്ഷ നേതാവായിരുന്നു. കെനിയയില്‍ ജനാധിപത്യത്തിനും പരിഷ്‌കരണങ്ങള്‍ക്കും വേണ്ടി ശക്തമായി പോരാടിയ നേതാവായിരുന്നു ഒഡിംഗ.

മുന്‍ പ്രസിഡന്റ് ഡാനിയല്‍ അറപ് മോയിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ നിലപാടെടുത്തതിനെ തുടര്‍ന്ന് 1980-കളില്‍ നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്. വിചാരണ കൂടാതെ ഏകദേശം ആറു വര്‍ഷത്തോളം അദ്ദേഹം തടവില്‍ കഴിഞ്ഞിരുന്നു. തടവറ വാസത്തിനിടെയാണ് അദ്ദേഹത്തിന്റെ മാതാവ് മരിക്കുന്നത്.