ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കിയ സോഹ്റാൻ മംദാനിയെ അഭിനന്ദിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ രംഗത്തെത്തി. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ആശംസകൾ അറിയിച്ചത്.

“ഞങ്ങളുടെ തിരുവനന്തപുരം സന്ദർശിക്കാനും കേരളത്തിൻ്റെ സ്വന്തം ജനകീയാസൂത്രണ മാതൃക നേരിട്ട് കാണാനും ഞങ്ങൾ താങ്കളെ ഹൃദയപൂർവം ക്ഷണിക്കുന്നു,” ആര്യ കുറിച്ചു. നീതി, സമത്വം, സാഹോദര്യം എന്നിങ്ങനെ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ആദർശങ്ങളുടെ പ്രസക്തിയുടെയും, അവ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് പ്രതീക്ഷയും പ്രചോദനവുമാകുന്നതിൻ്റെയും ശക്തമായ തെളിവാണ് മംദാനിയുടെ ഈ വിജയമെന്നും അവർ കൂട്ടിച്ചേർത്തു.