കണ്ണൂരിലെ ഇരിട്ടി പഴശ്ശി-പടിയൂർ ഇക്കോ പ്ലാനറ്റിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 2,38,69,335 രൂപയുടെ ഭരണാനുമതി നൽകി. മരാമത്ത് പണികൾ, പുതിയ ചെടികളും മരങ്ങളും നടൽ, വാട്ടർ സപ്ലൈ സംവിധാനം, കുട്ടികളുടെ കളി ഉപകരണങ്ങൾ, വൈദ്യുതീകരണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾക്കായാണ് ഈ തുക വിനിയോഗിക്കുക.
കുട്ടികൾക്കും കുടുംബങ്ങൾക്കും ഉല്ലാസവേളകൾ ചെലവഴിക്കുന്നതിന് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങളാണ് ഇക്കോ പ്ലാനറ്റിൽ ഉണ്ടാകാൻ പോകുന്നതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം ആകർഷണമായി ഈ പാർക്കിനെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇക്കോ പ്ലാനറ്റിനെ കാത്തിരിക്കുന്നത് കാരവൻ പാർക്ക്, റോപ് വേ, സോളാർ ബോട്ട് എന്നിവയടക്കമുള്ള നിരവധി വൻ ടൂറിസം പദ്ധതികളാണ്. ഇക്കോ പ്ലാനറ്റിലെ 5.66 കോടി രൂപയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ വിശദമായ പദ്ധതിരേഖ സംസ്ഥാന ടൂറിസം വകുപ്പിന് മുന്നിൽ സമർപ്പിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തുക അനുവദിച്ചിരിക്കുന്നത്.
